ചാവേറാക്രമണം; ശ്രീലങ്കയിലെ മുസ്ലിം മന്ത്രിമാരും ഗവര്‍ണര്‍മാരും രാജിവച്ചു

Tuesday 4 June 2019 5:47 pm IST

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ചാവേറാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കയിലെ ഒന്‍പത് മുസ്ലിം മന്ത്രിമാരും രണ്ടു ഗവര്‍ണര്‍മാരും 19 എംപിമാരും രാജിവച്ചു. തങ്ങള്‍ക്ക് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനും അവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും വിദേശികള്‍ ധാരാളമായി എത്തുന്ന മൂന്ന് ഹോട്ടലുകളിലുമുണ്ടായ ചാവേറാക്രമണത്തില്‍ 253 പേര്‍ മരിച്ചിരുന്നു. ഐഎസും അവരുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാ അത്തുമായിരുന്നു ആക്രമണത്തിനു പിന്നില്‍. ഇതില്‍ തൗഹീദുമായി പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും പല മുസ്ലിം നേതാക്കള്‍ക്കും ബന്ധമുണ്ടെന്നും അവര്‍ ഭീകരരെ സഹായിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

മുഖ്യപ്രതി സഹ്‌റാന്‍ ഹാഷിമുമായി അടുത്ത ബന്ധുണ്ടായിരുന്ന ഒരു എംപിയെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരാക്രമണ ശേഷം രാജ്യത്തൊട്ടാകെ മുസ്ലിങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. തൗഹീദുമായി ബന്ധമുള്ള മൂന്നു നേതാക്കളെ പുറത്താക്കാണമെന്നാവശ്യപ്പെട്ട് ബുദ്ധസന്ന്യാസിമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കാന്‍ഡിയില്‍ വമ്പന്‍ പ്രതിഷേധ പ്രകടങ്ങളും നടന്നു. തുടര്‍ന്നാണ് മന്ത്രിമാരടക്കമുള്ളവരുടെ രാജി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.