ബംഗാളില്‍ പൊട്ടിത്തെറി; തൃണമൂല്‍, സിപിഎം എംഎല്‍എമാര്‍ ബിജെപിയില്‍

Wednesday 29 May 2019 3:58 am IST
അന്‍പതിലേറെ തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ എത്തിയതായി വിജയ് വാര്‍ഗിയ പറഞ്ഞു. ശുഭ്രാംശു റോയിയെ കഴിഞ്ഞ ദിവസം മമത ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്വന്തം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നത് ആകെ തകര്‍ന്ന സിപിഎമ്മിനും വലിയ ആഘാതമായി. മറ്റേതു പാര്‍ട്ടിക്കാര്‍ പോയാലും സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേരില്ലെന്നാണ് പാര്‍ട്ടി വാദിച്ചിരുന്നത്.

ബംഗാളിലെ തൃണമൂല്‍ എംഎല്‍എ ശുഭ്രാംശു റോയ് ന്യൂദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപിയില്‍ ചേര്‍ന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയയുടെ അനുഗ്രഹം വാങ്ങുന്നു. ശുംഭ്രാശുവിന്റെ അച്ഛനും ബിജെപി നേതാവുമായ മുകുള്‍ റോയ് സമീപം

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്കു പിന്നാലെ ഗുജറാത്തിലും ബംഗാളിലും പ്രതിപക്ഷ പാര്‍ട്ടികളില്‍ അടി മുറുകി. ബംഗാളിലെ രണ്ട്  തൃണമൂല്‍ എംഎല്‍എമാരും അന്‍പതോളം കൗണ്‍സിലര്‍മാരും ഒരു സിപിഎം എംഎല്‍എയും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.  ഗുജറാത്തിലെ പതിനഞ്ചിലേറെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നെന്ന്  റിപ്പോര്‍ട്ട്.

ബംഗാളിലെ സംഭവവികാസങ്ങള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിക്കും സിപിഎമ്മിനും  കനത്ത തിരിച്ചടിയായി. മുന്‍ തൃണമൂല്‍ നേതാവും മമതയുടെ വലംകൈയുമായിരുന്ന ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാംശു റോയി, തുഷാര്‍ കാന്തി ഭട്ടാചാര്യ എന്നീ തൃണമൂല്‍ എംഎല്‍എമാരും സിപിഎം എംഎല്‍എ ദേവേന്ദ്ര നാഥ് റോയിയുമാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു സിപിഎം എംഎല്‍എ ഖഗന്‍ മുര്‍മു ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്നു തവണ നിയമസഭയില്‍ സിപിഎമ്മിനെ പ്രതിനിധാനം ചെയ്തയാളാണ് മുര്‍മു. ഇക്കുറി മാള്‍ദ നോര്‍ത്തില്‍ നിന്നു മത്സരിച്ച് രണ്ടു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഖഗന്‍ ലോക്‌സഭയിലെത്തി.  ഇവിടത്തെ സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും അന്‍പതിനായിരം വോട്ടാണ്.

അന്‍പതിലേറെ തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ എത്തിയതായി വിജയ് വാര്‍ഗിയ പറഞ്ഞു. ശുഭ്രാംശു റോയിയെ കഴിഞ്ഞ ദിവസം മമത ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്വന്തം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നത് ആകെ തകര്‍ന്ന സിപിഎമ്മിനും  വലിയ ആഘാതമായി.  മറ്റേതു പാര്‍ട്ടിക്കാര്‍ പോയാലും സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേരില്ലെന്നാണ്  പാര്‍ട്ടി വാദിച്ചിരുന്നത്.

ഇന്നലെ രാവിലെ കാഞ്ച്രപ്പാറ മുനിസിപ്പാലിറ്റിയിലെ പതിനാറ് തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ നഗരസഭകളിലെ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് പിന്മാറി. ഇത് ഔദ്യോഗികമാകുന്നതോടെ മൂന്നു മുനിസിപ്പാലിറ്റികള്‍ തൃണമൂലിന് നഷ്ടമാകും. കൂടുതല്‍ തൃണമൂല്‍, സിപിഎം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് വാര്‍ഗിയ പറഞ്ഞു. 

നാല്‍പ്പതോളം തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇക്കുറി ബംഗാളിലെ 18 ലോക്‌സഭാ മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുത്തു.

ഗുജറാത്തില്‍ 15  മുതല്‍ 20 വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന്  മുന്‍ കോണ്‍ഗ്രസ് നേതാവും ഠാക്കൂര്‍ സേനാ നേതാവുമായ അല്‍പ്പേഷ് ഠാക്കൂര്‍ വെളിപ്പെടുത്തി. രാധന്‍പൂരില്‍ നിന്നുള്ള എംഎല്‍എയായ അല്‍പ്പേഷ് കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് വിട്ടത്.  കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാവരും അസ്വസ്ഥരാണ്. രാഹുലിനോട് ബഹുമാനമുണ്ട്. പക്ഷെ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം പോരാ, അല്‍പ്പേഷ് പറയുന്നു.  ഇവര്‍ ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് അല്‍പ്പേഷ് ഉത്തരം നല്‍കിയില്ല.  ഗുജറാത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന് 77 സീറ്റുകളാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.