ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്‌ സിബിഐ അന്വേഷിക്കാത്തതിന്‌ പിന്നില്‍ മുന്നണികളുടെ രഹസ്യ അജണ്ട: ബിജെപി

Saturday 1 December 2012 11:49 pm IST

ഉദുമ : കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം അട്ടിമറിക്കപ്പെടുന്നത്‌ ഇടത്‌ വലത്‌ മുന്നണികളുടെ അവിഹിത കൂട്ടുകെട്ട്‌ മൂലമാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനമായ ഇന്നലെ യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദുമയില്‍ ജില്ലാ റാലിയുടെ ഭാഗമായി നടന്ന ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം കേസ്‌ അട്ടിമറിക്കാന്‍ സിപിഎം നല്‍കിയ സഹായത്തിനു പ്രതിഫലമായാണ്‌ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കപ്പെടുന്നത്‌. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നത സിപിഎം നേതാക്കളെയും കൊലവെറി പ്രസംഗത്തിന്‌ എം എ മണിയെയും അറസ്റ്റ്‌ ചെയ്യാന്‍ തയ്യാറായ തിരുവഞ്ചൂരിണ്റ്റെ പോലീസ്‌ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ കാണിക്കുന്നത്‌ ഇരട്ടത്താപ്പാണ്‌. ടി.പി വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിലും പങ്കുണ്ടെന്ന്‌ തുറന്നു സമ്മതിച്ചിട്ടും കേസെടുക്കാന്‍ പോലും മടിക്കുന്നതില്‍ ദുരൂഹതയുണ്ട്‌. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ നിരവധി തവണ മുഖ്യമന്ത്രിയെ കണ്ട്‌ നിവേദനം നല്‍കി. സിബിഐ അന്വേഷണത്തിന്‌ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സമ്മതം മൂളിയിട്ടും മാസങ്ങള്‍ പിന്നിടുമ്പോഴും നടപടിയായില്ല. കേരളത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കന്‍മാര്‍ക്കെതിരെയും ശബ്ദിക്കാന്‍ ധൈര്യമില്ലാത്ത പിണറായി എന്‍എസ്‌എസിണ്റ്റെയും എസ്‌ എന്‍ഡിപിയുടെയും നേതാക്കന്‍മാര്‍ക്കെതിരെ പ്രസംഗിച്ചു നടക്കുകയാണ്‌. വെള്ളാപ്പള്ളിയെയും സുകുമാരന്‍ നായരെയും ആക്ഷേപിക്കാതെ കള്ളക്കടത്തും കുഴല്‍ പണവുമുപയോഗിച്ച്‌ മതതീവ്രവാദ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ്‌ പിണറായി സംസാരിക്കേണ്ടത്‌. ലീഗ്‌ ഭരണത്തില്‍ ഭൂരിപക്ഷ സമൂഹത്തിന്‌ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. ലീഗ്‌ കൈക്കൊള്ളുന്ന വര്‍ഗീയ നിലപാടാണ്‌ മഞ്ഞളാം കുഴി അലിയുടെ പ്രസംഗം പ്രതിഫലിപ്പിച്ചത്‌. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക്‌ മാത്രം സഹായമെന്ന അലിയുടെ നിലപാട്‌ അംഗീകരിക്കാനാവില്ല വിവാഹം കഴിച്ച മുസ്ളിം യുവാക്കളെ മൊഴിചൊല്ലാനുള്ള പരസ്യമായ ആഹ്വാനമാണ്‌ അലിയുടേത്‌ അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ അണിചേര്‍ന്ന ജില്ലാറാലി തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്ര പരിസരത്ത്‌ നിന്നും ആരംഭിച്ച്‌ ഉദുമയില്‍ സമാപിക്കുകയായിരുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്റ്റ്‌ വിജയകുമാര്‍ റൈ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന സമിതിഅംഗം എം.സഞ്ജീവഷെട്ടി, ജില്ലാ നേതാക്കളായ പി സുരേഷ്കുമാര്‍ ഷെട്ടി, അഡ്വ.കെശ്രീകാന്ത്‌, പുല്ലൂറ്‍ കുഞ്ഞിരാമന്‍, നഞ്ചില്‍കുഞ്ഞിരാമന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കെ വി രാമകൃഷ്ണന്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രമീള സി നായക്‌, ജില്ലാ പ്രസിഡണ്റ്റ്‌ ശൈലജ ഭട്ട്‌, എസ്സി എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്റ്റ്‌ എം. പി.രാമപ്പ, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബി എം ആദര്‍ശ്‌ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജയകൃഷ്ണന്‍ മാസ്റ്ററെ അനുസ്മരിച്ച്‌ പ്രഭാകരന്‍ തായത്ത്‌ കവിത അവതരിപ്പിച്ചു. സ്വാഗതസംഘം ചെയ ര്‍മാന്‍ കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ പി ഹരീഷ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.