ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താറിനെത്തിയ അതിഥികളെ ഐഎസ്‌ഐ തടഞ്ഞു

Sunday 2 June 2019 10:59 am IST

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ പാക് രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍(ഐഎസ്‌ഐ) തടഞ്ഞതായി ആരോപണം. ഇഫ്താറില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ പാക്കിസ്ഥാനി രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി ഇന്ത്യന്‍ ഹൈകമ്മീഷ്ണറാണ് അറിയിച്ചത്. 

ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇഫ്താര്‍ വിരുന്നിന് ക്ഷണമുണ്ടായിരുന്ന അതിഥികള്‍ക്ക് അജ്ഞാത ഫോണ്‍ നമ്പറുകളില്‍ നിന്നും ഭീഷണി കോളുകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് അതിഥികള്‍ വിരുന്നില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.

കൂടാതെ ചിലരെ ഹോട്ടലിന് മുന്നില്‍ തടഞ്ഞ് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. പാകിസ്ഥാന്‍ രഹസ്യന്വേഷണ ഏജന്‍സി ഐഎസ്ഐ നേരിട്ടാണ് ചടങ്ങ് അലങ്കോലമാക്കിയത് എന്നാണ് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഹോട്ടലിന്റെ ഗേറ്റുകള്‍ പൂട്ടി അതിഥികളോട് ഇഫ്താര്‍ വിരുന്ന് കഴിഞ്ഞതായി ഇവര്‍ കള്ളം പറഞ്ഞതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം ഗൗരവകരമായി കാണുന്നെന്ന് അറിയിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ അതിഥികളോട് ക്ഷമ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.