നിയമം നോക്കുകുത്തി; നിയമനങ്ങള്‍ തകൃതി

Sunday 2 December 2012 10:58 am IST

ഓരോ മുന്നണിയും അധികാരത്തിലെത്തുമ്പോള്‍ തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. ലക്ഷങ്ങളാണ്‌ ഓരോ തസ്തികക്കും വില കല്‍പ്പിച്ചിരിക്കുന്നത്‌. തൊഴിലിനും വേതനത്തിനുംവേണ്ടി സമരം ചെയ്യുന്നുവെന്നവകാശപ്പെടുന്ന യുവജനസംഘടനകള്‍ എല്ലാം തന്നെ ഈ വലിയ അനീതി കണ്ടില്ലെന്നു നടിക്കുകയാണ്‌. ജന്മഭൂമി ലേഖകന്‍ എം.ബാലകൃഷ്ണന്‍ തയ്യാറാക്കിയ 'നിയമം നോക്കുകുത്തി, നിയമനങ്ങള്‍ തകൃതി' എന്ന പരമ്പര ഇന്നുമുതല്‍.
കേരളം ഇന്നു ഭരിക്കുന്നത്‌ യുഡിഎഫ്‌, നാളെയത്‌ എല്‍ഡിഎഫ്‌ ആവാം. ഭരണസിരാകേന്ദ്രത്തില്‍ മുന്നണികള്‍ മാറുമെങ്കിലും കേരളത്തില്‍ മാറാത്ത ഒന്നുണ്ട്‌. ഭരണം ലഭിക്കുമ്പോള്‍ സ്വന്തക്കാരെയും പാര്‍ശ്വവര്‍ത്തികളെയും ഉദ്യോഗസ്ഥ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റുക എന്ന നടപടിയാണത്‌. സര്‍വ്വ മാനദണ്ഡങ്ങളും ലംഘിച്ച്‌ കരാര്‍ തൊഴിലിന്റെയും താല്‍ക്കാലികനിയമനത്തിന്റെയും ദിവസക്കുലി നിയമനത്തിന്റെയും മറവില്‍ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും മറ്റ്‌ സ്വയംഭരണ സ്ഥാപനങ്ങളും വഴി വേണ്ടപ്പെട്ടവരെ നിയമിക്കുന്നു. മറ്റു ചിലരെ പിരിച്ചുവിടുന്നു. മുമ്പ്‌ നിശ്ചയിച്ചവരെ സ്ഥിരപ്പെടുത്തുന്നു. സഹകരണ ബാങ്കുകളിലെ നിയമനം പോലും പിഎസ്സി വഴിയാക്കുമ്പോഴാണ്‌ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരം പാര്‍ശ്വവര്‍ത്തി നിയമനം നടക്കുന്നത്‌.
ഒരു സര്‍വ്വീസ്‌ സംഘടനയും രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം സ്വജനപക്ഷപാതത്തെയും ഗുരുതരമായ അഴിമതിക്ക്‌ വഴിവെക്കുന്ന നിയമനങ്ങളെയും എതിര്‍ക്കുന്നില്ല. തൊഴിലില്ലായ്മക്കെതിരെ ഘോരഘോരം സമരം നടത്തുന്ന യുവജന സംഘടനകളും ഈ പ്രധാന പ്രശ്നത്തില്‍ നിന്ന്‌ മുഖം തിരിഞ്ഞു നടക്കുന്നു. നിയമനനിരോധനം നിലവിലുണ്ടെന്ന്‌ പറയുന്നുണ്ടെങ്കിലും ഇത്തരം നിയമനങ്ങള്‍ക്ക്‌ യാതൊരു നിരോധനവും ബാധകമാവുന്നില്ല.
പത്രപ്പരസ്യമോ വാര്‍ത്തയോ നല്‍കാതെ വേണ്ടപ്പെട്ടവരെ സ്വകാര്യമായി അറിയിച്ച്‌ നടപടിക്രമങ്ങള്‍ ഒന്നുമില്ലാതെയാണ്‌ അധികനിയമനവും നടക്കുന്നത്‌. അത്തരം പ്രത്യേക നടപടിക്രമങ്ങളൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ലെന്നാണ്‌ ചില സ്ഥാപന മേധാവികളുടെ നിലപാട്‌. കരാര്‍ തൊഴിലാളി നിയമത്തിന്റെ പരസ്യമായ ലംഘനം കൂടിയാണ്‌ ഇതു വഴി നടക്കുന്നത്‌. സ്ഥിരസ്വഭാവമുള്ള ഒരു സ്ഥാനത്തേക്കും കരാര്‍ നിയമനം പാടില്ലെന്നാണ്‌ നിയമം അനുശാസിക്കുന്നതെങ്കിലും പതിറ്റാണ്ടുകളായി കരാര്‍ നിയമനത്തിന്റെ ബലത്തില്‍ ജോലി തുടര്‍ന്നുവരുന്നവരുണ്ട്‌.
വ്യവസായ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ്‌ ഡവലപ്മെന്റ്‌ കോര്‍പ്പറേഷനില്‍ 261 സ്ഥിരം ജീവനക്കാരുണ്ടെങ്കില്‍ 251 പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്‌. 89, 179 ദിവസങ്ങളിലേക്കാണ്‌ താല്‍ക്കാലി നിയമനമെന്ന്‌ പറയുന്നുണ്ടെങ്കിലും കരാര്‍ കാലാവധി കഴിയുമ്പോള്‍ സ്വാഭാവികമായും സ്വന്തക്കാരെ വീണ്ടും നിയമിക്കുന്നു. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം 2001 ഡിസംബര്‍ 15ന്‌ മുസ്ലീംലീഗ്‌ നോമിനിയായി സി.ടി. അഹമ്മദലി ഇതിന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടു. അതിന്‌ ശേഷം താല്‍ക്കാലിക നിയമനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അടിസ്ഥാന ശമ്പളം 11070 രൂപ വരെ വരുന്ന തസ്തിക മാത്രമാണ്‌ പിഎസ്സി വഴി നിയമനം നടക്കുന്നത്‌. എന്നാല്‍ ഇതില്‍ത്തന്നെ 31 ഒഴിവുകള്‍ മാത്രമാണ്‌ പിഎസ്സി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്‌. ദിവസക്കൂലിയിനത്തില്‍ 3505 രൂപയുടെ നിരക്കില്‍ മാസത്തില്‍ 85000 രൂപയെങ്കിലും സിഡ്കോ ചെലവാക്കണം. അതേസമയം 216 കരാര്‍ തൊഴിലാളികള്‍ക്ക്‌ 2219500 രൂപ ശമ്പളം നല്‍കണം. 5000 രൂപ മുതല്‍ 25000 രൂപ വരെ ശമ്പളം പറ്റുന്നവരെ നിയമിക്കുന്നത്‌ മാനേജിംഗ്‌ ഡയറക്ടറാണ്‌.
പതിനേഴ്‌ തസ്തികകള്‍ മാത്രമാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌. ബാക്കി തസ്തികകളില്‍ പുനര്‍ നിയമനങ്ങള്‍ എല്ലാം നടന്നത്‌ 2011 മെയ്‌ 18ന്‌ ശേഷമാണ്‌. 32 ദിവസക്കൂലിക്കാരും ഇതു കൂടാതെ സിഡ്കോയില്‍ ജോലി ചെയ്യുന്നുണ്ട്‌.
ഐടി ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷനില്‍ 231 ജീവനക്കാരാണുള്ളത്‌. അക്ഷയ പ്രോജക്ടില്‍ 179 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 136 പേര്‍ കരാര്‍ അടിസ്ഥാനത്തിലും 32 പേര്‍ ദിവസക്കൂലി അടിസ്ഥാനത്തിലും 11 പേര്‍ ഡെപ്യൂട്ടേഷനിലും ജോലി ചെയ്യുന്നു. 1999 മുതല്‍ 2012 വരെ വിവിധ കാലങ്ങളിലായി നിയമനം കിട്ടിയവരാണ്‌ നിയമന കാലാവധി ദീര്‍ഘിപ്പിച്ച്‌ ഇപ്പോഴും സ്ഥിരമായി ജോലിയില്‍ തുടരുന്നത്‌. ഇവിടെയും പിഎസ്സി നിയമനം ബാധകമാക്കിയിട്ടില്ല.
കേരള സ്റ്റേറ്റ്‌ ബീവറേജസ്‌ കോര്‍പ്പറേഷനില്‍ അബ്കാരി ജീവനക്കാരെ കൂടാതെ 1580 ജീവനക്കാരാണുള്ളത്‌. ജീവനക്കാരുടെ അഭാവം നേരിടുമ്പോള്‍ വെല്‍ഫെയര്‍, പ്യൂണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നുവെന്നാണ്‌ കോര്‍പ്പറേഷന്റെ വിശദീകരണം. 180 ദിവസത്തേക്കാണ്‌ നിയമനമെങ്കിലും ഇത്‌ കാലാകാലങ്ങളില്‍ നീട്ടിക്കൊടുക്കാന്‍ കോര്‍പ്പറേഷന്‌ കീഴില്‍ 'സ്ഥിരം' സംവിധാനമുണ്ടെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. ഹെല്‍പ്പര്‍മാര്‍ എന്ന തസ്തികയില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്‌ തൊട്ടുമുമ്പ്‌ കാസര്‍കോട്‌ ജില്ലയില്‍ 10 പേരും കണ്ണൂര്‍ ജില്ലയില്‍ 15 പേരും വയനാട്‌ ജില്ലയില്‍ 8 പേരും തിരുവനന്തപുരത്ത്‌ 15 പേരും പാലക്കാട്‌ തിരുവനന്തപുരം ജില്ലകളില്‍ ഒരാള്‍ വീതവും ജോലി നേടി. പിഎസ്സി വഴിയാണ്‌ ഇവിടെ സ്ഥിരനിയമനം നടക്കുന്നതെങ്കിലും 1413 ഒഴിവുകള്‍ നിലവില്‍ പിഎസ്സിയ്ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്ത്‌ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്‌.
നാളെ: ശമ്പളം സര്‍ക്കാരിന്റെ നിയമനം വേണ്ടപ്പെട്ടവര്‍ക്ക്‌
>> എം.ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.