പ്രതീക്ഷ നല്‍കുന്ന ടീം മോദി

Wednesday 5 June 2019 5:31 am IST
മോദിയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ ജയശങ്കര്‍ നിര്‍ണായക പങ്കുവഹിക്കുമെന്നതില്‍ സംശയമില്ല. വിദേശകാര്യങ്ങളില്‍ ഇന്ത്യയിലും പുറത്തും സ്വീകാര്യനാണ് ജയശങ്കര്‍. പ്രധാനമന്ത്രിയുടെ വിശ്വസ്തനെന്ന നിലയില്‍ അദ്ദേഹത്തിന് രാഷ്ട്രീയനേതാക്കളുടെ ഇടപെടല്‍ നേരിടേണ്ടി വരില്ല.

പ്രധാനമന്ത്രി എത്ര ശക്തനായാലും അദ്ദേഹം ആദ്യം നേരിടുന്ന വെല്ലുവിളി മന്ത്രിസഭാ രൂപീകരണം തന്നെയാണ്. പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ഭീഷണിയും പിണക്കങ്ങളും കൂറുമാറലുകളും അതിജീവിച്ചാല്‍ മാത്രമേ അദ്ദേഹം ആഗ്രഹിക്കുന്ന  സ്വപ്‌ന ടീം സൃഷ്ടിക്കാനാവുകയുള്ളൂ. നരേന്ദ്രമോദി പരിഗണിച്ച മാനദണ്ഡങ്ങള്‍ വ്യക്തമായിരുന്നെങ്കിലും അവസാനം വരെയുണ്ടായിരുന്ന അനിശ്ചിതത്വം വ്യക്തമാക്കിയത്, മന്ത്രിസഭാ രൂപീകരണത്തിന് പിന്നില്‍ ഒരു ഭഗീരഥ പ്രയത്‌നം ഉണ്ടായിരുന്നു എന്നതാണ്. പ്രധാനമന്ത്രിയുടെ വിശേഷാധികാരമുള്ള വിഷയമാണ് ഇതെന്ന് അംഗീകരിക്കുമ്പോഴും പാര്‍ട്ടികളും വ്യക്തികളും അവസാനം വരെ പൊരുതുക തന്നെ ചെയ്യും.

ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെങ്കിലും ഘടകകക്ഷികളെ കൂടെ നിര്‍ത്തുകയായിരുന്നു എറ്റവും വലിയ വെല്ലുവിളി. അരുണ്‍ ജയ്റ്റ്‌ലിയും സുഷമാസ്വരാജും ആരോഗ്യ പ്രശ്‌നങ്ങളാല്‍ മാറുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇരുവരും ആദ്യത്തെ മോദി ഗവണ്‍മെന്റില്‍ വിലപ്പെട്ട മന്ത്രിമാരായിരുന്നതിനാല്‍ അവരുടെ അസാന്നിദ്ധ്യം നഷ്ടം തന്നെയാണ്. 

പുതിയ നിയമനങ്ങളില്‍ ഏറ്റവും പ്രധാനം ജയശങ്കറിന്റെ തന്നെ. ഒരു വിദേശകാര്യ സെക്രട്ടറി വിദേശകാര്യമന്ത്രിയാകുന്നത് ആദ്യമായിട്ടാണ്. രാഷ്ട്രീയ പരിചയമില്ലാത്ത ജയശങ്കറിന് ക്യാബിനറ്റ് പദവി നല്‍കിയത് പ്രധാനമന്ത്രിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നു. മോദിയുടെ വിദേശനയം അദ്ദേഹം തന്നെ രൂപപ്പെടുത്തിയതാണ്. എങ്കിലും, ആ നയത്തെ വിശദീകരിക്കാനും പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തെ ഏറ്റവും സഹായിച്ച വ്യക്തിയാണ് ജയശങ്കര്‍. വിദേശ നയത്തില്‍ ഏറെ പ്രാധാന്യമുള്ള ചൈനയും അമേരിക്കയും ജയശങ്കറിന് പ്രത്യേക താത്പര്യമുള്ള രാജ്യങ്ങളാണുതാനും. ആ രണ്ടു രാജ്യങ്ങളിലും അംബാസഡറായിരുന്ന അദ്ദേഹം മോദിയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നതില്‍ സംശയമില്ല. വിദേശകാര്യങ്ങളില്‍ ഇന്ത്യയിലും പുറത്തും സ്വീകാര്യനാണ് ജയശങ്കര്‍. പ്രധാനമന്ത്രിയുടെ വിശ്വസ്തനെന്ന നിലയില്‍ അദ്ദേഹത്തിന് രാഷ്ട്രീയനേതാക്കളുടെ ഇടപെടല്‍ നേരിടേണ്ടി വരില്ല. 

കേരളത്തില്‍ നിന്ന് ആരായിരിക്കും മന്ത്രിസഭയില്‍ ഉണ്ടാകുകയെന്നത് വലിയ ചോദ്യചിഹ്നമായിരുന്നു. കുമ്മനം രാജശേഖരന്‍ ജയിച്ചാല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല, രാജ്യസഭാംഗമെന്ന നിലയില്‍ വി. മുരളീധരന്‍ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു. അത് നടന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ദല്‍ഹിയില്‍ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ്. മുരളീധരന് പ്രവാസികാര്യം ഉള്‍പ്പെടുന്ന വിദേശകാര്യ വകുപ്പ് നല്‍കിയത് പ്രധാനപ്പെട്ട കാര്യമായാണ് കാണുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ വിദേശത്ത് ജോലി ചെയ്യുമ്പോള്‍ മലയാളം സംസാരിക്കുന്ന പ്രവാസികാര്യമന്ത്രിക്ക് ഏറെ ചെയ്യാനുണ്ട്. പാര്‍ലമെന്ററികാര്യവും അദ്ദേഹത്തിന് നന്നായി നിര്‍വ്വഹിക്കാനാകുമെന്ന വിശ്വാസം പ്രധാനമന്ത്രിക്കുണ്ടാകും. 

കേന്ദ്രമന്ത്രിസഭയില്‍ മിക്ക സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ച സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയതും സ്വാഭാവികം. ദേശീയ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അവരെല്ലാം തയ്യാറാകേണ്ടതുണ്ട്. പണ്ടത്തെപ്പോലെ രാജ്യം മുഴുവന്‍ അറിയുന്നവരല്ല കേന്ദ്രമന്ത്രിമാര്‍. രാഷ്ട്രീയാഭിപ്രായങ്ങള്‍ മറന്ന് സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ വികസനം സാദ്ധ്യമാകൂ. ഉദ്യോഗസ്ഥന്മാരും ദേശീയ കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കണം.  

ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും സുരേഷ് പ്രഭു അസാമാന്യ കഴിവുള്ള വ്യക്തിയാണ്. ശിവസേന പ്രവര്‍ത്തകനായ അദ്ദേഹത്തെ വാജ്‌പേയ് മന്ത്രിസഭയില്‍ നിന്ന് ശിവസേന പിന്‍വലിച്ചിരുന്നു. 

മോദിയുടെ സത്യപ്രതിജ്ഞാ സമയത്ത് വിദേശത്തുനിന്ന് വന്ന പ്രതിനിധികള്‍ എല്ലാം ബിംസ്റ്റെക്ക് എന്ന സംഘടനയുടെ  പ്രതിനിധികളായിരുന്നു. ദക്ഷിണേഷ്യന്‍ സഹകരണത്തിനായി സൃഷ്ടിച്ച 'സാര്‍ക്' ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ കാരണം ഇല്ലാതായിരിക്കുകയാണ്. പാക്കിസ്ഥാനില്ലാത്ത പ്രാദേശിക സംഘടന എന്ന നിലയിലാണ് ബിംസ്റ്റെക്ക് പ്രാധാന്യം നേടിയത്. ശ്രീലങ്കയില്‍ നിന്നും നേപ്പാളില്‍ നിന്നും നേതാക്കന്മാര്‍ എത്തിയെങ്കിലും പൊതുവേ വിദേശ പ്രാതിനിധ്യം തിളങ്ങിയില്ല. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റും മൊറീഷ്യന്‍ പ്രധാനമന്ത്രിയും ഒന്നും വലിയ ശ്രദ്ധയാകര്‍ഷിച്ചില്ല. പാക്കിസ്ഥാനെ മാറ്റി നിര്‍ത്തിയതാണ് ഇത്തവണത്തെ പ്രത്യേകത.

മോദിയുടെ വ്യക്തിപ്രഭാവവും പ്രാധാന്യവുമാണ് സത്യപ്രതിജ്ഞയില്‍ വ്യക്തമായത്. കഴിവുള്ളവരെ കൂട്ടിച്ചേര്‍ത്ത് എല്ലാ താത്പര്യങ്ങള്‍ക്കും അംഗീകാരം നല്‍കി രൂപീകരിച്ച മന്ത്രിസഭയാണിത്. ഇനിയും കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രശസ്ത പത്ര പ്രവര്‍ത്തകനായിരുന്ന ബിജി വര്‍ഗ്ഗീസ് തന്റെ ആത്മകഥയില്‍ പറയുന്നത്, ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെ വലിയ വിനോദമാണ് മന്ത്രിസഭാ രൂപീകരണവും വികസനവും എന്നാണ്. പുതിയ മന്ത്രിമാരെ സൃഷ്ടിക്കാനും, ഉള്ളവരെ പുറത്താക്കാനും മാധ്യമങ്ങള്‍ക്ക് കഴിയും. വലിയ വാര്‍ത്തകളൊന്നുമില്ലാത്ത ഒരു ദിവസം കിട്ടിയാല്‍ മന്ത്രിസഭാ വികസനം ഉണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്ത പരത്തിയാല്‍ എല്ലാ മന്ത്രിമാരും അതിനുപിറകേ പോവുകയും ഗവണ്‍മെന്റിന് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി വിചാരിക്കുകപോലും ചെയ്യാത്ത പേരുകള്‍ അദ്ദേഹത്തിന് മുമ്പില്‍ കൊണ്ടുവരുന്നതും മാധ്യമങ്ങളാണ്. മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവര്‍ മാധ്യമങ്ങളുടെ സഹായം തേടാറുണ്ട്. ഇതൊക്കെ നടക്കുമെങ്കിലും മോദിയെപ്പോലെ ശക്തനായ പ്രധാനമന്ത്രി, എല്ലാവരേയും നിയന്ത്രിച്ച് നല്ല ഭരണം കാഴ്ചവക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.