പരിശുദ്ധ റമളാന്‍ മാസത്തില്‍ അധികാരമേല്‍ക്കുന്ന മോദി സര്‍ക്കാര്‍

Thursday 30 May 2019 12:57 pm IST

2014 ല്‍ ആധികാരത്തിലേറിയ മോദി ഭരണത്തിന്റെ തുടര്‍ച്ചയായി 2019 ല്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരമേല്‍ക്കാന്‍ പോകുന്നത് പരിശുദ്ധ റമളാന്‍ മാസത്തിലായത് വ്യക്തിമികവിന്റെയും ഭരണമികവിന്റെയും അംഗീകാരമായി ദൈവം നിശ്ചയിച്ചതാകാം. 2014ല്‍ എന്‍ഡിഎയെ നയിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃ യോഗം മോദിജിയെ തീരുമാനിക്കുമ്പോള്‍ 2002ലെ ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി ആക്ഷേപിക്കുകയും ന്യൂനപക്ഷ വിരുദ്ധനെന്ന് പ്രചരിപ്പിക്കുകയും ചെയ്ത പ്രതിപക്ഷകക്ഷികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു പാര്‍ട്ടിയെ ഒറ്റക്ക് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുന്നത്. തുടര്‍ന്ന്  5 വര്‍ഷം ഭരിച്ച മോദി ഭരണകൂടം അടിസ്ഥാന വികസനത്തിനും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നതിക്കും വേണ്ടി നടപ്പാക്കിയ ജനകീയ വികസന മാതൃകയാണ് 2019ല്‍ ഭാരതത്തിലെ ജനങ്ങള്‍ അംഗീകരിച്ചതും, ആദ്യത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തിച്ചതും.

പരിശുദ്ധ റമളാന്‍ മാസം നിരവധി പ്രത്യേകതകള്‍ ഉള്ള മാസമായിട്ടാണ് ലോകമുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. ലോക ജനതക്ക് മാര്‍ഗ്ഗരേഖയായി അവതരിക്കപ്പെട്ടിട്ടുള്ള പരിശുദ്ധ ഖുറാന്‍ ദൈവം തന്നെ ജിബിരീല്‍ എന്ന ദൂതന്‍ വഴി ഇറക്കി നല്‍കിയത് ഈ മാസത്തിലാണ്. മാത്രമല്ല തന്റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തിനായി പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യമാസമായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. തെറ്റിലൂടെ നടന്നു നീങ്ങുന്നവര്‍ക്ക് അതില്‍ നിന്ന് അകന്നു സന്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും അവരുടെ കണ്ണുകലങ്ങിയ പ്രാര്‍ത്ഥനയിലൂടെ പാപങ്ങള്‍ പൊറുത്തു നല്‍കാനും ഞാന്‍ തയാറാണെന്ന് പരിശുദ്ധ ഖുറാനിലൂടെ ദൈവം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. സഹജീവികളോടും അയല്‍ക്കാരോടും സൗഹൃദത്തോടെ കഴിയേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ റമളാന്‍ മാസവും.

ഈ പുണ്യമാസത്തില്‍ തന്നെ അധികാരം ഏല്‍ക്കാന്‍ കഴിഞ്ഞതു ദൈവനിശ്ചയമാകാം. കാരണം 5 വര്‍ഷത്തെ മോദി ഭരണത്തില്‍ ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ നടപ്പാക്കിയ കേന്ദ്ര പദ്ധതികള്‍ കടന്നുചെല്ലാത്ത ഒറ്റ ഗ്രാമം പോലും ഇന്ന് ഇന്ത്യയില്‍ ഇല്ല. എന്നാല്‍ രാജ്യത്ത് പണ്ടു മുതലേ ഒറ്റപ്പെട്ടു നടന്നിരുന്ന പല സംഭവങ്ങളെയും ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ശ്രമിച്ചുകൊണ്ടിരുന്നത്. ഇതില്‍ ഏറ്റവും ശക്തമായ കള്ളപ്രചാരണങ്ങള്‍ നടന്നത് കേരളത്തിലുമാണ്. ഇവിടെ 28 ശതമാനത്തോളം വരുന്ന മുസ്ലിം ന്യൂനപക്ഷങ്ങളും 19 ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ 47 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയിച്ചു എന്നുവേണം കേരളത്തിലെ ഈ തെരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാക്കാന്‍.

തെരഞ്ഞെടുപ്പിന് വളരെ മുമ്പേ തന്നെ, ന്യൂനപക്ഷ മത നേതാക്കന്മാര്‍ പറഞ്ഞിരുന്നത് മതേതര സ്വഭാവമുള്ള സര്‍ക്കാരിനായി ദൈവത്തോട് (അവരുടെ മനസ്സുകളില്‍ മോദിയെ ഒഴിവാക്കാന്‍ പരോക്ഷമായി അഹ്വാനം) പ്രാര്‍ത്ഥിക്കണമെന്ന നിലപാടായിരുന്നു. ഈ ആഹ്വാനം മനസ്സില്‍ പേറി, ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോഴും (അവരുടെ വോട്ടുകള്‍ മോദി വിരുദ്ധര്‍ക്ക് നല്‍കിയിട്ടുപോലും) നല്ല ഭരണാധികാരിയായ നരേന്ദ്ര ദാമോദര്‍ദാസ് മോദിയെ തന്നെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കാന്‍ ദൈവം നമ്മേ സഹായിച്ചു. എന്നിട്ടും, പ്രാര്‍ത്ഥനയുടെ ആഴമോ, ദൈവ നിശ്ചയത്തിന്റെ ഗാംഭീര്യമോ തിരിച്ചറിയാന്‍ ഈ മത നേതാക്കന്മാര്‍ക്ക് കഴിയുന്നുണ്ടോ എന്ന് സംശയം. കഴിഞ്ഞ ദിവസം കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് എ. പൂക്കുഞ്ഞു സാഹിബിന്റെ പ്രസ്താവന കണ്ടപ്പോള്‍ അദ്ദേഹം വിശുദ്ധ ഖുറാന്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ടോ എന്നുപോലും സംശയമായി.  അദ്ദേഹം പറഞ്ഞത് മോദിജി അധികാരമേല്‍ക്കുന്ന ദിവസം പ്രാര്‍ത്ഥനാകര്‍മ്മവുമായി ദുഃഖാചരണം നടത്തണമെന്ന്. ഇദ്ദേഹം ഇന്ത്യന്‍ ഭരണഘടനയെ മാത്രമല്ല വിശുദ്ധ ഖുറാനിനെപ്പോലും ധിക്കരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.  കാരണം ഒരാഴ്ച മുമ്പുള്ള ഒരു വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തോട് അനുബന്ധിച്ച് എന്റെ മഹല്ലില്‍ ഉസ്താദ് നടത്തിയ പ്രസംഗത്തില്‍ ഇത്തരം പ്രസ്താവനകളുടെ തെറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഭരണ കര്‍ത്താവിനെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ ആ ഭരണകര്‍ത്താവിനെ അകാരണമായി വിമര്‍ശിക്കുന്നതും സോഷ്യല്‍ മീഡിയകള്‍ വഴി ആക്ഷേപിക്കുന്നതും ഗുരുതരമായ തെറ്റാണ് എന്ന് ഖുറാനിലെ ചില വചനങ്ങള്‍ ചൂണ്ടിക്കാട്ടി പറയുകയുണ്ടായി. ഇവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണകര്‍ത്താവിനെയാണ് പരസ്യമായി വിമര്‍ശിക്കാനും ആക്ഷേപിക്കാനും ശ്രമിച്ചത്. എന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരം ഉറപ്പിച്ച മോദിജിയാകട്ടെ  തന്നെ വിജയിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് ''എനിക്ക് വോട്ടുനല്‍കിയവര്‍ക്കും നല്‍കാത്തവര്‍ക്കും ഒരുപോലെ വികസനം എത്തിക്കുമെന്നും സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന ആളുകളെയും ന്യൂനപക്ഷങ്ങളുടയെും വിശ്വാസം ആര്‍ജിക്കാന്‍ ശ്രമിക്കണമെന്നും വിശ്വാസത്തിലൂടെ വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന സാമ്പത്തിക നിലപാടുകള്‍ ഒക്കെ സമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരെ മുന്‍ നിരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എന്ന് കാണാം. വീടില്ലാത്തവന് വീട് നല്‍കാനും ഗതാഗത സൗകര്യമില്ലാത്ത ഗ്രാമങ്ങളെ ഗതാഗതയോഗ്യമാക്കാനും വൈദ്യുതിയില്ലാത്ത എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും, ഗ്യാസ് കണക്ഷന്‍ സൗജന്യമായി പാവങ്ങള്‍ക്ക് എത്തിക്കാനും ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് 50 ശതമാനം മുതല്‍ 80 ശതമാനം വരെ വില കുറച്ചുകൊടുക്കാനും ഒക്കെ മുന്‍കൈ എടുത്തത് ജാതിയുടെയോ മതത്തിന്റെയോ മറവില്‍ ആയിരുന്നില്ല.

ഇതെല്ലാം നേരിട്ടറിയുന്ന യുപിയിലെ ഒരു മുസ്ലിം കുടുംബം പിറന്നുവീണ അവരുടെ കുട്ടിക്ക് നല്‍കിയ പേര് ''നരേന്ദ്ര ദാമോദര്‍ദാസ് മോദി'' എന്നാണ്. മുഷ്താക് അഹമ്മദിനും മൈനാസ് ബീഗത്തിനും തങ്ങളുടെ കുട്ടിക്ക് മോദിജിയുടെ പേര് ഇടാന്‍ തോന്നിയത് നമ്മുടെ ലോകാരാധ്യനായ മോദിജിയോടുള്ള സ്‌നേഹവും ബഹുമാനവും ആദരവും പ്രകടിപ്പിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ്. വികസനകാര്യത്തില്‍ മോദിജി കൈക്കൊണ്ട നടപടികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് കുട്ടിയുടെ മാതാവ് മൈനാസ് ബീഗം തന്റെ നിലപാടില്‍ ഉറച്ചു നിന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് പോലും കുറ്റം പറയാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. കപടമായ മതേതര വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് തിരിച്ചറിഞ്ഞ ജനം മോദിജിയുടെ തുടര്‍ഭരണത്തെ അനുകൂലിച്ചതാണ് വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരാന്‍ കാരണമായത്. ലോകരാജ്യങ്ങളും ലോകനേതാക്കളും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളുമായി ക്യൂ നില്‍ക്കുമ്പോള്‍ നമ്മള്‍ തന്നെ നമ്മുടെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന നടപടികള്‍ ഉണ്ടാകുന്നത് ഖേദകരമല്ലേ? അമേരിക്കന്‍ പ്രസിഡന്റ് തന്നെ പറഞ്ഞിരുന്നത് ''മോദിയെ നിങ്ങള്‍ക്ക് നേതാവായി കിട്ടിയത് ഓരോ ഭാരതീയന്റെയും ഭാഗ്യം ആണ്'' എന്നാണ്.

രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്ന നമ്മുടെ പ്രധാനമന്ത്രി ഇന്ത്യന്‍ ഭരണഘടന തൊട്ട് വന്ദിച്ചുകൊണ്ടാണ് യോഗത്തിലേക്ക് കയറിയത് തന്നെ. ഇത്രകണ്ട് രാജ്യത്തെ സ്‌നേഹിക്കുകയും ജനമനസ്സുകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് എല്ലാ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.