ഇഷ്ടമുള്ള ഭാഷ പഠിക്കാം

Tuesday 4 June 2019 4:52 am IST

ന്യൂദല്‍ഹി: വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് കസ്തൂരി രംഗന്‍ സമിതി സമര്‍പ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇംഗ്ലീഷ് ഭാഷയോടൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് തിരുത്തിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപത്തിനിടയാക്കിയ ഭാഗം ഒഴിവാക്കി. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ ഒരു ഇന്ത്യന്‍ ഭാഷയും മറ്റ് സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിനും മാതൃഭാഷയ്ക്കുമൊപ്പം ഹിന്ദിയും പഠിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിനും മാതൃഭാഷയ്ക്കുമൊപ്പം ഇഷ്ടമുള്ള ഒരു ഇന്ത്യന്‍ ഭാഷയും എന്നാക്കിയാണ് ഭേദഗതി വരുത്തിയത്. 

 തമിഴ്‌നാട്ടില്‍നിന്നാണ് കരട് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധങ്ങള്‍  ഏറെയും ഉയര്‍ന്നത്. ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മനോഹരമായ പരിഹാരമെന്ന് ഭേദഗതി വരുത്തിയ നടപടിയെ സ്വാഗതം ചെയ്ത് എ.ആര്‍. റഹ്മാന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, ത്രിഭാഷാ പദ്ധതി അംഗീകരിക്കില്ലെന്നും ഇംഗ്ലീഷും തമിഴും മാത്രം മതിയെന്നും ഡിഎംകെ പറഞ്ഞു. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് വ്യക്തമാക്കിയിരുന്നു. 

കരട് റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല. എല്ലാവരുടെയും അഭിപ്രായങ്ങളും പരാതികളും കേട്ടതിന് ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. അദ്ദേഹം വിശദീകരിച്ചു. ആശങ്കകള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ കരട് റിപ്പോര്‍ട്ട് നടപ്പാക്കൂവെന്ന് കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും എസ്.ജയ്ശങ്കറും തമിഴില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.