ചര്‍ച്ച ചെയ്യപ്പെടേണ്ടത് ബംഗാള്‍

Friday 7 June 2019 2:02 am IST
തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ബംഗാളില്‍ നിന്ന് വന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളായിരുന്നു. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ബൂത്ത് പിടിച്ചെടുത്ത് വോട്ടുകളെല്ലാം ഓഫീസര്‍മാരുടെ ഒത്താശയോടുകൂടി തൃണമൂല്‍ കോണ്‍ഗ്രസ്സിന് തന്നെ ചെയ്യുന്ന ഗുണ്ടാസ്വഭാവമുള്ള പ്രവര്‍ത്തകരെ ദേശീയ മാധ്യമങ്ങള്‍ തുറന്ന്കാട്ടി.

90 കോടി ജനങ്ങള്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ചത്. വലിയ  ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതെ വോട്ടെടുപ്പു നടന്നെങ്കിലും ഒരിടത്ത് കമ്മിഷന്റെ കണക്കുകൂട്ടല്‍ പിഴച്ചു - ബംഗാളില്‍. അതുകൊണ്ടുതന്നെ ഇനി ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് ആ സംസ്ഥാനമായിരിക്കുകയും ചെയ്യും. 

തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ബംഗാളില്‍ നിന്ന് വന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളായിരുന്നു. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ബൂത്ത് പിടിച്ചെടുത്ത് വോട്ടുകളെല്ലാം ഓഫീസര്‍മാരുടെ ഒത്താശയോടുകൂടി തൃണമൂല്‍ കോണ്‍ഗ്രസ്സിന് തന്നെ ചെയ്യുന്ന ഗുണ്ടാസ്വഭാവമുള്ള പ്രവര്‍ത്തകരെ ദേശീയ മാധ്യമങ്ങള്‍ തുറന്ന്കാട്ടി. ജയ്ശ്രീറാം വിളിച്ചവര്‍ക്കെതിരെ ആക്രോശിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ധിക്കാരവും നാംകണ്ടു. തെരഞ്ഞെടുപ്പ് റാലികള്‍ക്കായി ബംഗാളില്‍ എത്തുന്നതില്‍നിന്ന് അമിത്ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കളെ തടയുന്ന സംഭവങ്ങള്‍  ഉണ്ടായി. ഇത്രയേറെ പരിശ്രമിച്ചിട്ടും അധികാരദുര്‍വിനിയോഗം നടത്തിയിട്ടും ബിജെപി 40.3 ശതമാനം വോട്ട് നേടുകയും 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. തൃണമൂലിന് ലഭിച്ചത് 43.3 ശതമാനം വോട്ടും 22 സീറ്റും. ഒരിക്കല്‍ ബംഗാള്‍ അടക്കിവാണിരുന്ന ഇടതുപക്ഷത്തിന് ഇത്തവണ സീറ്റൊന്നും ലഭിച്ചില്ല. കിട്ടിയ വോട്ട് വെറും 6.3 ശതമാനം. 

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സ്റ്റാലിനിസ്റ്റ് മനോഭാവത്തോടെയാണ് മമതയുടെ ഭരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏകദേശം അന്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ടു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. ബംഗാളില്‍ കൊലചെയ്യപ്പെട്ട പ്രവര്‍ത്തകരുടെ ബന്ധുക്കളെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു. ഈ കാരണത്താല്‍ ബംഗാള്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. ജനാധിപത്യം ബംഗാളില്‍ ഇത്ര പരസ്യമായി കശാപ്പ് ചെയ്യപ്പെട്ടിട്ട് കൂടി വലിയ വിഭാഗം മാധ്യമങ്ങള്‍ ബംഗാളിനെ അവഗണിക്കുകയായിരുന്നു. 

മോദിയില്‍നിന്ന് ഭാരതത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ മഹാഗഢ്ബന്ധന് പ്രാദേശിക കക്ഷികള്‍ നല്‍കിയത്. ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ നടന്ന ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ അവരില്‍ ഒരു കക്ഷിപോലും എതിര്‍ത്തില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമത്തിന് ഇരയായി എങ്കില്‍ക്കൂടി സിപിഎ പോലും ഇതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചില്ല. യാതൊരു ധാര്‍മ്മികതയും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ മഹാഗഢ്ബന്ധന്‍ തകര്‍ന്നടിഞ്ഞതു തന്നെയാണ് ഈ ജനാധിപത്യത്തിന്റെ വിജയം. മമതയെപ്പോലെ അധികാരം നേടാന്‍ ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാത്ത നേതാക്കന്മാര്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. അടിയന്തിരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധിയും പരാജയപ്പെട്ടിരുന്നു. ബംഗാളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. 

ഗണേഷ് പുത്തൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.