അര്‍ഹതയ്ക്കുള്ള അംഗീകാരം

Friday 31 May 2019 3:41 am IST
മുരളീധരന്‍ സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി. എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി, കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു.

ജനസംഘം-ബിജെപി നേതാവ് അഡ്വ.എ.ഡി. നായരില്‍നിന്ന് കേട്ടാണ് ഈ തലശേരിക്കാരന് സംഘം തലയ്ക്കുപിടിച്ചത്. സര്‍വകലാശാല തലത്തില്‍ത്തന്നെ നടത്ത മത്സരത്തില്‍ താരമായിരുന്നു, പഠിത്തത്തോടൊപ്പം വി. മുരളീധരന്‍. ആദര്‍ശവും ആത്മവിശ്വാസവുമായി നടന്നു നീങ്ങിയ മുരീളധരന്‍ കുറഞ്ഞ കാലംകൊണ്ട് ഓടിയെത്തിയത് വലിയ ദൂരമാണ്. 

വഴിത്തിരിവ്

സംഘ പ്രസ്ഥാനങ്ങളുടെ പില്‍ക്കാലത്തെ താത്ത്വിക വ്യാഖ്യാതാവായിരുന്ന കെ. ഗോവിന്ദാചര്യ കേരളത്തില്‍ എബിവിപിയുടെ പ്രവര്‍ത്തനങ്ങളുമായി ഉണ്ടായിരുന്ന കാലം. മുരളീധരന്‍ സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി.  എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി, കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. 

ഗോവിന്ദാചാര്യ അന്ന് ക്ഷേത്രീയ സംഘടനാ സെക്രട്ടറിയായിരുന്നു. പരിഷത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയും 1998ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായി. രണ്ടു തവണ തുടര്‍ന്നു. 

നെഹ്‌റു യുവകേന്ദ്ര

മുരളീധരന്‍ ഉപാധ്യക്ഷനായിരുന്നപ്പോഴാണ് നെഹ്‌റു യുവകേന്ദ്രയുടെ സാധ്യത ബോധ്യമായത്. അതുവരെ ഐഎഎസുകാരില്‍ ജനസേവന താല്‍പര്യമില്ലാത്തവരും ദേശീയ പ്രാദേശിക രാഷ്ട്രീയ നേതാക്കളില്‍ ചിലരും ഏതാനും സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ക്ലബ്ബുകളും ചേര്‍ന്ന് നികുതിപ്പണം ദുര്‍വിനിയോഗിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. ശുദ്ധീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറായപ്പോള്‍ ആദ്യമായി ഐഎഎസുകാരനല്ലാത്ത ഒരാള്‍ നെഹ്‌റു യുവകേന്ദ്ര ഡയറകട്ര്‍ ജനറലായി. യുവജനങ്ങളുടെ ക്ഷേമ,സേവന മേഖലയിലെ പുത്തന്‍ ഉണര്‍വും ഉയര്‍ച്ചയുമായിരുന്നു അക്കാലംകണ്ടത്. 

യൂത്ത് പാര്‍ലമെന്റ് എന്ന പേരില്‍ സംഘടിപ്പിച്ച യുവമഹാ സമ്മേളനം പുതിയ ദിശാബോധം സര്‍ക്കാരിനുമുണ്ടാക്കി. എബിവിപിയില്‍ ഉള്ളകാലത്ത്, ദേശീയ വിദ്യാഭ്യാസ നയം സ്വരൂപിക്കുന്നതില്‍ മുരളീധരന്‍ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. യുവജനങ്ങളുടെ ക്ഷേമത്തിന് ദേശീയതലത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ രൂപംകൊടുത്ത നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റി ഇന്ന് രാജ്യവ്യാപകമായ സഹകരണ സംവിധാനമാണ്. അതിനു കീഴില്‍ ഭാരത പരിക്രമ ടൂറിസം സര്‍വീസ്, ജനനിധി തുടങ്ങിയ യുവജനക്ഷേമ പ്രസ്ഥാനങ്ങള്‍ സക്രിയമാണ്. മുരളീധരന്റെ കരസ്പര്‍ശമുള്ള ആ സൊസൈറ്റിയുടെ ഉപാധ്യക്ഷനാണ് അദ്ദേഹമിപ്പോഴും. 

ബിജെപിയില്‍

എബിവിപിയില്‍ നിന്ന് ബിജെപിയിലെത്തി. ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്ലിലായിരുന്നു ആദ്യം. പിന്നീട് കേരളം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി, ബിജെപി സംസ്ഥാന അധ്യക്ഷനായി.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമ്പോള്‍ രാഷ്ട്രീയവും വിദ്യാര്‍ഥി രാഷ്ട്രീയവും രണ്ടല്ലേ എന്നാശങ്കിച്ചവരേയും അത്ഭുതപ്പെടുത്തി അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രകടനം മികച്ചതായിരുന്നു. വോട്ടുവര്‍ധനയും സീറ്റു വര്‍ധനയുമുണ്ടായി. പാലക്കാട്ട് ബിജെപി നഗരസഭ ഭരിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടെണ്ണം 7000 ല്‍നിന്ന് 30,000 ആയി കുതിച്ചു. 

പാര്‍ട്ടി പ്രവര്‍ത്തകരെ സക്രിയരാക്കി. 49 ദിവസം കേരളത്തില്‍ അദ്ദേഹം നടത്തിയ പ്രചാരണ പദയാത്ര മറ്റൊരു പാര്‍ട്ടിയും ചെയ്യാത്തതായിരുന്നു. എന്‍ഡിഎ എന്ന സങ്കല്‍പ്പത്തില്‍ ശക്തമായ ബിജെപി മുന്നണിയുണ്ടായതും അക്കാലത്താണ്. മൂന്ന് എബിവിപി പ്രവര്‍ത്തകരെ പരുമലയില്‍ പമ്പയാറ്റില്‍ സിപിഎംകാര്‍ കല്ലെറിഞ്ഞ് മുക്കിത്താഴ്ത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ എകെജി ഭവനിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ കൂറ്റന്‍ മാര്‍ച്ച് നയിച്ചത് മുരളീധരനായിരുന്നു. അന്ന് സിപിഎം പതാക ദല്‍ഹി എകെജി ഭവനു മുന്നില്‍ കത്തിച്ച ഊറ്റവും വീറും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയും അദ്ദേഹം പ്രകടിപ്പിച്ചു. 

ആദര്‍ശം, സംഘടനാ ചിട്ട, പരിശീലനവും അനുശീലനങ്ങളും കൃത്യമായി അനുയായികളില്‍ കൈമാറാനുള്ള കഴിവ്, ഇതെല്ലാം ദേശീയ നേതാക്കളുടെ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. 15 വര്‍ഷം സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായതിന്റെ ഗുണം. 

മഹാരാഷ്ട്രയായിരുന്നു ദേശീയതലത്തില്‍ എബിവിപി പ്രവര്‍ത്തനത്തിന് കേന്ദ്രം. ഹിന്ദിയും മറാഠിയും വശമാക്കി. ഭാഷാ നൈപുണ്യം വര്‍ധിച്ച ചുമതലകളിലേക്ക് നിയോഗിക്കപ്പെടാന്‍ സഹായകവുമായി. വായനയും സിനിമ കാഴ്ചയും സ്‌പോര്‍ട്‌സും വിനോദങ്ങളാണ്. പ്രവര്‍കരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള കഴിവ് പാര്‍ട്ടിയിലും സംഘടനയിലും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ച് ഉയര്‍ന്ന നിലകളിലെത്തിച്ചതിലും കാണാം. 

വിശ്വാസി, അനുഷ്ഠാനി

തികഞ്ഞ ഗുരുവായൂരപ്പ ഭക്തനാണ് മുരളീധരന്‍. ഒരു മാസവും മുടങ്ങാതെ ഗുരുവായൂര്‍ ദര്‍ശനം നടത്തും. ഏകാദശി നോല്‍ക്കുന്നതില്‍ കര്‍ക്കശക്കാരനാണ്, കഠിന വ്രതം. നിത്യവും ഭഗവദ്ഗീത പാരായണം ചെയ്‌തേ കര്‍മങ്ങള്‍ തുടങ്ങൂ. ഭക്ഷണം ലളിതം. 

എബിവിപി ചുമതലയൊഴിഞ്ഞ് മുംബൈയില്‍നിന്ന് ദല്‍ഹിയിലെത്തിയ കാലം. ഏഷ്യാഡ് വില്ലേജിലെ കൊച്ചു സൗകര്യങ്ങളില്‍ ഭാര്യ ജയശ്രീയുമൊത്ത് ഒതുങ്ങിക്കഴിഞ്ഞ കാലം. ഇനിയെന്തെന്ന അനിശ്ചിതത്വം പോലും ഉണ്ടായപ്പോഴും ആദര്‍ശവും വിശ്വാസവുമായി സംഘത്തിനും സംഘടനയ്ക്കുമൊപ്പം നിന്നു. ഇന്ന്  ഭരണത്തിന്റെ ആസ്ഥാനമായ റെയ്‌സാനാ കുന്നിലേക്ക് കയറുമ്പോള്‍ ആദര്‍ശ നിഷ്ഠതന്നെയാണ് മൂലധനം. അതിസാധാരണക്കാരുടെ മറ്റൊരു പ്രതിനിധിയുടെ അര്‍ഹമായിടത്തേക്കുള്ള നടന്നുകയറ്റം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.