എപ്ലസുമായി രണ്ടാമൂഴം

Sunday 2 June 2019 4:37 am IST
മാര്‍ക്‌സ് ദാസ്‌ക്യാപിറ്റലും മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളും ആവിഷ്‌കരിച്ചത് ലോക തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ ദാരിദ്ര്യവും പട്ടിണിയും സഹിച്ച് രൂപം നല്‍കിയ പ്രസ്ഥാനം വഴി ഇന്ന് അനേകം നേതാക്കള്‍ മൂന്നു തലമുറയ്ക്ക് കഴിയാനുള്ള സ്വത്ത് സമ്പാദിച്ചുകഴിഞ്ഞു.

നരേന്ദ്രമോദി വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിനു ജനം നല്‍കുന്ന സമ്മതിയുടെ മാര്‍ക്ക് ഫുള്‍ എപ്‌ളസ് ആയിരിക്കാം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിര തള്ളിക്കളഞ്ഞാണല്ലോ മോദി അധികാരത്തില്‍ തിരിച്ചുവന്നത്. നോട്ടുപിന്‍വലിക്കല്‍, ജിഎസ്ടി നടപ്പാക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയവയെല്ലാം ജനദ്രോഹനടപടിയായി ആരോപണമുണ്ടായെങ്കിലും പ്രധാന ആരോപണം വര്‍ഗീയപ്പാര്‍ട്ടി എന്നതായിരുന്നല്ലോ.  

ഭാരതീയ ജനതാപാര്‍ട്ടി ജനിക്കുന്നതിനുമുമ്പ് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ 'ജനതാപാര്‍ട്ടി' രാജ്യം ഭരിച്ചിരുന്നു. അതില്‍ ഇപ്പറയുന്ന പലകക്ഷികളും അന്നത്തെ ജനസംഘവിഭാഗത്തിനൊപ്പം തോളോടു തോള്‍ചേര്‍ന്നു നിന്നിരുന്നു. 'ജനതാപാര്‍ട്ടി' എന്നതിനു മുമ്പില്‍ 'ഭാരതീയ' എന്ന വാക്കാണ് കൂടുതലായി വന്നിരിക്കുന്നത്. അയ്യായിരം വര്‍ഷത്തെ ആര്‍ഷഭാരത സംസ്‌കാരത്തില്‍ വര്‍ഗ്ഗീയത ഉണ്ടായിരുന്നോ?

രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എത്രയോ വിദേശ സംസ്‌കാരങ്ങള്‍ ഭാരതസംസ്‌കാരത്തില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്! ക്രിസ്തുമതത്തെ രണ്ടുകയ്യും നീട്ടി, നാടുവാഴികളും പ്രഭുക്കളും സ്വീകരിച്ചില്ലേ, ഭാരതം വര്‍ഗ്ഗീയമായിരുന്നുവെങ്കില്‍ ഇത് സാദ്ധ്യമാകുമായിരുന്നോ? പിന്നീട് ബുദ്ധമതം ഭാരത സംസ്‌കാരത്തില്‍ പിറന്നു ലയിച്ചുചേര്‍ന്നു. ഇസ്ലാം മതവും ഭാരതത്തിലേക്ക് വന്നു. അതും ക്രമേണ ഭാരത സംസ്‌കാരത്തില്‍ ലയിച്ചുചേര്‍ന്നു. തുടര്‍ന്ന് പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ഇംഗ്ലീഷുകാരും വന്നു. എല്ലാ സംസ്‌കാരങ്ങളും ഇന്ത്യാക്കാര്‍ സ്വീകരിച്ചു.

മേല്‍പ്പറഞ്ഞ കാലഘട്ടങ്ങളിലൊന്നും വര്‍ഗ്ഗീയത ഇല്ലാതിരുന്ന ഭാരതത്തില്‍ ഇപ്പോഴെങ്ങനെയാണ് വര്‍ഗ്ഗീയത വന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, രാജാജിയുടെ 'സ്വതന്ത്രാ പാര്‍ട്ടി'യെക്കുറിച്ച് ഒരാക്ഷേപം ഉന്നയിച്ചിരുന്നു. സ്വതന്ത്രാപാര്‍ട്ടി പണക്കാരുടെ പാര്‍ട്ടിയാണ് എന്നതായിരുന്നു ആക്ഷേപം. ഭാരതം സോഷ്യലിസത്തിലേക്ക് അടുത്തുകൊണ്ടിരുന്ന ആ കാലത്തെ പ്രയോഗം കുറിക്കുകൊണ്ടു. സ്വതന്ത്രാപാര്‍ട്ടി അതോടെ തേഞ്ഞുമാഞ്ഞ് ഇല്ലാതായി. ഭാരതീയ ജനതാ പാര്‍ട്ടിക്കു നേരെയുള്ള വര്‍ഗ്ഗീയ ആക്ഷേപവും ഇതുപോലുള്ള ഒരു പ്രയോഗമാണ്. 

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായ പി.എ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം നാം കണ്ടതാണ്. പ്രതികള്‍ മുസ്ലീം മതതീവ്രവാദികളായിരുന്നു. ആക്രമിക്കപ്പെട്ടത് ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും ക്രിസ്ത്യാനികള്‍ പ്രതികരിച്ചില്ല. കാരണം ക്രിസ്തുദേവന്‍ പഠിപ്പിച്ചത് ഇടതുകവിളില്‍ അടിച്ചാല്‍ വലതുകവിള്‍ കാണിച്ചുകൊടുക്കുക എന്നാണ്. അതുമാത്രമോ, അന്ത്യ അത്താഴനാളില്‍ ശിഷ്യന്മാരുടെ കാല്‍പാദങ്ങള്‍ കഴുകി തുടച്ച്, ചുംബിച്ച് സ്‌നേഹത്തിന്റെ മാതൃകകാട്ടി. തുടര്‍ന്ന് ക്രിസ്തു ദേവനെ അവസരവാദികള്‍ കുരിശ്ശിലേറ്റി. ക്രിസ്തു ഒരിക്കല്‍ മാത്രമേ മരിച്ചിട്ടുള്ളൂ. ലോകജനതയുടെ മോചനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു സഭമാത്രമേ അദ്ദേഹം സ്ഥാപിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി അറുന്നൂറോളം സഭകള്‍ നിലവിലുണ്ട്. എല്ലാവരും ക്രിസ്തുവിനെ വിറ്റ് കാശാക്കുന്നു!

ഇതുപോല തന്നെയാണ് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെയും അവസ്ഥ. കാള്‍ മാര്‍ക്‌സ് എന്ന സൈദ്ധാന്തികന്‍ ദാസ്‌ക്യാപിറ്റല്‍ രചിച്ചതും കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചതും ലോക തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ ദാരിദ്ര്യവും പട്ടിണിയും സഹിച്ച് രൂപം നല്‍കിയ ആ പ്രസ്ഥാനം വഴി ഇന്ന് അനേകം നേതാക്കള്‍ മൂന്നു തലമുറയ്ക്ക് കഴിയാനുള്ള സ്വത്ത് സമ്പാദിച്ചുകൂട്ടുന്നതു വല്ലാത്ത വൈരുദ്ധ്യം തന്നെ. 

ഭരണത്തില്‍ കയറിയ ഉടനെ ഖജനാവിലെ 300 കോടി രൂപകൊണ്ട് സാധുക്കള്‍ക്ക് പലവിധ പെന്‍ഷനുകള്‍ നല്‍കിയെന്ന് മേനിനടിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ഒരു ആര്‍ച്ചുബിഷപ്പ് അന്യായമായി കൈവശംവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി  ഒഴിപ്പിക്കണമെന്ന ഘടകകക്ഷിയിലെ പലരുടെയും ആവശ്യം കേട്ടില്ലെന്ന് നടിക്കുകയാണ്. കാരണം,  ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ അടുക്കിവച്ചിരിക്കുകയാണ് ബിഷപ്പിന്റെ അലമാരയില്‍. പാര്‍ട്ടിക്കും നേതാക്കള്‍ക്കും ആവശ്യത്തിന് പണം എപ്പോള്‍ വേണമെങ്കിലും കിട്ടുമെന്നുള്ളതിനാലാണ് ഒഴിപ്പിക്കാന്‍ തയ്യാറാകാത്തത്.

ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ 25 വര്‍ഷം ബംഗാള്‍ ഭരിച്ച മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിക്ക് ദാരിദ്ര്യം തുടച്ചുനീക്കാന്‍ കഴിയാത്തതിനാല്‍ 16 വയസുമുതലുള്ള ലക്ഷക്കണക്കിന് ബംഗാളികള്‍ തൊഴിലന്വേഷിച്ച് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അവിടെ നേതാക്കള്‍ കീശ വീര്‍പ്പിക്കുന്നതുകണ്ട് മനംമടുത്ത ജനങ്ങള്‍ മാര്‍ക്‌സിസ്റ്റ് ഭരണത്തെ താഴെയിറക്കി. ഇതുതന്നെയാണ് ത്രിപുരയിലും സംഭവിച്ചത്. പരമസാധുവായ നൃപന്‍ചക്രവര്‍ത്തിയെ മുന്‍നിര്‍ത്തി വര്‍ഷങ്ങളോളം ഭരണം നടത്തി. നേതാക്കള്‍ പല തലമുറയ്ക്ക് കഴിയാനുള്ള സ്വത്ത് സമ്പാദിക്കുന്നത് കണ്ടുമനസിലാക്കിയ ജനങ്ങള്‍ ആ ഭരണവും വലിച്ചുതാഴെയിറക്കി.

കേരളത്തില്‍ ഒരുകാലത്ത് സേവനസന്നദ്ധരായ ഏതാനും നേതാക്കള്‍ ഉണ്ടായിരുന്നു. അവരെ ഓര്‍ത്താണ് ജനം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്തു പോന്നത്. ഇപ്പോഴും ചിലരൊക്കെ വോട്ടു ചെയ്യുന്നതും. എകെജി, ഇഎംഎസ്,  ഇ.കെ. നായനാര്‍ തുടങ്ങിയവര്‍ ജനമനസ്സു കീഴടക്കിയിരുന്നു. സി. അച്യുതമേനോന്‍ ഏഴു വര്‍ഷത്തെ മുഖ്യമന്ത്രിപദം അവസാനിപ്പിച്ച് സ്വദേശമായ തൃശൂരിലേക്ക് മടങ്ങിപ്പോയത്, കെഎസ്ആര്‍ടിസി ബസിലായിരുന്നു. ഈ നടപടിയുടെ പേരില്‍ സിപിഐക്ക് കുറെ അണികളെ ലഭിച്ചു. തലചായ്ക്കാന്‍ ഇടമില്ലാത്ത ആളുകള്‍ക്ക് ഇടം കണ്ടുപിടിച്ച 'ലക്ഷംവീടി'ന്റെ ഉപജ്ഞാതാവയ എം.എന്‍. ഗോവിന്ദന്‍ നായരുടെ സേവനത്തിന്റെ പേരിലും സിപിഐയ്ക്ക് കുറെ അണികളെ ലഭിച്ചു. കേരളത്തിന്റെ വ്യവസായ ഭൂപടത്തിലെ തിളങ്ങുന്ന വ്യക്തിത്വമായിരുന്ന  ടി.വി. തോമസ്. 

എന്നാല്‍ മേല്‍പറഞ്ഞ സേവന തത്പരരായ എല്ലാ വ്യക്തികളും ജീവിതത്തില്‍ നിന്നു മറഞ്ഞുപോയി. അവരുടെ കാലത്തെ അണികളും ഇന്നില്ല. ഇന്നുള്ളത്. അവരുടെ സന്തതിപരമ്പരകളാണ്. ഇവരുടെ രാഷ്ട്രീയ നിലപാടാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. അവരുടെ നിലപാട് 'എന്റെ അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നു, അതുകൈാണ്ട് ഞാനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്യും' എന്നാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തയ്യാറായിട്ടും വിദ്യാഭ്യാസത്തിലും പ്രബുദ്ധതയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ മറിച്ചു ചിന്തിക്കാത്തത് അത്ഭുതകരമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.