ആത്മാര്‍ത്ഥതയുടെ സിംഫണി

Monday 3 June 2019 5:18 am IST
ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ ലീലാമേനോന്റെ ഒന്നാം ചരമ വാര്‍ഷികദിനം ഇന്ന്‌

ബംഗാള്‍ ഗസറ്റിന്റെ കാലംമുതല്‍ രണ്ടേകാല്‍നൂറ്റാണ്ട് നീളുന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ വനിതകള്‍ വളരെ കുറവാണ്. ഇതിന് ചെറിയ തോതിലെങ്കിലും മാറ്റംവന്നത് വളരെക്കാലം കഴിഞ്ഞാണ്. വെല്ലുവിളികള്‍നിറഞ്ഞ പത്രപ്രവര്‍ത്തന രംഗം പല കാരണങ്ങളാല്‍ വനിതകള്‍ക്ക് ചേര്‍ന്നതല്ലെന്ന ധാരണയെ കടപുഴക്കിയെറിഞ്ഞത് ലീലാമേനോന്‍ എന്ന ധീരവനിതയായിരുന്നുവെന്ന് നിസ്സംശയം പറയാം.

ലീലാമേനോന് മുന്‍പും പിന്‍പുമായി പത്രപ്രവര്‍ത്തന രംഗത്തെത്തി വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ വേറെയുണ്ടെങ്കിലും, മാധ്യമവനിത എന്ന വിശേഷണത്തിന് അര്‍ഹത നേടിയവര്‍ ഇല്ലെന്നുതന്നെ പറയാം. പത്രപ്രവര്‍ത്തകയായിരുന്ന നാല് പതിറ്റാണ്ടിനിടെ ആരോഗ്യം ക്ഷയിച്ച അവസാനകാലത്തെ ചില മാസങ്ങളൊഴികെ വാര്‍ത്തകളുടെ ലോകത്ത് ജീവിക്കാന്‍ കഴിഞ്ഞ അപൂര്‍വ വനിതയുമായിരുന്നു ലീലാമേനോന്‍.

പെരുമ്പാവൂരിനടുത്തെ വെങ്ങോല എന്ന ഗ്രാമത്തില്‍നിന്ന് പതിനെട്ടാമത്തെ വയസ്സില്‍ സര്‍ക്കാര്‍ജോലി കിട്ടി ഹൈദരാബാദിലേക്കുപോയ ലീലാ മഞ്ജരി എന്ന പെണ്‍കുട്ടി, ലോകമറിയുന്ന ലീലാമേനോന്‍ എന്ന പത്രപ്രവര്‍ത്തകയായതിനു പിന്നില്‍ അപാരമായ ഇച്ഛാശക്തിയുടെയും, അനീതികളോട് പൊരുത്തപ്പെടാനാവാത്ത ധാര്‍മിക ബോധത്തിന്റെയും പിന്‍ബലമുണ്ട്. 'നിലയ്ക്കാത്ത സിംഫണി'എന്ന ആത്മകഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് അതിന്റെ ഓരോ താളിലും ഇത് അനുഭവിച്ചറിയാനാവും.

ഇന്ത്യയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് 'ഇല്ലസ്‌ട്രേഡ് വീക്കിലി'യില്‍നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എത്തിയ അരുണ്‍ഷൂരിയാണെന്ന് പറയപ്പെടുന്നു.      ഭഗല്‍പ്പൂര്‍ കണ്ണ് കുത്തിപ്പൊട്ടിക്കല്‍ കേസും എ.ആര്‍. ആന്തുലെയുടെ സിമന്റ് കുംഭകോണവുമൊക്കെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടാറുമുണ്ട്.

എന്നാല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച വനിതയാരെന്ന അന്വേഷണം ചെന്നെത്തുക ലീലാമേനോനില്‍ ആയിരിക്കും. എയര്‍ഹോസ്റ്റസുമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിവാഹവിലക്കിനെക്കുറിച്ച് ലീലാമേനോന്‍ എഴുതി ബി.എം. സിന്‍ഹയുടെ 'പ്രോബ്' മാസിക കവര്‍‌സ്റ്റോറിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതിന്റെ തുടക്കം ദര്‍ശിക്കാം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരറ്റ് ആല്‍വ അഭിഭാഷകയായി സുപ്രീംകോടതിയില്‍ വാദിച്ച കേസ് ജയിക്കുകയും, എയര്‍ഹോസ്റ്റസുമാരുടെ വിവാഹവിലക്ക് നീങ്ങുകയും ചെയ്തു.

ഇത് മഹത്തായ തുടക്കമായിരുന്നു. ദല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍നിന്ന് കൊച്ചി എഡിഷനിലേക്കു വന്ന ലീലാമേനോന്‍ ന്യൂസ് ഡസ്‌ക്കിലെ ജോലിക്കുപകരം റിപ്പോര്‍ട്ടിങ് ചോദിച്ചുവാങ്ങുകയായിരുന്നു. പിന്നീടുണ്ടായത് അന്വേഷണാത്മക പത്രപ്രവര്‍ത്തനരംഗത്തെ വിസ്‌ഫോടനങ്ങളായിരുന്നു. വൈപ്പിന്‍ മദ്യദുരന്തം, നിലയ്ക്കല്‍പ്രശ്‌നം, തങ്കമണി പോലീസ് അതിക്രമം, പെരുമണ്‍ തീവണ്ടി അപകടം, റോമിലേക്ക് കന്യാസ്ത്രീകളെ കടത്തല്‍, സൂര്യനെല്ലി സ്ത്രീപീഡനം, മേരിറോയ് സ്വത്തുകേസ്, അരുവാക്കോട്ടെ വേശ്യാവൃത്തി... ഒന്നിനുപുറകെ ഒന്നായി ഫോര്‍ത്ത് എസ്റ്റേറ്റില്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു.

ഖാലിസ്ഥാന്‍ ഭീകരരുടെ തലവന്‍ ഭിന്ദ്രന്‍വാലയെ സുവര്‍ണ ക്ഷേത്രത്തില്‍ കടന്നുചെന്ന് ഇന്റര്‍വ്യൂ ചെയ്തതാണ് തവ്‌ലീന്‍ സിങ്ങിനെ പ്രശസ്തയാക്കിയത്. പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനെ ജാഫ്‌നയിലെ ഒളിയിടത്തില്‍ ചെന്നുകണ്ടത് അനിതാ പ്രതാപിനെ അദ്ഭുതവനിതയാക്കുകയും ചെയ്തു. ലീലാ മേനോന്റെ ആത്മസുഹൃത്ത് കൂടിയായിരുന്നു അനിത. ജീവന്‍ പണയം വച്ച് ലീലാമേനോന്‍ എന്ന പത്രപ്രവര്‍ത്തക പുറത്തുകൊണ്ടുവന്ന സത്യങ്ങള്‍ നിരവധിയാണ്. ഗുരുതരമായിരുന്നു ഇവയുടെ പ്രത്യാഘാതങ്ങള്‍. പ്രവര്‍ത്തനരംഗം കേരളമായതുകൊണ്ടാവാം അര്‍ഹിക്കുന്ന പ്രശസ്തി ലീലാമേനോന് ലഭിച്ചുവോ എന്ന കാര്യത്തില്‍ സംശയമാണ്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് പറയുമായിരുന്നതുപോലെ മാധ്യമരംഗത്തെ ഒരേയൊരു പുരുഷനായിരുന്നു ലീലാമേനോന്‍. ആരോടും എതിരിടാന്‍ മടിയില്ലായിരുന്നു, ഭയമില്ലായിരുന്നു. സൂര്യനെല്ലി പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ ''എന്ത് ബലാത്സംഗം, അമേരിക്കയില്‍ ചായ കുടിക്കുന്നതുപോലെ ബലാത്സംഗം നടക്കുന്നു'' എന്ന് ആ രാജ്യം സന്ദര്‍ശിച്ചെത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പരിഹസിച്ചത് വലിയ വിവാദമായി. ഇതിനെതിരെ 'ഫോര്‍ ഷെയിം ചീഫ് മിനിസ്റ്റര്‍' എന്ന പേരില്‍ ലീലാമേനോന്‍ മറുപടി നല്‍കി. ഇത് ഇഷ്ടപ്പെടാതിരുന്ന നായനാര്‍ എറണാകുളം പ്രസ്സ്‌ക്ലബ്ബില്‍ വച്ച് നേരില്‍ കണ്ടപ്പോള്‍ ''നിങ്ങളെക്കുറിച്ച് എനിക്ക് എല്ലാം അറിയാം'' എന്ന് ദുരുദ്ദേശ്യത്തോടെ പറയുകയുണ്ടായി. ''എന്തറിയാമെന്ന്?'' ലീലാ മേനോന്‍ തിരിച്ചുചോദിച്ചു. ഈ തന്റേടത്തിനുമുന്നില്‍ നായനാര്‍ പതറിപ്പോയി. ''നിങ്ങള്‍ക്ക് കാന്‍സറായിരുന്നുവെന്നും, ഭര്‍ത്താവിന് ആസ്തമയും ഡയബറ്റിക്‌സുമുണ്ടെന്നും എനിക്കറിയാം'' എന്നു നര്‍മം പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു നായനാര്‍.

മാധവിക്കുട്ടിയുടെ മതംമാറ്റം കൊടിയ വഞ്ചനയായിരുന്നുവെന്നും, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പ്രലോഭനം പണമായിരുന്നുവെന്നും അറിയാവുന്ന പലരും സാംസ്‌കാരികരംഗത്ത് ഉണ്ടായിരുന്നു. എല്ലാവരും ഇതേക്കുറിച്ച് നിശ്ശബ്ദത പാലിച്ചപ്പോള്‍ സത്യം തുറന്നുപറയാന്‍ തയ്യാറായത് ലീലാമേനോന്‍ മാത്രമാണ്. മുസ്ലിംലീഗിന്റെ ഒരു നേതാവാണ് തന്റെ ആത്മസുഹൃത്തുകൂടിയായ മാധവിക്കുട്ടിയെ ചതിച്ചതെന്നും, ലൗജിഹാദിന്റെ ആദ്യ ഇരയാണ് മാധവിക്കുട്ടിയെന്നും 'ജന്മഭൂമി'യിലൂടെയാണ് വെളിപ്പെടുത്തിയത്. ഈ സത്യം പലപ്പോഴായി ആവര്‍ത്തിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഒരു സാംസ്‌കാരിക നായകന്‍ വഴി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോള്‍ നിശിതമായിരുന്നു പ്രതികരണം. ഇക്കാര്യം പറഞ്ഞ് ആരും തന്റെ വീടിന്റെ പടി ചവിട്ടേണ്ട എന്നാണ് ലീലാമേനോന്‍ പറഞ്ഞത്.

ജീവിതത്തിന്റെ സായാഹ്നകാലത്താണ് ലീലാമേനോന്‍ 'ജന്മഭൂമി'യിലെത്തുന്നത്. എഡിറ്ററായും ചീഫ് എഡിറ്ററായും 11 വര്‍ഷം. മുഖപ്രസംഗങ്ങളിലൂടെയും 'കാഴ്ചയ്ക്കപ്പുറം' എന്ന പംക്തിയിലൂടെയും തനിക്ക് പറയാനുള്ളത് തുറന്നെഴുതാനുള്ള സ്വാതന്ത്ര്യം ലഭിച്ചത് ഇടക്കിടെ സ്വകാര്യസംഭാഷണത്തില്‍ അഭിമാനത്തോടെ പറയുമായിരുന്നു. ഔദ്യോഗിക പദവിക്കപ്പുറം 'ജന്മഭൂമി'യുമായി ആത്മബന്ധം തന്നെ ഉടലെടുത്തു. ബോധം മറഞ്ഞുപോയ അവസാന നാളുകളിലൊഴികെ 2018 ജൂണ്‍ മൂന്നിന് ഈ ലോകത്തോട് വിടപറയുന്നതുവരെ ഈ ബന്ധം തെല്ലുപോലും ഉലയാതെ നിലനിന്നു. 'ജന്മഭൂമി'യുടെ നാല്‍പതാം പിറന്നാളില്‍ ലീലാ മേനോന്റെ ചില ലേഖനങ്ങള്‍ സമാഹരിച്ച് 'കാഴ്ചയ്ക്കപ്പുറം' എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഓര്‍മകളില്‍ നിറയുന്ന ആ നിഷ്‌കളങ്കമായ ചിരിയും, ഒരിക്കലും മായാതിരുന്ന കുങ്കുമപ്പൊട്ടും ഞങ്ങള്‍ക്ക് വലിയൊരു പ്രചോദനമായി നിലനില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.