മലയാളി ഐഎസ് ഭീകരന്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു

Monday 3 June 2019 9:11 am IST

കാസര്‍കോട്: കുംഭമേളയും തൃശൂര്‍ പൂരവും  അടക്കമുള്ള ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അബ്ദുല്‍ റാഷിദ് അബ്ദുള്ള എന്ന റാഷിദ് അബ്ദുള്ളയാണ് കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചത്.

 സംസ്ഥാനത്ത് നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 പേരെ ഐഎസില്‍ ചേര്‍ത്തതിന്റെ  മുഖ്യസൂത്രധാരനാണ് റാഷിദ്. ഇയാള്‍ അടക്കം ഒന്‍പത് ഇന്ത്യക്കാര്‍  യുഎസ് ബോംബാക്രമണത്തില്‍ ഒരു മാസം മുന്‍പ് കൊല്ലപ്പെട്ടതായി  ടെലിഗ്രാം ആപ്പ്  സന്ദേശമാണ് ലഭിച്ചത്. അബു ഇസ എന്ന ഐഎസിലെ റാഷിദിന്റെ തന്നെ പേരിലുള്ള ടെലിഗ്രാം ആപ്പില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.

ഇവരില്‍ നാല് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടും. 2016 മെയ്, ജൂണ്‍ മാസങ്ങളിലായി കാസര്‍കോട്ടെ 16 പേരുള്‍പ്പെടെ 21 മലയാളികളെയാണ് ബി ടെക്ക് ബിരുദധാരിയായ അബ്ദുള്‍ റാഷിദ് ഐഎസ് കേന്ദ്രത്തിലെത്തിച്ചത്. പടന്ന പീസ് പബ്ലിക്ക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന റാഷിദ് ഭാര്യ ആയിഷയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. അവിടെ  കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസര്‍കോടുകാരനായ റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തേ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. എന്നാല്‍ ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല. റാഷിദ് അഫ്ഗാനിസ്ഥാനിലെത്തിയത് രണ്ടാം ഭാര്യ ബീഹാര്‍ സ്വദേശിനി  യാസ്മിന്‍ അഹമദിന്‍െസ സഹായത്തോടെ. ഐഎസിലെത്തിയ ഏഴ് പേര്‍ നേരത്തെ  വിവിധ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.  യാസ്മിന്റെ സഹായത്തോടെയാണ് അബ്ദുള്‍ റാഷിദടക്കമുള്ളവര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്.  യാസ്മിന്‍ അഫ്ഗാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദല്‍ഹി  വിമാനത്താവളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി.

കാസര്‍കോട് തൃക്കരിപ്പൂരിലെ അബ്ദുള്‍ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസ്സുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീന്‍, മര്‍വാര്‍ ഇസ്മായില്‍, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനി നിമിഷ തുടങ്ങിയവരെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകളിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ കാസര്‍കോട് നിന്ന് ഐഎസ് ഗ്രൂപ്പിലെത്തിയ  ഹഫീസുദ്ദീന്‍, യഹിയ, മര്‍വാന്‍, മുര്‍ഷിദ് എന്നിവര്‍  യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.