മോദി നാളെ ഗുരുവായൂരില്‍: ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

Friday 7 June 2019 1:23 am IST

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 9ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 

ഇന്ന് രാത്രി എറണാകുളത്തെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 8.45 ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തും. അവിടെ നിന്ന് കാര്‍ മാര്‍ഗം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ശേഷം ഒന്‍പത് മണിക്ക് ക്ഷേത്ര ദര്‍ശനത്തിനെത്തും. ദേവസ്വം ഭരണാധികാരികളും ഊരാളന്മാരുമടങ്ങുന്ന സംഘം ക്ഷേത്രനടയില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. തുലാഭാരം മുതലായ വഴിപാടുകള്‍ നടത്തിയ ശേഷമാണ് പുറത്തിറങ്ങുക. 10 മണിക്ക് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അഭിനന്ദന്‍ സഭയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 25 മിനിറ്റ് പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം 10.45ന് മടങ്ങും. 

പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഡിഐജി, ഐജി എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ബുധനാഴ്ച നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, കമ്മീഷണര്‍ യതീഷ്ചന്ദ്ര, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. 

ഭക്തജനങ്ങള്‍ക്ക് തടസ്സമുണ്ടാവുന്ന തരത്തിലുള്ള യാതൊരു നടപടികളും പാടില്ലെന്നും ക്ഷേത്രത്തില്‍ നിന്ന് ഭക്തരെ ഒഴിപ്പിക്കരുതെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ആദ്യമായാണ് കേരളത്തിലെത്തുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പ്രധാനമന്ത്രിക്കൊപ്പം എത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.