വോട്ടായി പരിവര്‍ത്തനം ചെയ്യാന്‍...

Sunday 2 June 2019 4:33 am IST
''കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടടുത്ത് പുറത്തുവന്ന ഖസാക്കിന്റെ ഇതിഹാസം എന്ന നോവലാണ് സഹൃദയത്വമോ വായനാചിന്താശീലങ്ങളോ സ്വന്തമായുള്ള ഏതൊരു മലയാളിയുടെയും ചിന്താധാരകളെയും ബോധതലത്തെ തന്നെയും അന്നും ഇന്നും എന്നും ഏറ്റവും സ്വാധീനിക്കുകയും വേട്ടയാടുകയും ചെയ്തിട്ടുള്ളത്.''

എഴുത്തുകാരില്‍ പലരും ത്രികാല ജ്ഞാനികളാണ്. ഭൂതവും വര്‍ത്തമാനവും മാത്രമല്ല ഭാവിയും അവര്‍ക്കറിയാം. ഒരു പുസ്തക നിരൂപണത്തിലെ വാക്യം ഇങ്ങനെയാണ്. 

''കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടടുത്ത് പുറത്തുവന്ന ഖസാക്കിന്റെ ഇതിഹാസം എന്ന നോവലാണ് സഹൃദയത്വമോ വായനാചിന്താശീലങ്ങളോ സ്വന്തമായുള്ള ഏതൊരു മലയാളിയുടെയും ചിന്താധാരകളെയും ബോധതലത്തെ തന്നെയും അന്നും ഇന്നും എന്നും ഏറ്റവും സ്വാധീനിക്കുകയും വേട്ടയാടുകയും ചെയ്തിട്ടുള്ളത്.''

അന്നും ഇന്നിനുമൊപ്പം 'എന്നും' ചേര്‍ക്കുന്നത് ത്രികാലജ്ഞാനമുള്ളതുകൊണ്ടാവാം! 'എക്കാലവും' എന്ന പ്രയോഗത്തിലൂടെയാണ് ചിലര്‍ ത്രികാല ജ്ഞാനം പ്രകടിപ്പിക്കാറുള്ളത്. 

ഇതേ വാക്യത്തിലെ 'സഹൃദയത്വമോ വായനാചിന്താശീലങ്ങളോ സ്വന്തമായുള്ള' എന്ന പ്രയോഗം ശ്രദ്ധിക്കുക. 'സ്വന്തം' ഇവിടെ അധികപ്പറ്റാണ്. സഹൃദയത്വവും വായനാശീലവും കടംകൊള്ളുന്നവരുണ്ടോ?

'സ്വന്ത'മെന്നപോലെ 'സ്വയ'വും ചിലരുടെ ദൗര്‍ബ്ബല്യമാണ്. 

''നീണ്ട 12 വര്‍ഷങ്ങളുടെ സപര്യയിലൂടെ പൂര്‍ത്തിയാക്കപ്പെട്ട ഈ കൃതി, സ്വന്തം ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം 'ലെജന്‍ഡ്‌സ് ഓഫ് ഖസാഖ്' എന്ന പേരില്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വയം പരിഭാഷപ്പെടുത്തിയപ്പോള്‍ അപ്പുക്കിളിയും കുഞ്ഞാമിനയും അള്ളാപ്പിച്ച മൊല്ലാക്കയും എന്നുവേണ്ട ചെതലിയും കൂമന്‍കാവും  പോതിയുടെ പുളിയും വരെ അതേ മിഴിവോടെ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.''

ഇതിലെ രണ്ട് 'സ്വയ'വും ഉപേക്ഷിക്കാം. ഇംഗ്ലീഷ് പ്രൊഫസര്‍ക്കു മുന്നിലെ 'ഒരു'വും ആവശ്യമില്ല. ഇവയെല്ലാം ഈ ദീര്‍ഘവാക്യത്തെ കൂടുതല്‍ വിരസമാക്കുന്നു. 

പത്രങ്ങളില്‍ നിന്ന്:

''രാഷ്ട്രീയപരമായ വ്യക്തിവിരോധമാണ് കൊലയ്ക്ക്കാരണമെന്ന് ക്രൈംബ്രാഞ്ച്.''

രാഷ്ട്രീയപരമായ -തെറ്റ് 

രാഷ്ട്രീയമായ - ശരി

കാര്‍ഷികപരമായ - തെറ്റ്

കാര്‍ഷികമായ - ശരി

''നിലവില്‍ 300 വീടുകളാണ് അസോസിയേഷന് കീഴിലുള്ളത്.''

'നിലവില്‍' ആവശ്യമില്ല

''മുതലാളിത്വ ആധുനികതയാണ് ഗാന്ധിയുടെയും മാര്‍ക്‌സിന്റെയും വിമര്‍ശന കേന്ദ്രം''. 

മുതലാളിത്വം - തെറ്റ്

മുതലാളിത്തം - ശരി

മുഖപ്രസംഗത്തില്‍ നിന്ന്:

''സമയം ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കില്ലെന്ന് പറയുന്ന ത്‌പോലെ ഇക്കാര്യത്തില്‍ സമയബന്ധിതമായ നടപടികള്‍ കൈക്കൊള്ളാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം''. 

വികലമായ വാക്യം അസ്ഥാനത്തു ചേര്‍ത്ത 'പോലെ' അഭംഗിയും അര്‍ത്ഥശങ്കയും ഉണ്ടാക്കുന്നു. 

''സമയം ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കില്ല. ഇക്കാര്യത്തില്‍ സമയബന്ധിതമായ നടപടികള്‍ ഭരണകര്‍ത്താക്കള്‍ കൈക്കൊള്ളണം.'' എന്നെഴുതിയാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. ആദ്യഭാഗം ഒഴിവാക്കിയാലും കുഴപ്പമില്ല. 

''മോദി-അമിത്ഷാ ദ്വയത്തിന്റെ അപ്രമാദിത്തത്വത്തിന് തത്കാലം ഇന്ത്യയില്‍ വെല്ലുവിളിയില്ലെന്ന് ചുരുക്കം.''

അപ്രമാദിത്തത്വം - തെറ്റ്

അപ്രമാദിത്വം - ശരി

പിന്‍കുറിപ്പ്:

രാഷ്ട്രീയമലയാളം: ''രാജീവിന്റെ ഇത്തരം ഇടപെടലുകളൊക്കെ അംഗീകരിക്കപ്പെട്ടപ്പോള്‍ തന്നെ വോട്ടായി ഇതിനെ പരിവര്‍ത്തനം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് വലിയഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിലേക്ക് നയിച്ചത്''. 

സാധാരണമലയാളം: ''ഇത്തരം ഇടപെടലുകളുണ്ടായിട്ടും രാജീവിന് ജനങ്ങള്‍ വോട്ട് ചെയ്തില്ല. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്.''

പൊതുജനശ്രദ്ധയ്ക്ക്: നിങ്ങള്‍ വോട്ട് ചെയ്യാന്‍ പഠിച്ചാല്‍പ്പോരാ, 'വോട്ടായി പരിവര്‍ത്തനം ചെയ്യാ'നും പഠിക്കണം!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.