സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; നഗരത്തില്‍ കഞ്ചാവ് ഉപയോഗവും കച്ചവടവും സുലഭം

Thursday 30 May 2019 2:46 pm IST

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നഗരത്തില്‍ കഞ്ചാവ് ഉപയോഗവും കച്ചവടവും സുലഭം. കണ്ണികളില്‍ ചിലരെ പോലീസ് പിടികൂമെങ്കിലും പ്രധാനികളിലേയ്ക്ക് അന്വേഷണം നീങ്ങുന്നില്ലെന്നതാണ് കഞ്ചാവ് കച്ചവടവും ഉപയോഗവും തലസ്ഥാനത്ത് വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.

തമ്പാനൂര്‍ ബസ്റ്റാന്‍ഡ്, അട്ടക്കുളങ്ങര ജംഗ്ഷന്‍, പാളയം ജംഗ്ഷന്‍, മെഡിക്കല്‍ കേളേജ് ജംഗ്ഷന്‍, ചില ഷോപ്പിംഗ് കോംപ്ലളക്‌സുകള്‍ തുടങ്ങിയവയാണ് തലസ്ഥാനത്തെ പ്രധാന കഞ്ചാവ് കൈമാറ്റ കേന്ദ്രങ്ങള്‍. വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡയ വഴിയാണ് ഇവരുടെ ഇടപാട്. 18നും 25 നും വയസ്സിനിടയിലുള്ളവരാണ് ഇടപാടുകാരില്‍ അധികവും. 

കഞ്ചാവിന് 'എം' എന്നതാണ് പുതിയ കോഡ് ഭാഷ. ആവശ്യക്കാരുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ ഈ കോഡാണ് പറയുന്നത്. ഇതോടെ ഇവരില്‍ വിശ്വാസ വര്‍ദ്ധിക്കും. തുടര്‍ന്ന് എവിടെയാണ് എത്തേണ്ടതെന്ന് ഇവര്‍ സന്ദേശം കൈമാറും. ആവശ്യക്കാര്‍ ഇവര്‍ പറയുന്ന സ്ഥലത്തെത്തിയാലും ഇടപാടുകാര്‍ പുറത്തുവരില്ല. പോലീസോ എക്‌സൈസോ കെണിയൊരുക്കിയതാണോ എന്ന് ഉറപ്പ് വരുത്തി മാത്രമാണ് ഇവര്‍ ലഹരി കൈമാറാനായി പുറത്തുവരുന്നത്. ചില ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാണ്. പേടിഎം പോലുള്ള വഴി പണം കൈമാറിയാലേ ഇവര്‍ സാധനം സ്ഥലത്തെത്തിക്കൂ.

തമിഴ്‌നാട്ടിലും ബാംഗ്ലൂരിലും നിന്നാണ് കേരളത്തിലേയ്ക്കുള്ള ലഹരി എത്തുന്നത്. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ എത്തുന്ന ലഹരി ചെറു പായ്ക്കറ്റുകളാക്കി ഇരുചക്ര വാഹനത്തിലാണ് ചെക്ക്‌പോസ്റ്റുകള്‍ കടത്തുന്നത്. ബസ്സുകളിലും ആഡംബര വാഹനങ്ങളിലും പോലീസും എക്‌സ്‌ഐസ്സും പരിശോധന കര്‍ശനമാക്കിയപ്പോഴാണ് ഇരുചക്ര വാഹനങ്ങളില്‍ ലഹരി അതിര്‍ത്തികടന്ന് കേരളത്തിലെത്തിക്കുന്നത്. 

ഇതിനായി ചെറുസംഘങ്ങളായി പത്തോള സംഘം ജില്ലാ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് പ്രത്യേകമായി സ്ഥലവും തിരിച്ച് നല്‍കിയിട്ടുണ്ട്. സാധനം ഇവര്‍ പറയുന്ന സ്ഥലത്തെത്തിക്കുമ്പോള്‍ അടുത്ത സംഘം ഇത് ഏറ്റെടുക്കും. ഇങ്ങനെയാണ് ജില്ലയിലെ ഇപ്പേഴത്തെ കഞ്ചാവ് കൈമാറ്റം നടക്കുന്നത്. ഇത്തരത്തില്‍ പത്തോളം സംഘങ്ങള്‍ വഴി കൈമാറിയാണ് ഇടപാടുകാരിലേയ്ക്ക് ലഹരി എത്തുന്നത്. 

ഇതോടെ പിടിക്കപ്പെട്ടാലും ഒന്നോ രണ്ടോ പേരില്‍ അറസ്റ്റ് ഒതുങ്ങുന്ന പ്രവണതയാണ് ഇപ്പോള്‍ ജില്ലയില്‍ കാണുന്നത്. സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് പരിശോധന വ്യാപകമാക്കിയുട്ടുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.