ഗുരുഗ്രാമിലെ മര്‍ദനം; കള്ളം പൊളിഞ്ഞു

Wednesday 29 May 2019 5:39 pm IST

ന്യൂദല്‍ഹി: ഗുരുഗ്രാമിലെ സാദര്‍ ബസാറില്‍ പരമ്പരാഗത മുസ്ലിം തൊപ്പി വച്ച യുവാവിനെ നാലംഗ സംഘം തല്ലിച്ചതച്ചെന്നും ജയ് ശ്രീരാം എന്ന് വിളിപ്പിച്ചെന്നുമുള്ള വാര്‍ത്ത പച്ചക്കള്ളം. അവിടെ നടന്ന സംഭവത്തില്‍ വര്‍ഗീയ വിദ്വേഷമില്ലെന്നും ജയ് ശ്രീരാം വിളിപ്പിച്ചെന്നത് ശരിയല്ലെന്നും ഗുരുഗ്രാമം പോലീസ് കമ്മീഷണര്‍ മുഹമ്മദ് അഖില്‍ വ്യക്തമാക്കി. വീണ്ടും അധികാരത്തിലേറുന്ന മോദി സര്‍ക്കാരിനെ കരിവാരിതേക്കാന്‍ മിക്ക മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത് ഉപയോഗിച്ചിരുന്നു.

'മതവുമായി  യാതൊരു ബന്ധവുമില്ലാത്ത സംഭവമാണ്. അത് ഒരു സാധാരണ കുറ്റകൃത്യം മാത്രം. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ യുവാവിനെക്കൊണ്ട് വിളിപ്പിച്ചിട്ടില്ല,'' മുഹമ്മദ് അഖില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ വലിയ വിഷയമാക്കരുത്. ഇതിലെ സിസി ടിവി ദൃശ്യം ലഭിച്ചു. യുവാവ് പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വിളിക്കുന്നതും ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതും അക്രമി യുവാവിന്റെ തലയില്‍ കൈകൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തൊപ്പി വീണോയെന്ന് വ്യക്തമല്ല, കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് സാധാരണ ക്രമസമാധാന പ്രശ്‌നം മാത്രമായിരുന്നു. പരാതിക്കാരന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. സംഭവത്തെ ഊതിപ്പെരുപ്പിച്ചിരിക്കുന്നു. മുദ്രാവാക്യം വിളിപ്പിച്ചെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടില്ല. സിസി ടിവി ദൃശ്യങ്ങളിലും ഇയാളെക്കൊണ്ട് ആരെങ്കിലും മുദ്രാവാക്യം വിളിപ്പിക്കുന്നതില്ല. മദ്യപിച്ച് ലക്കുകെട്ട ഒരു ക്രിമിനലിന്റെ നടപടിയാണിതെന്നാണ് സൂചന. ഇതുവരെയുള്ള അന്വേഷണത്തിലും എതെങ്കിലും തീവ്ര ഹിന്ദു ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല, കമ്മീഷണര്‍ വ്യക്തമാക്കി.

തന്നെ അഞ്ചാറു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് 25 വയസുള്ള മുഹമ്മദ് ബാര്‍ക്കര്‍ ആലം പറഞ്ഞിരുന്നത്. ഇതിന്റേതെന്നു പറഞ്ഞ്  ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.