ഗാന്ധിജി, അടല്‍ജി, യുദ്ധസ്മാരകം; മോദിയുടെ ആദരം

Friday 31 May 2019 3:52 am IST
ബാപ്പുവിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷിക ജയന്തി വര്‍ഷമായ 2019ല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കനുസൃതമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവരുടെ ജീവിത നിലവാരം ശക്തിപ്പെടുത്താനുള്ള ദൗത്യം തുടരുമെന്നും മോദി പറഞ്ഞു.

ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍മല സീതാരാമനും

ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയേയും മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ തലമുതിര്‍ന്ന നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയേയും അനുസ്മരിച്ച്, ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമങ്കത്തിന് തുടക്കം. ബിജെപിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത വ്യക്തമാക്കുന്ന കാഴ്ചകളാണ് ഇന്നലെ രാവിലെ രാജ്യതലസ്ഥാനം കണ്ടത്. പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മറ്റു ബിജെപി എംപിമാരും സമാധിസ്ഥലങ്ങളില്‍ പുഷ്പ്പാര്‍ച്ചനയ്‌ക്കെത്തി. 

ബാപ്പുവിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷിക ജയന്തി വര്‍ഷമായ 2019ല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കനുസൃതമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവരുടെ ജീവിത നിലവാരം ശക്തിപ്പെടുത്താനുള്ള ദൗത്യം തുടരുമെന്നും മോദി പറഞ്ഞു. 

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലത്ത് പ്രാര്‍ത്ഥിക്കുന്ന നരേന്ദ്രമോദി

രാജ്ഘട്ടിന് സമീപമുള്ള അടല്‍ സ്മൃതി മന്ദിരത്തില്‍ മോദിക്കൊപ്പം കേന്ദ്രമന്ത്രിസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ എംപിമാരും പുഷ്പ്പാര്‍ച്ചന നടത്താനെത്തിയിരുന്നു. തുടര്‍ന്ന് അടല്‍ സ്മൃതി സ്ഥലില്‍ കുറച്ചു സമയം പ്രാര്‍ത്ഥനാപൂര്‍വ്വം ചെലവഴിച്ച മോദി, എല്ലാ നിമിഷവും അടല്‍ജിയെപ്പറ്റി സ്മരിക്കാറുണ്ടെന്ന് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. അടല്‍ജിയുടെ ജീവിതവും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ സദ്ഭരണ മാതൃകയും എന്നും പ്രേരണാദായകമാണെന്നും മോദി പറഞ്ഞു. 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സമാധിസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തുന്നു

രാഷ്ട്രത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരെ അഭിമാനപൂര്‍വ്വം സ്മരിക്കുന്നതായും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും കര,വ്യോമ, നാവിക സേനാ മേധാവിമാരും പ്രധാനമന്ത്രിക്കൊപ്പമെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.