വള്ളികുന്നത്ത് വന്‍ മോഷണം; 45 പവന്‍ കവര്‍ന്നു

Saturday 1 June 2019 3:36 am IST

ചാരുംമൂട് (ആലപ്പുഴ): വള്ളികുന്നത്ത് വന്‍ സ്വര്‍ണ കവര്‍ച്ച. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വള്ളികുന്നം ചൂനാട് കിണറുമുക്ക് ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്ന സംഭവം.

 സദാനന്ദന്റെ മൂത്ത സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കുടുംബസമേതം മൂന്നു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് വീടു പൂട്ടി പോയിരുന്നു. ഇന്നലെ രാവിലെ 5.30ന് ബന്ധുവായ ഹരികുമാര്‍ കാറെടുക്കുന്നതിന് സദാനന്ദന്റെ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. 

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഭാരമുള്ള തടിക്കസേര വാതിലിനോടു ചേര്‍ത്തുവച്ച ശേഷം കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വീടിന്റെ പിന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. സദാനന്ദന്റെ രണ്ടു മരുമക്കളുടെ താലിമാല ഉള്‍പ്പെടെയുളള സ്വര്‍ണാഭരണങ്ങളും അവരുടെ കുഞ്ഞുങ്ങളുടെ ആഭരണങ്ങളുമാണ് കവര്‍ന്നത്. 

ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോര, വള്ളികുന്നം എസ്‌ഐ ഷൈജു ഇ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴയില്‍നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.