ഉപഭോഗം ഒന്‍പതു ശതമാനം വര്‍ധിച്ചു; റബ്ബര്‍ ഉത്പാദനം കുറഞ്ഞു

Sunday 2 June 2019 12:46 pm IST

കോട്ടയം: പ്രകൃതിദത്ത റബ്ബറുപഭോഗത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒന്‍പതു ശതമാനം വര്‍ധനയുണ്ടായതായി റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍. കോട്ടയത്ത് 178ാമത് റബ്ബര്‍ബോര്‍ഡു യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017-2018 സാമ്പത്തികവര്‍ഷം 11,12,210 ടണ്‍ ആയിരുന്ന പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 2018-19ല്‍ 12,11,940 ടണ്ണായി വര്‍ധിച്ചു. ലഭ്യമായ കണക്കുകളനുസരിച്ച് പ്രകൃതിദത്ത റബ്ബറിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ഉത്പാദനം 6,48,000 ടണ്ണാണ്. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 6.6 ശതമാനത്തിന്റെ കുറവാണ് റബ്ബര്‍ ഉത്പാദനത്തില്‍ ഉണ്ടായിട്ടുള്ളത്. 

ടാപ്പ് ചെയ്യാവുന്ന തോട്ടങ്ങളുടെ വിസ്തൃതി വര്‍ധിക്കുകയും ഉത്പാദനം മെച്ചപ്പെടുത്തുന്നതിന് റബ്ബര്‍ബോര്‍ഡ് പല നടപടികളും കൈക്കൊള്ളുന്നുണ്ട്. കേരളത്തില്‍ റബ്ബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2019-20-ലെ റബ്ബറുത്പാദനം 750,000 ടണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  2019-20-ല്‍ പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 12,70,000 ടണ്ണില്‍ എത്തുമെന്നാണ് പ്രതീക്ഷ.

റബ്ബറിന്റെ ഇറക്കുമതിയില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2018-19-ല്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെപോലെ പ്രകൃതിദത്ത റബ്ബറിന്റെ ഇറക്കുമതിയുടെ 81 ശതമാനവും ബ്ലോക്കുറബ്ബര്‍ ആയിട്ടായിരുന്നു.

ആഭ്യന്തര കമ്പോളത്തിലെ റബ്ബറിന്റെ കുറഞ്ഞ ലഭ്യത, അന്താരാഷ്ട്ര ബ്ലോക്കുറബ്ബറും ആഭ്യന്തര ഷീറ്റു റബ്ബറും തമ്മിലുള്ള വിലവ്യത്യാസം എന്നിവയാണ് ഇറക്കുമതിയില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായ ഘടകങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.