കെട്ടിവച്ച കാശു കിട്ടാതെ കോണ്‍ഗ്രസ്

Monday 27 May 2019 4:24 am IST

പ്രയാഗ്‌രാജ്: കോണ്‍ഗ്രസിന്റെ പഴയ തറവാട്ടു വീടായ ആനന്ദഭവനില്‍ നിന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തിലാണ് പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ്. തെരഞ്ഞെടുപ്പു ഫലം വന്ന് നാലു ദിവസം പിന്നിടുമ്പോഴും ആളനക്കമില്ല ഇവിടെ. 

കോണ്‍ഗ്രസിന്റെ തറവാട്ടു മണ്ഡലമായ അലഹബാദിലും തൊട്ടടുത്ത ഫുല്‍പൂരിലും കെട്ടിവച്ച കാശുപോയതിന്റെ ആഘാതത്തിലാണ് പാര്‍ട്ടി.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രതിനിധീകരിച്ച മണ്ഡലമെന്ന ഖ്യാതിയുണ്ട് ഫുല്‍പൂരിന്. 1951ലെ തെരഞ്ഞെടുപ്പില്‍ നെഹ്‌റു വിജയിച്ചു. പിന്നീട് 1964ല്‍ ഉപതെരഞ്ഞെടുപ്പിലും 1967ലും വിജയിച്ചത് നെഹ്‌റുവിന്റെ സഹോദരി, വിജയലക്ഷ്മി പണ്ഡിറ്റ്. അന്നു മുതല്‍ എത്രയോ കാലം കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു ഫുല്‍പൂര്‍.

ഇത്തവണ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പോലും കോണ്‍ഗ്രസ് മുതിര്‍ന്നില്ല, അപ്‌നാദള്ളിലെ കൃഷ്ണ പട്ടേല്‍ വിഭാഗത്തിനാണ് സീറ്റ് നല്‍കിയത്. കൃഷ്ണ പട്ടേലിന്റെ മരുമകന്‍ പങ്കജ് നിരഞ്ജന്‍ പട്ടേലാണ് മത്സരിച്ചത്. ബിജെപിയിലെ കേസരി ദേവി ഒരു ലക്ഷത്തി എഴുപതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് എസ്പി-ബിഎസ്പി സഖ്യത്തിലെ പന്‍ധാരി യാദവിനെ തോല്‍പ്പിച്ചപ്പോള്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്നു പങ്കജ് നിരഞ്ജന്‍ പട്ടേല്‍. കിട്ടിയത് 32,452 വോട്ടുകള്‍.

  കോണ്‍ഗ്രസിലെ അതികായന്മാരെല്ലാം ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ വിജയിക്കാന്‍ തിരഞ്ഞെടുത്ത മണ്ഡലമായ അലഹബാദിലെ പോരാട്ടത്തിന്് ഇത്തവണ പ്രത്യേകതയുണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന യോഗേഷ് ശുക്ലയെയാണ് ഇവിടെ മത്സരിപ്പിച്ചത്. 1984ല്‍ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്ത് നടന്‍ അമിതാഭ് ബച്ചന്‍ കോണ്‍ഗ്രസിനായി ഇവിടെ മത്സരിക്കുമ്പോള്‍ തോല്‍പ്പിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തന്‍ എച്ച്.എന്‍. ബഹുഗുണയെ. ഇന്ദിരാ വധത്തിന്റെ സഹതാപത്തില്‍ കടപുഴകി വീഴുകയായിരുന്നു ബഹുഗുണ.

എന്നാല്‍, ഇത്തവണ ബഹുഗുണയുടെ മകള്‍ റീത്ത ബഹുഗുണ ജോഷി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളുന്നത് കാലം കാത്തുവച്ച യാദൃച്ഛികത.  റീത്ത ഒരു ലക്ഷത്തി എണ്‍പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് എസ്പി-ബിഎസ്പി സഖ്യത്തിലെ ആര്‍.എസ്. പട്ടേലിനെ തോല്‍പ്പിച്ചപ്പോള്‍ യോഗേഷ് ശുക്ലയ്ക്കു കിട്ടിയത് 31,852 വോട്ടുകള്‍ മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.