യാഥാര്‍ഥ്യത്തിന്റെ കീറാമുട്ടി

Wednesday 5 June 2019 5:50 am IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ സത്യസന്ധമായി അപഗ്രഥിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടിയെ വിമര്‍ശിക്കുന്ന തിരക്കിലാണല്ലോ  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ചില കോണ്‍ഗ്രസ് നേതാക്കളും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്ട്രീയ രീതിയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെത്. രാജ്യത്താകമാനം ബിജെപിയുടെ ഉജ്വലവിജയത്തിന്റെ കാരണം മുന്‍വിധികളില്ലാതെ പരിശോധിച്ചാല്‍ അദ്ദേഹം കണ്ടെത്തിയതൊക്കെ കൃത്യവും ശരിയുമാണെന്ന് മനസിലാകും. മോദിക്ക് മംഗളപത്രം നല്‍കുകയല്ല അബ്ദുള്ളക്കുട്ടി ചെയ്തത്. തന്റെ രാഷ്ട്രീയബോധ്യം വിളിച്ചുപറഞ്ഞു. അത്രമാത്രം. മുമ്പും പാര്‍ട്ടി ചട്ടക്കൂടുകള്‍ ലംഘിച്ച് സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് അബ്ദുള്ളക്കുട്ടി. അതിനെ ജനാധിപത്യത്തിന്റെ വിശാല അര്‍ഥത്തില്‍ നോക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ?

കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന വാദവും ദേശാടനപക്ഷി എന്ന പ്രയോഗവും അദ്ദേഹത്തിനുമേല്‍ ചാര്‍ത്തുന്നത് ഉചിതമല്ല. അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ്സിലെത്തിയത് നിലനില്‍പ്പിന്റെ ഭാഗമായാണ്. കണ്ണൂരില്‍നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം, വികസനവിരുദ്ധത എന്നിവക്കെതിരെ പ്രതികരിച്ചു. തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസനപാത കേരളം പിന്‍തുടരണമെന്ന പരാമര്‍ശമാണ്  പുറത്താക്കാന്‍ കാരണമായത്.

കണ്ണൂരിന്റെ പശ്ചാതലത്തില്‍ അബ്ദുള്ളക്കുട്ടിക്ക് തന്റെ ജീവന്‍ നിലനിര്‍ത്തുക എന്നത് പരമപ്രധാനമാണ്. അത്തരത്തില്‍ എല്‍ഡിഎഫ് വിട്ടാല്‍ യുഡിഎഫില്‍ രാഷ്ട്രീയഅഭയം എന്നത് സ്വാഭാവികമായ കാര്യമാണ്. അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ് കോണ്‍ഗ്രസ്സില്‍ എത്തിയത് എന്നത് ശരിയല്ല. അഥവാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എന്തിന് ആ അധികാരമോഹിയെ പച്ചപ്പരവതാനിവിരിച്ച് സ്വീകരിച്ചു?

10 ലക്ഷം ജനങ്ങള്‍ ഇത്തവണ ബിജെപിക്ക് പുതുതായി വോട്ടുചെയ്തു. അവരൊക്കെ സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ കാലാകാലമായി വോട്ട് ചെയ്തവരായിരുന്നു. ഈ ജനലക്ഷങ്ങളെ ദേശാടനക്കിളികളെന്ന് അക്ഷേപിക്കാന്‍ ആരും മുതിരുന്നില്ല. ജനത്തിന്റെ, അഥവാ സമൂഹത്തിന്റെ പരിഛേദമാണ് രാഷ്ട്രീയനേതാക്കളും. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും പഴയ അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും വീക്ഷണം എഡിറ്റോറിയല്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്.

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് ജനം മോദിക്ക് വോട്ട് ചെയ്തത്. അബ്ദുള്ളക്കുട്ടി സമുഹത്തിന്റെ പരിഛേദം തന്നെ. ശരിയിലേക്കുള്ള വാതിലുകള്‍ തുറക്കാതെ വേലിക്കുള്ളില്‍ തളച്ചാല്‍ ഉത്പതിഷ്ണുക്കള്‍ വേലിചാടുന്നെങ്കില്‍ അതാണ് മനുഷ്യന്റെ അടിസ്ഥാന ചോദന. അബ്ദുള്ളക്കുട്ടി എന്നത് കോണ്‍ഗ്രസിന് കീറാമുട്ടി അല്ലായിരുന്നിരിക്കാം. അദ്ദേഹം കേരള സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് എത്തിച്ച വിഷയങ്ങളാണ് യഥാര്‍ത്ഥ കീറാമുട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.