വീണ്ടും മോദി വരുമ്പോള്‍

Thursday 30 May 2019 12:10 pm IST
ഓരോരുത്തരും മത്സരിച്ചത് മോദിയുടെ പ്രതിനിധിയായാണ്; ഓരോ പ്രവര്‍ത്തകനും വോട്ട് തേടിയത് മോദിക്ക് വേണ്ടിയാണ്. അതെ ആ മോദിയാണ് ഇന്നിപ്പോള്‍ വീണ്ടും രാജ്യഭാരമേല്‍ക്കുന്നത്. അദ്ദേഹത്തിന് പിന്തുണ നല്‍കുക, കരുത്ത് പകരുക എന്നതാണ് ഇപ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും ചുമതല. അത് രാഷ്ട്രഭക്തിയുടെ ഭാഗമാണ്.

ഓരോരുത്തരും മത്സരിച്ചത് മോദിയുടെ പ്രതിനിധിയായാണ്; ഓരോ പ്രവര്‍ത്തകനും വോട്ട് തേടിയത് മോദിക്ക് വേണ്ടിയാണ്. അതെ ആ മോദിയാണ് ഇന്നിപ്പോള്‍ വീണ്ടും രാജ്യഭാരമേല്‍ക്കുന്നത്. അദ്ദേഹത്തിന് പിന്തുണ നല്‍കുക, കരുത്ത് പകരുക എന്നതാണ് ഇപ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും ചുമതല. അത് രാഷ്ട്രഭക്തിയുടെ ഭാഗമാണ്. 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുകയാണ്. രാജ്യം മുഴുവന്‍ ആ മംഗളമുഹൂര്‍ത്തത്തിന് കാതോര്‍ത്തിരുന്നു. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമല്ല അടുത്ത ദശാബ്ദത്തിലേക്ക് തന്നെ രാജ്യത്തെ നയിക്കാനുള്ള പാസ്‌പോര്‍ട്ടുമായാണ് മോദി ഇന്ന് ചുമതലയേല്‍ക്കുക. അടുത്ത അഞ്ചു വര്‍ഷത്തിനകം, അതായത് 2024 ഓടെ ഇന്ത്യയെ അഞ്ചു ട്രില്യണ്‍ എക്കണോമി ആക്കി മാറ്റുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. അത് മാത്രമല്ല, അവിടെനിന്ന്, എട്ടു വര്‍ഷംകൊണ്ട് ഇന്ത്യ പത്ത് ട്രില്യണ്‍ എക്കണോമി ആവും എന്നും ബിജെപി ഉറപ്പ് നല്‍കുന്നുണ്ട്. ഇതുവരെ ഉള്ളതൊന്നുമല്ല മോദി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി. വളരെ കരുതലോടെ, ആലോചിച്ചുകൊണ്ട് മുന്നോട്ട് നീങ്ങേണ്ടുന്ന കാലഘട്ടമാണ് വരുന്നത്. 

രാജ്യം കണ്ട ഏറ്റവും വലിയ, സമഗ്രമായ, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് അരങ്ങൊരുക്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ ആയിരുന്നുവല്ലോ. ജിഎസ്റ്റി, നോട്ട് നിരോധനം തുടങ്ങിയവ മാത്രമല്ല വായ്പയെടുത്ത് നാടുവിടുന്നവരെ ജയിലില്‍ അടയ്ക്കാനുള്ള പദ്ധതിക്കും നിയമപരമായ  പിന്തുണ ഉറപ്പാക്കാന്‍ ആ സര്‍ക്കാരിനായി. അതൊക്കെ ഒരു സംശയവുമില്ല,  ഇന്ത്യന്‍ സമ്പദ് ഘടനയെ കരുത്തുറ്റതാക്കുകയും ചെയ്തു. ഇന്നിപ്പോള്‍ ബാങ്കുകളെ പറ്റിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. തെറ്റായ രീതിയില്‍ വായ്പകള്‍ നല്കാന്‍ ബാങ്കുകള്‍ക്കും ഭയമുണ്ട്. ഐസിഐസിഐ ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നവര്‍ പോലും കോടതിയും സിബിഐ ഓഫീസും കയറിയിറങ്ങുന്നത് കണ്ടുവല്ലോ. രാജ്യം വിടാന്‍ ഒരുങ്ങിയ ജെറ്റ് എയര്‍ വെയ്‌സ് മേധാവിക്ക് വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങേണ്ടി വന്നത് ഓര്‍ക്കുക. കാര്യങ്ങള്‍ നേരായ ദിശയിലാണ് നീങ്ങുന്നത് എന്നതിന് വേറെന്ത് തെളിവ് വേണം. വിദേശത്ത് പോകാനിരുന്ന പി. ചിദംബരത്തിന്റെ മകനോട് പത്ത് കോടി കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചുവെങ്കില്‍ അതും സര്‍ക്കാരുണ്ടാക്കിയ അന്തരീക്ഷം കൊണ്ടാണ്. 

വലിയ വിജയമാണ് നരേന്ദ്ര മോദി ഈ തെരഞ്ഞെടുപ്പില്‍ നേടിയത്;  ചരിത്ര വിജയം. ഒരു പക്ഷെ അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികള്‍ പോലും അത് പ്രതീക്ഷിച്ചില്ല, അല്ലെങ്കില്‍ വിശ്വസിച്ചില്ല. ജനകോടികള്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു എന്നതാണ് സത്യം. അത് അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികളുടെ വിജയമാണ്; രാഷ്ട്രീയ സത്യസന്ധതയുടെ നേട്ടമാണ്. വികസനം എന്നത് പോയിട്ട് പ്രാഥമിക കാര്യങ്ങള്‍ പോലും കിട്ടാതെ പോയ ജനതയുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഗാന്ധിജി തെളിച്ച പാതയിലൂടെ മുന്നോട്ട് നീങ്ങിയ മോദിയെയാണ് നാം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് കണ്ടത് എന്നതുമോര്‍ക്കുക. ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത് എന്ന് പറഞ്ഞ ഗാന്ധിജിയുടെ പാതയിലൂടെ നടന്നു നീങ്ങിയ മോദി. ആ ഉദ്യമം കൊണ്ട് എല്ലാമായി എന്നല്ല. പക്ഷെ അതിനൊപ്പം ലോകത്തിന് മുന്നിലേക്ക് രാജ്യത്തെ എത്തിക്കേണ്ടുന്ന ഭാരിച്ച ചുമതല കൂടി അടുത്ത അഞ്ചു വര്‍ഷക്കാലത്ത് ഈ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടതായുണ്ട്. 

മോദി നയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 'സബ്കാ സാഥ് സബ്കാ വികാസ്' എന്ന്. 'എല്ലാവര്‍ക്കുമൊപ്പം താനുണ്ടാവും, എല്ലാവരെയും താന്‍ കണക്കിലെടുക്കും' എന്നുള്ള സന്ദേശം. ഒരു കമ്മ്യുണിസ്റ്റുകാരന്റെ ഭാഷയില്‍, യഥാര്‍ഥ സോഷ്യലിസ്റ്റ് സങ്കല്പം. ഈ സങ്കല്പം വേദകാലഘട്ടം മുതല്‍ ഇന്ത്യയിലുള്ളതാണ്. രാമായണത്തിലും മഹാഭാരതത്തിലും നാം കണ്ടിട്ടുള്ളത് സമന്വയത്തിന്റെയും വികാസത്തിന്റെയും ഈ കാഴ്ചപ്പാടുകളാണ്. അതാണ് മോദിയുടെ   'സബ്കാ സാഥ് സബ്കാ വികാസ്' എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അതുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ആ ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ടാണ്. ഗ്രാമീണ മേഖലയില്‍ കക്കൂസുകള്‍ നല്‍കിയത്, വൈദ്യുതി എത്തിച്ചത്, റോഡുകള്‍ നിര്‍മിച്ചത്, ഒരു രൂപയ്ക്ക് അപകട ഇന്‍ഷുറന്‍സ് പ്രദാനം ചെയ്തത്, ആയുഷ്മാന്‍ ഭാരത് പദ്ധതി ഒരുക്കിയത്, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നല്‍കിയത്, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്, പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷനുകള്‍ നല്‍കിയത്..... ഇതാണ് ഈ സര്‍ക്കാരിനെ പ്രിയങ്കരമാക്കിയത്. അതൊക്കെത്തന്നെയാണ് ഈ സര്‍ക്കാരിന് രണ്ടാമൂഴം പ്രദാനം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതും. ആ പദ്ധതികള്‍ തുടരുക തന്നെ ചെയ്യും, എല്ലാം എല്ലാവരിലും എത്തുന്നത് വരെ. 

സമ്പദ് ഘടനയിലെ മാറ്റങ്ങള്‍ മാത്രമല്ലല്ലോ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചിട്ടുള്ള മറ്റ് അനവധി കാര്യങ്ങളുണ്ട്; അയോധ്യ, ഭരണഘടനയിലെ അനുച്ഛേദം 35 എ , 370, ഏകീകൃത സിവില്‍ നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, മുത്തലാഖ് നിരോധന നിയമം അങ്ങിനെ പലതും. ഇതൊക്കെ സംബന്ധിച്ച് ബിജെപിക്ക് വ്യക്തമായ നിലപാടുകളുണ്ട്. ചിലതിനെക്കുറിച്ച് ബിജെപിക്കൊപ്പമുള്ള കക്ഷികള്‍ക്ക് പോലും അഭിപ്രായ ഭിന്നതയുണ്ട്. ചിലതൊക്കെ കോടതിയിലാണ്. ഉദാഹരണം അയോധ്യ പ്രശ്‌നം. അതേസമയം ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച് സുപ്രീം കോടതി തന്നെയാണ്  'എന്താണ് സര്‍ക്കാര്‍ നടപടി എടുക്കാത്തത്' എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രശ്‌നം കോടതിയുടെ നിരീക്ഷണത്തിലാണ് നടപ്പിലാക്കുന്നത്. അതായത് അതിന് കോടതിയുടെ പച്ചക്കൊടി ഉണ്ട് എന്നര്‍ത്ഥം. 

പ്രതിപക്ഷം ദുര്‍ബലം പക്ഷെ, കുഴപ്പക്കാര്‍ 

ലോകസഭയില്‍ വലിയ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ അതില്ല എന്നത് നരേന്ദ്ര മോദിയെ അലട്ടുന്നുണ്ടാവണം. എന്നാല്‍ അതൊരു താല്‍ക്കാലിക പ്രശ്‌നമാണ്. അടുത്ത വര്‍ഷാവസാനത്തോടെ അതിനും പരിഹാരമാവുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഒന്ന് പറയാതെ വയ്യ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റവര്‍ രാജ്യസഭയിലെ സാങ്കേതിക ഭൂരിപക്ഷം ഉപയോഗിച്ച് ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍, അതിന്റെ വികസനോന്മുഖ പദ്ധതികള്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് ഒരു പുതിയ പ്രതിഭാസമാണ്. അതിന് കോണ്‍ഗ്രസ് തയാറായത് അവരുടെ രാഷ്ട്രീയ അല്പത്തം  കൊണ്ടുമാണ്.  ഇനിയും കോണ്‍ഗ്രസില്‍ നിന്ന് അതൊക്കെ പ്രതീക്ഷിക്കണം. പക്ഷെ, 2014 നെ അപേക്ഷിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും തകര്‍ന്നിരിക്കുന്നു, തളര്‍ന്നിരിക്കുന്നു എന്നത് കാണാതെ പോകാനുമാവില്ലല്ലോ. എന്നാലും ജനാധിപത്യത്തില്‍ ഏറെയൊന്നും വിശ്വാസമില്ലത്ത ഒരു പാര്‍ട്ടിയില്‍ നിന്ന് അതിലേറെയൊന്നും പ്രതീക്ഷിക്കാനില്ല. 

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, നാം ഓര്‍ക്കേണ്ടത്, ഇല്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിപക്ഷം നരേന്ദ്ര മോദിയെ നേരിട്ടത് എന്നതാണ്. കള്ളത്തരങ്ങള്‍ കെട്ടിപ്പൊക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. റഫാല്‍ വിമാന ഇടപാട് അതിലൊന്നാണ്. പലവട്ടം രാജ്യം ചര്‍ച്ചചെയ്തതാണ് അത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടില്‍  മറ്റൊന്നും നടക്കില്ലെന്ന യാഥാര്‍ഥ്യം പോലും മറന്നുകൊണ്ട് കുപ്രചാരണം നടത്തി. ഇക്കാര്യം ആലോചിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പലരും അഭിപ്രായപ്പെട്ടത്, റഫാല്‍ ചൂണ്ടിക്കാട്ടി മോദിയെ പ്രതിസന്ധിയിലാക്കാന്‍ കഴിയില്ലെന്നാണ്. എന്നാല്‍ ബൊഫോഴ്‌സ് തങ്ങളുടെ കുടുംബത്തെ എങ്ങിനെ തകര്‍ത്തോ അതുപോലെ മോദിക്ക് തിരിച്ചടി കൊടുക്കണം എന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ 'കള്ളന്‍..... ചോര്‍'  എന്ന് വിളിച്ചാക്ഷേപിക്കാന്‍ തീരുമാനിച്ചു. അതൊക്കെയല്ലേ പാടേ പൊലിഞ്ഞുപോയത്. 

അതുപോലെയാണ്  വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച കോലാഹലങ്ങള്‍. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ചന്ദ്രബാബു നായിഡു വല്ലാതെ അസ്വസ്ഥനായിരുന്നു. തോല്‍വി അദ്ദേഹം തിരിച്ചറിഞ്ഞു എന്ന് വ്യക്തം. പിന്നെ കണ്ടത് ഒരു തരത്തിലുള്ള നെട്ടോട്ടമാണ്. വോട്ടിങ് യന്ത്രം ചതിക്കുന്നു എന്നതായിരുന്നു പരാതി. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാവുമ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞുനടന്നിരുന്ന അതേ പരാതി ഇത്തവണ വോട്ടിങ് കഴിഞ്ഞയുടനെ ടിഡിപി  ഉന്നയിച്ചു എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. പ്രതിപക്ഷത്തെ പുതിയ തന്ത്രജ്ഞന്‍ എന്ന മട്ടില്‍ നടന്ന അദ്ദേഹം നാടുമുഴുവന്‍  ഇതിനായി പ്രാദേശിക ദേശീയ കക്ഷികളെ അണിനിരത്തി. വോട്ടിങ്് യന്ത്രത്തില്‍ ഏത് ചിഹ്നത്തില്‍ വോട്ട് ചെയ്താലും അത് ബിജെപിക്കാണ് പോകുന്നത് എന്ന കുപ്രചാരണവും നടത്തി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്,  കര്‍ണാടകം എന്നീ നിയമസഭാ തിരഞ്ഞെടുപ്പ് വേളകളിലും അവര്‍ ഇതൊക്കെ ഉന്നയിച്ചതാണ് എന്നതോര്‍ക്കുക. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍, കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍, അവര്‍ അതൊക്കെ വിസ്മരിച്ചു. അതായത് പരാജയപ്പെട്ടാല്‍ അത് വോട്ടിങ് യന്ത്രം കൊണ്ടാണ് എന്ന് പറയാനുള്ള അത്ഭുതകരമായ ചങ്കൂറ്റമാണ് അവര്‍ കാണിച്ചിരുന്നത്. അതിനുള്ള പുറപ്പാടായിരുന്നു ഇവിടെയും നടത്തിയത്. 

ഇവിടെ മറ്റൊന്ന് കൂടി സ്മരിക്കേണ്ടതുണ്ട്. കേരളം, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി, കര്‍ണാടകം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ദല്‍ഹി, പഞ്ചാബ്, ബംഗാള്‍, തമിഴ്‌നാട്... അവിടെയൊക്കെ ഇലക്ഷന്‍  ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരില്‍ ഏറെയും സാധാരണ പോലെ  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അവിടങ്ങളിലെ പോലീസുകാരുമൊക്കെ അല്ലേ; ഈ സംസ്ഥാനങ്ങള്‍ കണക്കിലെടുത്താല്‍ രാജ്യത്തെ ഏതാണ്ട് പകുതിയിലേറെ ലോക്‌സഭാ സീറ്റുകള്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷനെ വെറും നോക്കുകുത്തിയാക്കിയിട്ട് അവിടെയൊക്കെ   ചെന്ന്  നരേന്ദ്ര മോദിയും സംഘവും വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പം കാണിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക.  ഇതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തവണയും 'മുഖം രക്ഷിക്കല്‍ ഇവിഎം നാടക'ത്തിന് തിരക്കഥ ഒരുക്കിയത്. പക്ഷെ അതൊക്കെ ദയനീയമായി പരാജയപ്പെട്ടു. പറഞ്ഞുവന്നത്, നരേന്ദ്ര മോദിക്കെതിരെ ഉപയോഗിക്കാവുന്ന എല്ലാ കള്ളത്തരങ്ങളും പ്രതിപക്ഷം പ്രയോഗിച്ചു നോക്കി എന്നതാണ്.

ഇത് എല്ലാവരുടെയും സര്‍ക്കാര്‍ 

തിരഞ്ഞെടുപ്പ് കഴിഞ്ഞു കാശിയില്‍ എത്തിയ നരേന്ദ്ര മോദി നടത്തിയ പ്രസംഗമുണ്ട്. സുദീര്‍ഘമായ ഒരു പ്രസംഗം തന്നെയായിരുന്നു അത്.  'കാശിയിലെ ഓരോവോട്ടറും ഈ തെരഞ്ഞെടുപ്പിനെ വിജയപരാജയങ്ങളുടെ തലത്തിലല്ല കണ്ടത്. ഒരു പക്ഷേ, നമ്മുടെ  ജനാധിപത്യത്തിന് ഇതൊരു മാതൃകയാവും. കാശിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് ഒരു മോദിയാണെങ്കില്‍ ഇവിടെ പ്രവര്‍ത്തിച്ചതും മത്സരിച്ചതും ഓരോ വീട്ടിലേയും നരേന്ദ്ര മോദിമാരാണ്. നിങ്ങളെല്ലാവരും നരേന്ദ്ര മോദിമാരായി. 'എന്തായാലും വിജയം ഉറപ്പ്' എന്നമട്ടില്‍ ആരും വെറുതെ ഇരുന്നില്ല.

തെരഞ്ഞടുപ്പു പ്രചാരണത്തെ ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായാണ്  കാശിയിലെ പ്രവര്‍ത്തകര്‍ കണ്ടത്. ആരും എന്റെ അടുത്തു വന്നില്ലല്ലോ എന്ന പരിഭവം ആര്‍ക്കുമുണ്ടാകാത്ത തരത്തില്‍ കാശിയിലെ പ്രവര്‍ത്തകര്‍ എല്ലാവരേയും കണ്ടു. മോദിയെ ഞങ്ങള്‍ക്കിഷ്ടമാണ്, അദ്ദേഹത്തിനാണ് വോട്ടു ചെയ്യുന്നതും. എന്നാലും ഇത്രയും വലിയ ഘട്ടത്തില്‍ ഞങ്ങളെ ആരും ഓര്‍ത്തില്ലല്ലോ എന്ന ചിന്ത ആര്‍ക്കുമുണ്ടാകാത്ത തരത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു. ഓരോ വീട്ടിലും പോയി. എല്ലാവരേയും കണ്ടു. കനത്ത  ചൂടിലും ആവേശത്തോടെ പ്രവര്‍ത്തിച്ചു. വിജയം മാത്രമല്ല, ഇന്നിപ്പോള്‍  പാതയോരങ്ങളില്‍ ആശിര്‍വാദം നല്‍കാന്‍ കാത്തു നിന്ന ജനങ്ങള്‍ എന്റെ രാഷ്ട്രീയ ജീവിതത്തിലെ ആവേശകരമായ അനുഭവമാണ്'.  

സ്വന്തം മണ്ഡലമായ വാരാണസിയിലെ അനുഭവമാണ് മോദി അന്ന് പങ്കുവെച്ചത്; എന്നാല്‍ അത് ഇന്ത്യ മുഴുവന്‍ കാണാനായിരുന്നു. ഓരോരുത്തരും മത്സരിച്ചത് മോദിയുടെ പ്രതിനിധിയായാണ്; ഓരോ പ്രവര്‍ത്തകനും വോട്ട് തേടിയത് മോദിക്ക് വേണ്ടിയാണ്. അതെ ആ മോദിയാണ് ഇന്നിപ്പോള്‍ വീണ്ടും രാജ്യഭാരമേല്‍ക്കുന്നത്. അദ്ദേഹത്തിന് പിന്തുണ നല്‍കുക, കരുത്ത് പകരുക എന്നതാണ് ഇപ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും ചുമതല. അത് രാഷ്ട്രഭക്തിയുടെ ഭാഗമാണ്. നമ്മുടെ നിലനില്‍പ്പ് ഈ രാഷ്ട്രത്തിന്റെ കരുത്തിലാണ് എന്നതുമോര്‍ക്കേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.