ഭാഗ്യജാതകത്തില്‍ തുടങ്ങി മനസ്സിനക്കരയില്‍ തിരിച്ചുവരവ്

Wednesday 5 June 2019 6:12 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം നേടിയ ഷീല, എംജിആര്‍ നായകനായ 'പാശം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1962-ല്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'ഭാഗ്യജാതക'ത്തിലൂടെ മലയാളത്തിലെത്തി. തുടര്‍ന്നിങ്ങോട്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് അവര്‍ പ്രേക്ഷകമനസ്സുകള്‍ കീഴടക്കി. 

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പുരസ്‌കാരം നേടിയത് ഷീലയാണ്. 1969-ല്‍ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. 1971-ല്‍ ഒരു പെണ്ണിന്റെ കഥ, ശരശയ്യ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാം തവണയും മികച്ച നടിയായി. 1976-ല്‍ 'അനുഭവ'ത്തിലെ അഭിനയത്തിന് മൂന്നാം തവണയും  അംഗീകാരം ഷീലയെ തേടിയത്തെി. 2004-ല്‍ 'അകലെ'യിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും അവരെ തേടിയെത്തി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവനടിക്കുള്ള ദേശീയ പുരസ്‌കാരവും ഷീല കരസ്ഥമാക്കി. 

ഒരു നായകനടനോടൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികാവേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോഡിന് ഉടമയാണ് ഷീല. പ്രേംനസീറിനോടൊപ്പം നൂറ്റിമുപ്പതോളം ചിത്രങ്ങളില്‍ ഷീല അഭിനയിച്ചു. 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍ക്കാലികമായി അഭിനയരംഗത്തു നിന്ന് വിടവാങ്ങി.  2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയായി തിരിച്ചുവരവ് നടത്തി. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ 'ഒന്നു ചിരിക്കൂ' എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്. 'കുയിലിന്റെ കൂട്' എന്ന ഗ്രന്ഥവും രചിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.