കോണ്‍ഗ്രസ്സിന്റെ ഗതികേട്

Thursday 30 May 2019 4:02 am IST

ലോകത്തുതന്നെ പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 134 വര്‍ഷം മുന്‍പ് രൂപംകൊണ്ട ഈ കക്ഷിയെ നയിച്ചവര്‍ പ്രഗത്ഭമതികളായിരുന്നു. ആറ് പതിറ്റാണ്ട്കാലം രാജ്യംഭരിച്ച ഒരു പാര്‍ട്ടിയുടെ ഒരു നേതാവിന് ഔദ്യോഗിക പ്രതിപക്ഷനേതാവ് പോലും ആകാന്‍ പറ്റുന്ന അവസ്ഥ ഇപ്പോഴില്ല. അഞ്ച് വര്‍ഷം രാജ്യത്ത് പ്രതിപക്ഷ നേതാവില്ല. പതിനേഴാം ലോകസഭയിലും അതുതന്നെ അവസ്ഥ. ഇപ്പോള്‍ 52 അംഗങ്ങളെ ജയിപ്പിക്കാനേ കോണ്‍ഗ്രസ്സിന് കഴിഞ്ഞുള്ളൂ.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഈ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലത്തില്‍ മത്സരിച്ച രാഹുല്‍ സ്വന്തം തട്ടകമായ അമേഠിയില്‍ ദയനീയമായി തോറ്റു. അവിടെ ഗതിപിടിക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കേരളത്തില്‍ക്കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള വയനാട്ടില്‍ മത്സരിച്ച രാഹുല്‍  വന്‍ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തു. പാര്‍ട്ടിയെ നിലംപരിശാക്കുന്നതിന് നേതൃത്വംനല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം മതിയായി എന്ന നിലപാടിലാണിപ്പോള്‍. 

ഒരാഴ്ചയായി കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് ഇതുവരെ അയവുവന്നിട്ടില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നോക്കാനാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.

അമ്മ സോണിയയുടെയും സഹോദരി പ്രിയങ്കയുടെയും സമ്മര്‍ദം ഉപയോഗിച്ച് രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്താമെന്നാണ് നേതാക്കന്മാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ രാഹുലിനുമേല്‍ അധികം സമ്മര്‍ദം ഉപയോഗിക്കില്ലെന്ന നിലപാടിലാണ് സോണിയ. രാഹുല്‍ നാലുമാസത്തേങ്കിലും തല്‍സ്ഥാനത്ത് തുടരണമെന്ന് പ്രിയങ്ക അഭ്യര്‍ത്ഥിക്കുന്നത്.

രാഹുല്‍ സ്ഥാനം ഒഴിയരുതെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും ആവശ്യമെങ്കില്‍ യുവനിരയെ വര്‍ക്കിങ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിച്ച് ഒരു ടീം രൂപീകരിക്കാമെന്നും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും ഇനി നേതൃനിരയിലേക്ക് എത്തരുതെന്ന ഉറച്ച തീരുമാനത്തിലാണ് രാഹുല്‍. മുതിര്‍ന്ന നേതാക്കളും യുവനിരയും ഒന്നടങ്കമാണ് രാഹുലിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ തീരുമാനത്തില്‍നിന്ന് അണുവിട മാറാന്‍ അയാള്‍ തയാറാകുന്നില്ല. പിന്‍ഗാമിയെ എത്രയും വേഗം നിശ്ചയിക്കൂവെന്ന നിലപാടാണു രാഹുല്‍ ആവര്‍ത്തിക്കുന്നത്. അതിനിടെ ''അയ്യോ രാഹുല്‍ പോകല്ലെ, അയ്യോ രാഹുല്‍ പോകല്ലെ,'' എന്ന് പറഞ്ഞ് മാറത്തടിച്ച് മുറവിളി കൂട്ടുകയാണ്. ചിലര്‍ സമ്മര്‍ദവുമായി ഘടകകക്ഷി നേതാക്കള്‍ രംഗത്തിറങ്ങിയത് ഗുണം ചെയ്യുമെന്ന് പലരും കണക്കുകൂട്ടുന്നു. രാഹുല്‍ ഇപ്പോള്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിരിക്കുന്നു.

കെപിസിസി പ്രമേയം പാസാക്കിയതിന് പുറമെ മുസ്ലീംലീഗും രാഹുലേ... പോകല്ലേ.... എന്നഭ്യര്‍ത്ഥിക്കുകയാണ്. ദേശീയതലത്തില്‍ മറ്റ് പലരും രാഹുല്‍ ഒളിച്ചോടരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടേ ഇരിക്കുന്നു. പതിനേഴാം ലോക്‌സഭയുടെ ഫലംവരുമ്പോള്‍ കോണ്‍ഗ്രസ് ഒന്നാം കക്ഷിയാകുമെന്നും തൂക്കുസഭയാകുമെന്നുമൊക്കെ സ്വപ്‌നം കണ്ടതാണ്. എല്ലാം തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ്സിനെയോ പ്രതിപക്ഷത്തെയോ ഒന്നായി നയിക്കാന്‍ കെല്‍പ്പില്ലെന്ന് സ്വയം തിരിച്ചറിഞ്ഞപോലെയാണ് രാഹുലിന്റെ പെരുമാറ്റം. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവര്‍ക്ക് കഴിവും കാമ്പും കാര്യഗൗരവവും വേണം. രാഹുലിന് ഇല്ലാത്തതുംഅതൊക്കെത്തന്നെയാണ്. കോണ്‍ഗ്രസ്സിനെ ദയനീയ തോല്‍വിയിലെത്തിക്കാന്‍ കഴിഞ്ഞ രാഹുല്‍ കോണ്‍ഗ്രസ്സിന്റെ ഗതികേട് തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.