തകര്‍ന്നടിഞ്ഞ് വംശാധിപത്യം

Tuesday 28 May 2019 4:10 am IST
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതെന്തുപറ്റി? പാരമ്പര്യമായി വിനയാന്വിതരായി ജനങ്ങളെ സേവിക്കാമെന്ന്‌വച്ചാല്‍ പുതിയ തലമുറ സമ്മതിക്കുന്നില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മകനെ ജോധ്പൂരില്‍ ജനസേവനത്തിനു പറഞ്ഞുവിട്ടെങ്കിലും, ജനം തോല്‍പിച്ചു തിരിച്ചയച്ചു. ഒരു മാസമായി 'വര്‍ഗ്ഗീയ ഫാസിസ്റ്റു'കള്‍ക്ക് ബദലുണ്ടാക്കാന്‍ അവിശ്രമം പറന്നുനടന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തിരികെ എത്തിയപ്പോഴേക്കും മുഖ്യമന്ത്രിസ്ഥാനം കൂടി ജനം തിരിച്ചെടുത്തു. അനന്തരാവകാശിയായി രംഗത്തിറക്കിയ മകനെ തോല്‍പിച്ചു കയ്യില്‍ കൊടുക്കുകയും ചെയ്തു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഭാവി ഭാരതത്തിന്റെ വിജയഗാഥയുടെ ചൂണ്ടുപലകയാവുകയാണ്. നിരവധി കീഴ്‌വഴക്കങ്ങളാണ് തകര്‍ന്നടിഞ്ഞത്. പരമ്പരാഗതവാദികളായ പലരുടെയും പ്രതീക്ഷകളാണ് ചാമ്പലായത്. രാഷ്ട്രീയത്തില്‍ പിന്‍തുടര്‍ച്ചാവകാശം വേണ്ടെന്നു ജനം തീരുമാനിച്ചിരിക്കുന്നു.  

നെഹ്‌റു കുടുംബമാണ് ശക്തമായ തിരിച്ചടി ഏറ്റുവാങ്ങിയത്. ഹിന്ദി ഹൃദയ ഭൂമിയില്‍നിന്ന് കോണ്‍ഗ്രസ്സ് തുടച്ചുമാറ്റപ്പെട്ടു. നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവര്‍ക്കുശേഷം കുടുംബാധിപത്യംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ കീഴ്‌പ്പെടുത്താമെന്ന് വ്യാമോഹിച്ചവര്‍ വിഡ്ഢികളായി. രാജീവ് ഗാന്ധിയുടെ കാലം കഴിഞ്ഞതോടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ് നിഷ്പ്രഭമായി തുടങ്ങിയിരുന്നു. 2014-ലെ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സ് റായ്ബറേലിയിലും അമേഠിയിലും മാത്രമായി ഒതുങ്ങി. ഇതു മനസ്സിലാക്കിയാണ് അഖിലേഷ്-മായാവതി അച്ചുതണ്ട് കോണ്‍ഗ്രസ്സിനെ ഒഴിവാക്കി മഹാസഖ്യം രൂപീകരിച്ചത്. കൂട്ടത്തില്‍ പശ്ചിമ യുപിയില്‍ ശക്തിയെന്ന് കരുതിയിരുന്ന അജിത് സിങ്ങിനേയും കൂട്ടി.

അമ്മ രക്ഷാധികാരിയും, മകന്‍ അധ്യക്ഷനും സഹോദരി പൊതുകാര്യദര്‍ശിയുമായി അവതരിച്ച പുത്തന്‍ കോണ്‍ഗ്രസ്സ് ഏറെ പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പില്‍ വച്ചുപുലര്‍ത്തിയത്. ഉത്തര്‍പ്രദേശിനെ രണ്ടായി പകുത്ത് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല സഹോദരിയായ പ്രിയങ്ക വാദ്രയ്ക്കും പടിഞ്ഞാറന്‍ യുപിയുടെ ചുമതല സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരിലൊരാളായ ഗ്വാളിയോര്‍ രാജകുമാരന്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കി. സിന്ധ്യ മല്‍സരിച്ചു തോറ്റു. പ്രിയങ്ക മല്‍സരിക്കാത്തതുകൊണ്ടു തോറ്റില്ല. 

കിഴക്കന്‍ യുപി കേന്ദ്രീകരിച്ച് പ്രചണ്ഡ പ്രചാരണമാണ് പ്രിയങ്ക നടത്തിയത്. ക്ഷേത്രങ്ങളില്‍ ചരിത്രത്തില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയും മുസ്ലിം മതവിശ്വാസികളെ പ്രസാദിപ്പിച്ചും മുന്നോട്ടുപോയി. ഗംഗയിലൂടെ യാത്രനടത്തി തീരദേശവാസികളെ അദ്ഭുതപ്പെടുത്താനും ആകര്‍ഷിക്കാനും മറന്നില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ അദ്ഭുതങ്ങള്‍ ഉണ്ടായി. അതുപക്ഷേ കോണ്‍ഗ്രസ്സിന് എതിരായിട്ടായിരുന്നു, നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളിലൊന്നായ അമേഠിയില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അരലക്ഷം വോട്ടിന് തോറ്റു.  രക്ഷാധികാരിയായ അമ്മ റായ്ബറേലിയില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഒരു ചലനവും കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിക്ക് സൃഷ്ടിക്കാന്‍ സാധിച്ചില്ല. 

മണ്ഡല്‍ റിപ്പോര്‍ട്ട് കൈമുതലാക്കി രാഷ്ട്രീയത്തില്‍ പിടിച്ചുകയറിയ സമാജ്‌വാദി പാര്‍ട്ടിയുടേയും ദളിത് രാഷ്ട്രീയം കൈമുതലാക്കിയ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടേയും രണ്ടാം തലമുറക്കാര്‍ ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി ബിജെപിയെ വെല്ലുവിളിച്ചു. അഖിലേഷും മായാവതിയും പരമ്പരാഗത വൈരം മറന്ന് റാലികള്‍ നടത്തി. മുലായത്തിന്റെ കുടുംബത്തില്‍ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കി. എന്നാല്‍ മുലായത്തിനും മകന്‍ അഖിലേഷിനും മാത്രമേ രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂ. മുലായത്തിന്റെ സഹോദരപുത്രന്‍  ധര്‍മോത്ര, അഖിലേഷിന്റെ ഭാര്യ സിമ്പിള്‍ എന്നിവരടക്കം മറ്റുള്ളവരെല്ലാം പരാജയത്തിന്റെ കയ്പു നീര്‍ കുടിച്ചു. അജിത് സിങ്ങിനേയും മകന്‍  ജയന്ത് സിങ്ങിനേയും ജനം തിരഞ്ഞുപിടിച്ച് പരാജയപ്പെടുത്തി.

ബീഹാറില്‍ ജയില്‍വാസം അനുഭവിക്കുന്ന ലാലു യാദവിന്റെ ഭാര്യയും മക്കളും ചേര്‍ന്ന പാര്‍ട്ടിയും, നെഹ്‌റു പാരമ്പര്യവാദി പാര്‍ട്ടിയും ചേര്‍ന്ന് സഖ്യം പടുത്തുയര്‍ത്തി. എന്‍ഡിഎ സഖ്യത്തില്‍നിന്ന് ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടിയെ അടര്‍ത്തിയെടുത്ത് കൂടെ കൂട്ടി. ലാലു യാദവിന്റെ മകള്‍ മിസ ഉള്‍പ്പെടെ മൂന്ന് പേര്‍ റാന്തലുമായി രംഗത്തിറങ്ങി. പാര്‍ട്ടിക്ക് കിട്ടിയ രണ്ട് സീറ്റിലും കുശ്‌വാഹ തന്നെ മത്സരിച്ചു. പക്ഷേ ലാലു-രാഹുല്‍ സഖ്യത്തിനെ ഒരു സീറ്റില്‍ ജനം ഒതുക്കി. ലാലുവിന്റെ കുടുംബാംഗങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു.

കര്‍ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ മകനെ മുഖ്യമന്ത്രിയാക്കിയെങ്കിലും തൃപ്തിയായില്ല. കണ്ണടയ്ക്കും മുന്‍പ് പേരക്കിടങ്ങളേയും ഒരു കരയ്‌ക്കെത്തിക്കാന്‍ ശ്രമം നടത്തി നോക്കി. മണ്ഡലത്തില്‍ സ്വയം വിധി തേടുക മാത്രമല്ല; രണ്ട് മക്കളുടെ മക്കളെ കൂടി രംഗത്തിറക്കി. പരമ്പരാഗത സീറ്റായ ഹാസ്സനില്‍നിന്ന് ഒരാളെ കഷ്ടിച്ച് രക്ഷപ്പെടുത്തിയെടുത്തെങ്കിലും സ്വയം പരാജയപ്പെടാനും മറ്റൊരു പേരക്കിടാവിന്റെ പരാജയം കാണാനുമായിരുന്നു ജനവിധി. ഒരു സംസ്ഥാനം രൂപീകരിച്ചെടുത്ത ഖ്യാതി സ്വന്തമാക്കിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, മകനെ മന്ത്രിയാക്കിയതു കൂടാതെ മകള്‍ കവിതയെക്കൂടി ദേശസേവനത്തിനിറക്കാന്‍ ശ്രമിച്ചു നോക്കി. ജനം സമ്മതിക്കണ്ടേ? സെക്കന്തരാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ അടിയറവായി. ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിങ് സ്വയം മത്സരിക്കുകയും മകന് സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. രണ്ടു പേരും ഒരുമിച്ചു തോറ്റു. 

 ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതെന്തുപറ്റി? പാരമ്പര്യമായി വിനയാന്വിതരായി ജനങ്ങളെ സേവിക്കാമെന്ന്‌വച്ചാല്‍ പുതിയ തലമുറ സമ്മതിക്കുന്നില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മകനെ ജോധ്പൂരില്‍ ജനസേവനത്തിനു പറഞ്ഞുവിട്ടെങ്കിലും, ജനം തോല്‍പിച്ചു തിരിച്ചയച്ചു. ഒരു മാസമായി 'വര്‍ഗ്ഗീയ ഫാസിസ്റ്റു'കള്‍ക്ക് ബദലുണ്ടാക്കാന്‍ അവിശ്രമം പറന്നുനടന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തിരികെ എത്തിയപ്പോഴേക്കും മുഖ്യമന്ത്രിസ്ഥാനം കൂടി ജനം തിരിച്ചെടുത്തു. അനന്തരാവകാശിയായി രംഗത്തിറക്കിയ മകനെ തോല്‍പിച്ചു കയ്യില്‍ കൊടുക്കുകയും ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.