കശ്മീരില്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നു; ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി

Tuesday 4 June 2019 7:26 pm IST
ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഏതാനും ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഗവര്‍ണര്‍ ഭരണത്തിലാണ് സംസ്ഥാനം. വ്യാഴാഴ്ചത്തെ ഉന്നതതല യോഗത്തില്‍ കശ്മീരിലെ സ്ഥിതിഗതികളും അമര്‍നാഥ് യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും അമിത് ഷാ വിലയിരുത്തി.

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സാധ്യതകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയേക്കും. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. 

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഏതാനും ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഗവര്‍ണര്‍ ഭരണത്തിലാണ് സംസ്ഥാനം. വ്യാഴാഴ്ചത്തെ ഉന്നതതല യോഗത്തില്‍ കശ്മീരിലെ സ്ഥിതിഗതികളും അമര്‍നാഥ് യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും അമിത് ഷാ വിലയിരുത്തി.

ജനസംഖ്യയില്‍ 54.93 ശതമാനമുള്ള കശ്മീര്‍ താഴ്‌വരയിലാണ് മണ്ഡലങ്ങള്‍ കൂടുതല്‍-46. ഭൂവിസ്തൃതിയില്‍ 15.73 ശതമാനം വരുന്ന ഇവിടെ 96.40 ശതമാനവും മുസ്ലിങ്ങളാണ്. 42.89 ശതമാനം ജനസംഖ്യയുള്ള ഹിന്ദു ഭൂരിപക്ഷമായ ജമ്മുവില്‍ 37 മണ്ഡലങ്ങള്‍. എന്നാല്‍ ഭൂവിസ്തൃതി 25.93 ശതമാനം വരും. 2.18 ശതമാനം ജനസംഖ്യയുമുള്ള ലഡാക്കില്‍ നാല് മണ്ഡലങ്ങളാണുള്ളത്. 46.40 ശതമാനം മുസ്ലിം, 39.67 ശതമാനം ബുദ്ധ, 12.11 ശതമാനം ഹിന്ദു എന്നിങ്ങനെയാണ് ജനസംഖ്യാ കണക്ക്. താഴ്‌വരയില്‍ പട്ടികജാതി, വര്‍ഗ്ഗ സംവരണ മണ്ഡലങ്ങളില്ല. 1991ല്‍ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഗുജ്ജാര്‍, ബകര്‍വാള്‍സ്, ഗഡ്ഡൂസ് വിഭാഗങ്ങള്‍ 11 ശതമാനം വരുമ്പോഴാണിത്. ഇതും പരിഹരിക്കുക ലക്ഷ്യം.

1995ലാണ് ഇതിന് മുന്‍പ് അതിര്‍ത്തി പുനര്‍നിര്‍ണയം. എല്ലാ പത്ത് വര്‍ഷവും ഇത് നടപ്പാക്കണമെന്ന് ജസ്റ്റിസ് കെ.കെ. ഗുപ്ത കമ്മീഷന്‍ ശുപാര്‍ശയും ചെയ്തിരുന്നു. 2026വരെ അതിര്‍ത്തി പുനര്‍നിര്‍ണയം മരവിപ്പിച്ച് 2002ല്‍ ഫാറൂഖ് അബ്ദുള്ള ജമ്മു കശ്മീര്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു. സത്യപാല്‍ മാലിക്, ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജെയിന്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഡിജിമാര്‍ തുടങ്ങിയവരുമായി അമിത് ഷാ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്.

രാഷ്ട്രീയമായി വിവേചനം നേരിടുന്നതായി ജമ്മു, ലഡാക്ക് മേഖലയിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. കശ്മീരിന് കൂടുതല്‍ പരിഗണന നല്‍കുന്നതായും ജമ്മുവിനെയും ലഡാക്കിനെയും അവഗണിക്കുന്നതായി ബിജെപിയും വിമര്‍ശിച്ചു. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിഡിപി 28, ബിജെപി 25 സീറ്റുകള്‍ നേടിയിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പിഡിപിയും ബിജെപിയും സഖ്യം രൂപീകരിച്ചെങ്കിലും പിന്നീട് തകര്‍ന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.