രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Monday 27 May 2019 1:58 am IST

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ രവി (30), ഭാസ്‌ക്കരന്‍ (52) ഉത്തമപുരം സ്വദേശി ഗുരുസ്വാമി (38) എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി അസി. കമ്മീഷണര്‍ വി. ഹംസയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്.  

ഫോര്‍ട്ട് കൊച്ചിയില്‍ കഞ്ചാവ് വലിച്ചിരുന്ന രണ്ട് പേര്‍ പിടിയിലായതോടെയാണ് അന്വേഷണത്തിന്റെ തുടക്കം. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ട് പേരെ ആദ്യം കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നാണ് കൊച്ചിയിലേക്ക് കഞ്ചാവെത്തിക്കുന്നവരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ  കമ്പം, തേനി പ്രദേശങ്ങളില്‍ നിരീക്ഷണം തുടങ്ങിയ പോലീസിന് ഇവിടെ നിന്നാണ് അറസ്റ്റിലായവരുടെ വിവരങ്ങള്‍ ലഭിച്ചത്. 

ഇവര്‍ കഞ്ചാവ് വില്‍ക്കാന്‍ കൊച്ചിയിലെത്തിയപ്പോള്‍ ഇവരെ പിടിക്കുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ സിനിമാ സെറ്റുകളിലും വിനോദ സഞ്ചാര മേഖലകളിലും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘം സജീവമാണെന്ന് നേരത്തെ, പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ്. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട്‌കൊച്ചി സിഐ ബി. പങ്കജാക്ഷന്‍ പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചി  എസ്‌ഐ ജിന്‍സണ്‍ ഡൊമിനിക്കും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.