സംസ്ഥാനം എച്ച്1എന്‍1 ഭീതിയില്‍; 505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Wednesday 29 May 2019 3:55 am IST

കൊച്ചി: മഴക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്നു. 17 പേരാണ് ഇതുവരെ മരിച്ചത്. ആരോഗ്യ വകുപ്പിന്റെ ഇന്നലെ വരെയുള്ള  കണക്കനുസരിച്ച് 505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഈ മാസം മാത്രം 138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ ഒരാളുള്‍പ്പെടെ സംസ്ഥാനത്ത് അഞ്ച് പേര്‍ മരിച്ചു. 

രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഫെബ്രുവരിയില്‍ കോട്ടയം ജില്ലയില്‍ എട്ട് വയസുകാരി രോഗം ബാധിച്ച് മരിച്ചിരുന്നു. ഈ മാസാമാദ്യം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയ ആറ് പേരില്‍ രോഗലക്ഷണം കണ്ടെത്തി. രണ്ട് മാസം മുന്‍പ് കാസര്‍കോട് പെരിയയിലും എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു.

2018ല്‍ സംസ്ഥാനത്താകെ 823 പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. ഇതില്‍ 50 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണെങ്കിലും കൂടുതല്‍ ആളുകള്‍ മരിച്ചത് തിരുവനന്തപുരത്തായിരുന്നു.

ഇന്‍ഫ്‌ളുവന്‍സ എ ഗ്രൂപ്പില്‍പ്പെട്ട വൈറസാണ് പനി പരത്തുന്നത്. പന്നികളില്‍ കൂടുതലായി കാണുന്ന അസുഖം പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് പകരാനുള്ള സാധ്യത കുടുതലാണ്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. സാധാരണ വൈറല്‍ പനി പോലെ തുടങ്ങുമെങ്കിലും ശ്വസിക്കുന്ന വായുവിലൂടെ അകത്ത്കിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.