നടപടി വേണം: കുമ്മനം

Sunday 24 July 2011 11:11 am IST

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാഴാഴ്ച എത്തിയ പാക്‌ ഹൈക്കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായ അബീദ്‌ സെയ്ദ്‌, ഭാര്യ നഗ്മെന എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയോട്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കനത്ത സുരക്ഷാസന്നാഹമുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സംശയകരമായ സാഹചര്യത്തില്‍ പാക്‌ ഉദ്യോഗസ്ഥന്‍ എത്തിയ സംഭവം ലാഘവബുദ്ധിയോടെ കാണേണ്ട ഒന്നല്ല. വിസാനിയമവും നയതന്ത്ര കീഴ്‌വഴക്കങ്ങളും അനുസരിച്ച്‌ പാക്‌ നയതന്ത്ര ഉദ്യോഗസ്ഥന്‍ കളക്ടറുടെയും ആഭ്യന്തരവകുപ്പിന്റെയും അനുവാദമില്ലാതെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ല. അധികൃതരെ ആരെയും അറിയിക്കാതെ രഹസ്യമായി പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുകയും അതേക്കുറിച്ച്‌ മറ്റുള്ളവര്‍ അറിഞ്ഞപ്പോള്‍ വളരെ പെട്ടെന്ന്‌ വിമാനമാര്‍ഗം ദല്‍ഹിക്ക്‌ മടങ്ങുകയും ചെയ്തതില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്‌. വളരെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കൂടി സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിത്തീരുകയും ചെയ്തിട്ടുള്ള പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാക്‌ ഉദ്യോഗസ്ഥന്‍ കടന്നുകയറിയത്‌ ബന്ധപ്പെട്ടവരുടെ കുറ്റകരമായ വീഴ്ച മൂലമാണ്‌. സംഭവം പുറത്തറിഞ്ഞിട്ടും നഗരത്തിലുണ്ടായിരുന്ന പാക്‌ സ്വദേശികളെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ദല്‍ഹിയിലുള്ള പാക്‌ ഹൈക്കമ്മീഷണറേറ്റ്‌ ഉദ്യോഗസ്ഥനെ ചോദ്യംചെയ്യുന്നതിന്‌ വിദേശകാര്യവകുപ്പുമായി സഹകരിച്ച്‌ കേരളാ പോലീസ്‌ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കുമ്മനം ആവശ്യപ്പെട്ടു.