'എന്റെ മതമാണ് ശരിയെന്ന് വിശ്വസിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്

Tuesday 4 June 2019 1:07 am IST

എന്റെ മതമാണ് ശരിയെന്ന് വിശ്വസിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, മതമൗലികവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ രാജ്യത്തിന് ഭീഷണി തന്നെയാണ്. മതവിശ്വാസം ശരിയായ മാര്‍ഗമാകുമ്പോള്‍ മതമൗലികവാദം തീര്‍ത്തും തെറ്റായ ഒന്നാണ്. മതവിശ്വാസത്തെ ആരും എതിര്‍ക്കുന്നില്ല. ഭരണഘടന അത് അനുവദിക്കുന്നുമുണ്ട്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്ന മതമൗലികവാദം ലോകത്തിന് ഭീഷണിയാണ്.

- എംജിഎസ് നാരായണന്‍

 

ഈസ്റ്റര്‍ ദിവസം ലങ്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന ആരോപണം സംബന്ധിച്ച് എനിക്ക് വിവരമൊന്നുമില്ല. ഭീകരാക്രമണത്തിനു 17 ദിവസം മുന്‍പുതന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രീലങ്കന്‍ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയിരുന്നെങ്കിലും എന്നെ അറിയിച്ചിരുന്നില്ല. ആ സമയം ഞാന്‍ വിദേശയാത്രയിലായിരുന്നു. പ്രതിരോധ സെക്രട്ടറിയും പൊലീസ് ഐജിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. ഇവരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. തുടര്‍ന്നാണ് ഇരുവരെയും തല്‍സ്ഥാനത്തുനിന്നു നീക്കിയത്.

 മൈത്രിപാല സിരിസേന (ലങ്കന്‍ പ്രസിഡന്റ്)

 

കേരളത്തിന്റെ രാഷ്ട്രീയചരിത്രം അസാധാരണമായി ദര്‍ശിച്ചതാണ് ഇത്തവണത്തെ വിധിയെഴുത്ത്. കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ഇത്രമേല്‍ കോണ്‍ഗ്രസ്സിനനുകൂലമായി മാറിയ വിധിയെഴുത്ത് മുന്‍പെങ്ങുമുണ്ടായിട്ടില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുകൂല ബിജെപിവിരുദ്ധ ഗവണ്‍മെന്റ് അധികാരത്തില്‍ വരണമെന്ന ന്യൂനപക്ഷ ജനതയുടെ ആഗ്രഹമാണ് ഈ വിധിയെഴുത്തിലൂടെ പ്രകടമായത്. കേരളത്തില്‍ ഭരണം കയ്യാളുന്ന പാര്‍ട്ടി എന്ന നിലയില്‍ പ്രധാന പങ്ക് വഹിക്കുന്ന സിപിഎമ്മിന്റെ പൊതു സമൂഹത്തോടുള്ള സമീപനത്തിലും ജനകീയ പ്രശ്‌നങ്ങളില്‍ പുലര്‍ത്തുന്ന നിഷേധാത്മക പെരുമാറ്റത്തിലും അടിമുടി മാറ്റം ഈ ഫലസൂചനകള്‍ ആവശ്യപ്പെടുന്നുണ്ട്.

- സജി ജെയിംസ്

(സമകാലിക മലയാളം പത്രാധിപര്‍)

 

താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി സംഘടിപ്പിക്കുന്നതിലെ ബിജെപിയുടെ മികവ് എന്‍ഡിഎയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ആര്‍എസ്എസ്സിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും അഖിലേന്ത്യാ വ്യാപകമായ സംഘടനാശൃംഖലയും ബിജെപിക്കു സഹായകമായി. ഭരണവിരുദ്ധവികാരം കുറച്ചൊക്കെ മുന്‍കാലങ്ങളില്‍ സ്പഷ്ടമായിട്ടും ആ പാര്‍ട്ടിയെ അധികാരത്തോടടുപ്പിച്ച പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

 - സതീശ് സൂര്യന്‍

സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന ഒരു ധനധൂര്‍ത്ത് രാഷ്ട്രീയമുണ്ട്. അതാണ് കേരളത്തിന്റെ ധനസ്ഥിതി അടിസ്ഥാനപരമായി തകര്‍ക്കുന്നത്. ഈ ധനധൂര്‍ത്ത് രാഷ്ട്രീയം വിട്ട് ധനസ്ഥിതി മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഈ ധനധൂര്‍ത്ത് രാഷ്ട്രീയം എല്ലാ സര്‍ക്കാരുകള്‍ക്കും ബാധകമാണ്. ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും വലിയ വ്യത്യാസമൊന്നുമില്ല.

- ഡോ. ബി.എ.പ്രകാശ്

 

ബജറ്റിന് പുറത്ത് കൂടുതല്‍ പണം സമാഹരിക്കുന്നതിനുള്ള സ്ഥാപനപരമായ ഉപകരണമായി കിഫ്ബിയെ ഇവര്‍ വളര്‍ത്തി. അങ്ങനെ ചെയ്യുമ്പോള്‍ ജനങ്ങളോടും നിയമസഭയോടും കൂടുതല്‍ ഉത്തരവാദിത്വമുണ്ട് എന്ന ബോധ്യം മറക്കാന്‍ പാടില്ല. അതുകൊണ്ട് ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ ഒരു ധവളപത്രം തയാറാക്കി പ്രസിദ്ധീകരിക്കുകയാണു വേണ്ടത്. എവിടെ നിന്നെല്ലാമാണ്, ഏതെല്ലാം സ്രോതസ്സുകളില്‍ നിന്നാണ്, എന്തൊക്കെ വ്യവസ്ഥകളിലാണ് പണം സമാഹരിക്കുന്നത്, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഈ പണം ചെലവാക്കപ്പെടുന്നത് എന്നതിന്റെ ഒരു രൂപരേഖയെങ്കിലും അതിലുണ്ടാകണം.

- ഡോ: എം.എ.ഉമ്മന്‍

 

യുപിഎ വീണ്ടും വന്നാല്‍ ജിഎസ്ടി പുനപ്പരിശോധിക്കും എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു പറയേണ്ടിവന്നു. കോണ്‍ഗ്രസ് പോലും ജിഎസ്ടിക്ക് എതിരെ പറയുകയും ഒരു മിനിമം വരുമാനം പൗരനു നിര്‍ബ്ബന്ധമായും ഉണ്ടാകണമെന്നു വാദിക്കുകയും പഴയ ക്ഷേമരാഷ്ട്രസങ്കല്‍പ്പം പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കു കുറഞ്ഞ നിലയിലെങ്കിലും ആശ്വാസം കൊടുക്കുന്ന നയം വേണം എന്നതാണ് കാരണം. പക്ഷേ, പിണറായിയുടെ നയം അതിനു വിരുദ്ധമാണ്.

- പ്രൊഫ. പി.ജെ. ജെയിംസ്

 

ഇനി ഇപ്പോള്‍ നമ്മള്‍ മസാലബോണ്ടല്ല ഡോളര്‍ ബോണ്ടാണ് പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. അതു കഴിഞ്ഞാല്‍ ചെറുകിട നിക്ഷേപകരായ സാധാരണക്കാര്‍ക്കുകൂടി വാങ്ങാന്‍ കഴിയുന്ന ഡയാസ് പെറ ബോണ്ടുകൂടി ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം എടുത്തിരിക്കുന്നത് 2,000 കോടിയുടേതെങ്കില്‍ ഈ വര്‍ഷത്തെ ബില്ലുകള്‍ അടയ്ക്കാനുള്ള പണം പൂര്‍ണമായും കിഫ്ബിയുടെ കൈയിലുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടക്കുന്ന മറ്റു പരിശ്രമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ കാര്യങ്ങളൊക്കെ മുന്‍കൂട്ടി തീരുമാനിച്ചതുപോലെ കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണ്.

- ഡോ: ടി.എം. തോമസ് ഐസക്

 

പാബ്ലൊ നെരൂദ, ഒക്ടോവിയോ പാസ്, നിക്കോനാര്‍ പാര്‍റ, ലോര്‍ക്ക തുടങ്ങിയ കവികളിലൂടെ മലയാളി വായനക്കാര്‍ക്ക് മലയാള കവിതപോലെ പരിചിതമാണ് സ്പാനിഷ് കവികളും അവരുടെ കവിതയും. നെരൂദയുടെ ഒരു വരിയെങ്കിലും, (വിശേഷിച്ച്,' ഈ രാത്രി ഞാനെഴുതും ഏറ്റവും പ്രണയാര്‍ദ്രമായ വരികള്‍' പോലുള്ളവ) ചൊല്ലാത്ത ഒരു കവിതാസ്വാദകനും മലയാളത്തില്‍ ഉണ്ടാവില്ല. പെന്‍ഗ്വിന്‍ പ്രസാധകര്‍ ഇംഗ്ലീഷിനു പുറത്തുള്ള എഴുത്തുകാരുടെയും കവികളുടെയും രചനകളുടെ ഇംഗ്ലീഷ് പരിഭാഷ ഉള്‍പ്പെടുത്തി ലോക കവിതാസമാഹാരങ്ങളും ക്ലാസിക് പരമ്പരകളും പുറത്തിറക്കുകയും ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രററി വഴി പ്രചരിപ്പിക്കാനും തുടങ്ങിയശേഷം സംഭവിച്ചതാണ് ഇത്.

- ടി.പി. രാജീവന്‍

 

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാലു നൂറ്റാണ്ടിന്റെ ചരിത്രം മാപ്പിളപ്പാട്ടുകള്‍ക്കുണ്ട്. ഇക്കാലമത്രയും ചരിത്രത്തിന്റെകൂടെ നടക്കുകയായിരുന്നു ഈ ഗാനശാഖ. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഓരോ ഘട്ടത്തെയും സസൂക്ഷ്മം ഒപ്പിയെടുക്കാന്‍ ഇതിനായിട്ടുണ്ട്. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ ഇവയിലുള്‍പ്പെടും.

-  ഡോ: പി.എ. അബൂബക്കര്‍

 

മാപ്പിളപ്പാട്ടിനെ ഒരു സമുദായത്തിന്റെയൊ, സമൂഹത്തിന്റെയോ മാത്രം പാട്ടാക്കി നിലനിര്‍ത്താതെ അത് മൊത്തം കേരളീയ സമൂഹത്തിന്റേതാക്കി മാറ്റിയതില്‍ എരഞ്ഞോളിയുടെ പങ്ക് ചെറുതല്ല. അനുഷ്ഠാനങ്ങളുടെയും, വിശ്വാസത്തിന്റെയും, ആചാരങ്ങളുടേയുമൊക്കെ ഉള്ളറകളില്‍ നിന്നിരുന്ന ഒരു ഗാനശാഖയെ പുറത്തേക്ക്, പൊതുസമൂഹത്തിലേക്ക് കൊണ്ടുവന്നതില്‍ 'കായലരികത്ത് ' എന്ന പാട്ട് വഹിച്ച പങ്കിനെക്കുറിച്ചും, അങ്ങനെയൊരു പ്രക്രിയയില്‍ വി.എം.കുട്ടി മാഷ് വഹിച്ച പങ്കിനെക്കുറിച്ചുമെല്ലാം ഇന്ന് മലയാളിക്ക് അറിയാം.

- വി.ടി.മുരളി

 

കേന്ദ്രവും സംസ്ഥാനവും രണ്ടല്ല എന്നതാണ് മോദി സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് നീതി ആയോഗില്‍ മുഖ്യമന്ത്രിമാരുടെ യോഗംകൂടി വിളിക്കുന്നത്. മന്ത്രി എന്ന നിലയില്‍ ഞാന്‍ ഏറ്റുമുട്ടലിനല്ല വരുന്നത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ സമീപനം ഇവിടെ വിഷയമാവുന്നില്ല. സര്‍ക്കാരുകള്‍ തമ്മിലാണ് ഇടപെടലുകള്‍ വരുന്നത്.

- വി.മുരളീധരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.