എഎന്‍-32 വിമാനം കാണാതാവുമ്പോള്‍ എടിസി ഡ്യൂട്ടിയിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ

Thursday 6 June 2019 5:45 pm IST
കാണാതാവുന്ന സമയത്ത് വിമാനത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍(എടിസി) ഉണ്ടായിരുന്നത് പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ന്യൂദല്‍ഹി ചൈനീസ് അതിര്‍ത്തിക്ക് സമീപം അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിനായി തിരച്ചില്‍ തുടരുന്നതിനിടെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. കാണാതാവുന്ന സമയത്ത് വിമാനത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍(എടിസി) ഉണ്ടായിരുന്നത് പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്ന വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു ഒരുമണിക്കൂര്‍ കഴിഞ്ഞ് വിവരമറിയിക്കാന്‍  സന്ധ്യയുടെ ഫോണ്‍ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് പറഞ്ഞു. 

അടിയന്തിരമായി വിമാനം എവിടെയെങ്കിലും ലാന്റ് ചെയ്തുകാണുമെന്ന് കരുതി. അങ്ങനെ സംഭവിച്ചുവെങ്കില്‍ വിമാനത്തിലെ ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീര്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് ആശിഷ് തന്‍വാറും സന്ധ്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആശിഷ് 2013ലാണ് ഐഎഎഫില്‍ ചേരുന്നത്. തുടര്‍ന്ന് 2015ല്‍ വ്യോമസേന വിമാനത്തില്‍ പൈലറ്റാകുകയും ചെയ്തു.

വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. മഴ തുടരുന്നത് തെരച്ചില്‍ ദുഷ്‌ക്കരമാക്കുകയാണ്. അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.