ജയകൃഷ്ണന്‍മാസ്റ്റര്‍ക്ക്‌ പതിനായിരങ്ങളുടെ സ്മരണാഞ്ജലി

Saturday 1 December 2012 10:53 pm IST

കൊച്ചി: പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ യുവമോര്‍ച്ചാ നേതാവ്‌ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനമായ ഇന്നലെ ധീരപോരാളിയുടെ ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ ആയിരങ്ങള്‍ സ്മരണാഞ്ജലിയര്‍പ്പിച്ചു.
യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. ഗാന്ധിപാര്‍ക്കില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ ആര്‍.എസ്‌. സമ്പത്ത്‌ അധ്യക്ഷത വഹിച്ചു.
പൂജപ്പുരയില്‍ സ്ഥാപിച്ച ജയകൃഷ്ണന്‍ മാസ്റ്ററുടെ പ്രതിമ അനാച്ഛാദനം ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്‌ നിര്‍വ്വഹിച്ചു. കോട്ടയത്ത്‌ പ്രകടനവും പൊതുസമ്മേളനവും നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്‌.ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന പ്രചരണവിഭാഗം കണ്‍വീനര്‍ അഡ്വ.എന്‍.കെ. നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ പഞ്ചായത്തുതലങ്ങളില്‍ രാവിലെ അനുസ്മരണ ചടങ്ങും പുഷ്പാര്‍ച്ചനയും നടന്നു.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലും എല്ലാ പഞ്ചായത്തുകളിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം നടന്നു. ജയകൃഷ്ണന്‍ മാസ്റ്ററുടെ ചിത്രത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
ആലപ്പുഴ നഗര ചത്വരത്തില്‍ നടന്ന പൊതുസമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എം.ടി.രമേശ്‌ ഉദ്ഘാടനം ചെയ്തു. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണത്തിന്‌ ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ എം.ടി.രമേശ്‌ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നീ പരിപാടികളോടെ ആചരിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറയില്‍ ജില്ലാ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, ശ്യാമള എസ്‌. പ്രഭു, ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്‌. ഷൈജു എന്നിവര്‍ സംസാരിച്ചു.
തൃശൂരില്‍ യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാറാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ അണിനിരന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ എ.പ്രമോദ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡണ്ട്‌ അഡ്വ. കെ.കെ.അനീഷ്കുമാര്‍, ബിജെപി നേതാക്കളായ കെ.വി.ശ്രീധരന്‍മാസ്റ്റര്‍, രമ രഘുനന്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
യുവമോര്‍ച്ച കോഴിക്കോട്‌ ജില്ലാകമ്മറ്റി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച റാലി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ്‌ കെ.ടി.വിബിന്‍ അധ്യക്ഷത വഹിച്ചു.
യുവമോര്‍ച്ച പാലക്കാട്‌ ജില്ലാകമ്മറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
മലപ്പുറത്ത്‌ യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണം മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വയനാട്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാന ദിനാചരണം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍ ഉദ്ഘാടനം ചെയ്തു.
കണ്ണൂരില്‍ തലശ്ശേരിയെ കാവിക്കടലാക്കി ബഹുജനറാലിയും പൊതുസമ്മേളനവും നടന്നു.തലശ്ശേരി മഞ്ഞോടിയില്‍ നിന്നാരംഭിച്ച റാലിക്ക്‌ ബിജെപി, യുവമോര്‍ച്ചാ നേതാക്കള്‍ നേതൃത്വം നല്‍കി. തലശ്ശേരി പുതിയ ബസ്സ്റ്റാന്റ്‌ പരിസരത്തെ എം.കെ.ലക്ഷ്മണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി.എസ്‌.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ. വി.വി.രാജേഷ്‌, എ.പി.പത്മിനി ടീച്ചര്‍, പി.രാഘവന്‍, പി.കെ.വേലായുധന്‍, കെ.രഞ്ചിത്ത്‌, കെ.പി.ജോര്‍ജ്‌, പി.പി.കരുണാകരന്‍ മാസ്റ്റര്‍, ഒ.കെ.വാസു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട്‌ ജില്ലയില്‍ ഉദുമയില്‍ ആയിരങ്ങള്‍ അണിനിരന്ന റാലിക്ക്‌ ശേഷം നടന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട്‌ വിജയകുമാര്‍ റൈ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന സമിതിഅംഗം എം.സഞ്ജീവഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.