പതിനഞ്ചാം നിയമസഭ സമ്മേളനത്തിന് തുടക്കമായി; മാണിയെ അനുസ്മരിച്ച് ഇന്നത്തേയ്ക്ക് പിരിഞ്ഞു

Monday 27 May 2019 12:57 pm IST
കെഎം മാണിയുടെ മരണത്തിലൂടെ പകരം വെയ്ക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. തെരഞ്ഞെടുപ്പില്‍ 13 തവണ വിജയിച്ച മാണിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യത കുറവാണെന്നും സ്പീക്കര്‍ പറഞ്ഞു.

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. കെ.എം മാണിയെ അനുസ്മരിച്ച് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

കെഎം മാണിയുടെ മരണത്തിലൂടെ പകരം വെയ്ക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. തെരഞ്ഞെടുപ്പില്‍ 13 തവണ വിജയിച്ച മാണിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യത കുറവാണെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, സമാനതകളില്ലാത്ത നേതാവായിരുന്നു കെഎം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സഭയില്‍ ഒരോ നിമിഷവും പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണിയെ എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാണി സഭയില്‍ ഹാജരാകുന്ന കൃത്യതയും മാതൃകയാക്കേണ്ടതാണ്.

കേരള രാഷ്ട്രീയത്തിലെ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു കെഎം മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാണിയോടുള്ള ആദരസൂചകമായി കാരുണ്യ പദ്ധതി സര്‍ക്കാര്‍ പുനര്‍ജീവിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, നേരത്തെ മാണിക്ക് അനുവദിച്ച മുന്‍നിര സീറ്റിലാണ് ഇന്ന് ജോസഫിന് ഇരിപ്പിടം ലഭിച്ചത്. കെ.എം. മാണിയുടെ മുന്‍നിരയിലെ സീറ്റ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയ്ക്ക് പി.ജെ. ജോസഫിന് നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയുടെ ബാക്കിപത്രമാകും മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സര്‍ക്കാരിന് വരും ദിവസങ്ങളില്‍ നേരിടേണ്ടി വരിക. ബജറ്റ് പാസാക്കാനാണ് ജൂലൈ അഞ്ചു വരെ 22 ദിവസങ്ങളിലായി സഭ ചേരുന്നത്. 

എന്‍ഡിഎയുടെ സംഖ്യ സഭയില്‍ രണ്ടായി വര്‍ദ്ധിച്ചു. പി.സി. ജോര്‍ജ് കൂടി എന്‍ഡിഎയിലെത്തിയതോടെ സഭയില്‍ സംസാരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. 

കഴിഞ്ഞ സഭാ സമ്മേളനത്തെ ശബരിമല വിഷയമാണ് പിടിച്ചുകുലുക്കിയതെങ്കില്‍ ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പാകും.  ഇക്കുറി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രയോഗിക്കാന്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ നിരവധി ആയുധങ്ങളുണ്ട്. പ്രളയം വന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയിട്ടില്ല. ഇതിന് പുറമെ പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാലാബോണ്ട്, പെരിയ കൊലപാതകം എന്നിവയും പ്രതിഫലിക്കും. ശബരിമല വിഷയത്തില്‍ ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നത പ്രകടമായിരിക്കുന്ന സാഹചര്യത്തില്‍ സഭാസമ്മേളനത്തോടെ ഇത് കൂടുതല്‍ നീറും.

മാര്‍ച്ച് 31ന് മുമ്പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് സമയത്തു വേണമെങ്കിലും വരുമെന്ന കണക്കുകൂട്ടലില്‍ അത് മാറ്റി. അന്ന് നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിഞ്ഞത്. 22 ദിവസം സഭ സമ്മേളിക്കുന്നതില്‍ പതിനഞ്ച് ദിവസത്തോളം ബജറ്റിന് വേണ്ടിയാണ് മാറ്റിവച്ചിട്ടുള്ളത്. നാലു ദിവസങ്ങള്‍ സ്വകാര്യ ബില്ലിനായുമുണ്ട്. 29ന് സഭ സമ്മേളിച്ചശേഷം പിന്നീട് ജൂണ്‍ ഒന്‍പതിനേ ചേരു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.