സുധീന്ദ്രതീര്‍ഥ സ്വാമി ശാംഭവി മുതല്‍ ഗംഗ വരെ

Friday 7 June 2019 1:34 am IST
ബദരി മുതല്‍ രാമേശ്വരം വരെയുള്ള 35ഓളം കാശിമഠങ്ങളും ഭാരതത്തിലെ പുണ്യകേന്ദ്രങ്ങളില്‍ മഠകേന്ദ്രങ്ങളും ശാഖകളും സ്ഥാപിച്ചു. ഹരിദ്വാറിലെ വ്യാസാശ്രമം, വ്യാസ ജന്മസ്ഥാനമായ കല്പിയിലെ ബാലവ്യാസ മന്ദിര്‍, തിരുമല, ബദരിനാഥ് കാശി മഠങ്ങള്‍, അമ്പലമേട് അഷ്ട കുലദേവതാ സമുച്ചയം തുടങ്ങിയവ ചിലത് മാത്രം.

ഹരിദ്വാര്‍: കര്‍ണാടക മുള്‍ക്കിയില്‍ ശാംഭവി നദീ തീരത്ത് തുടങ്ങി ഗംഗാ തീരം വരെയുള്ള സുധീന്ദ്രതീര്‍ഥ സ്വാമികളുടെ  കാലഘട്ടം കാശിമഠ ചരിത്രത്തില്‍ സുവര്‍ണകാലമാണ്. ഏഴ് പതിറ്റാണ്ട് ആത്മീയാചാര്യനായിരുന്നതിനൊപ്പം സേവനങ്ങള്‍ക്കും  മുന്‍തൂക്കം നല്‍കുന്നതായിരുന്നു സുധീന്ദ്രതീര്‍ഥ സ്വാമിയുടെ പ്രവര്‍ത്തനം. 

കാശി മഠങ്ങളുടെ പുനരുദ്ധാരണത്തിനൊപ്പം ക്ഷേത്രങ്ങളുടെ നവീകരണം ആചാരാനുഷ്ഠാന സംരക്ഷണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പാഠശാലകളും വായനാകേന്ദ്രങ്ങളും മ്യൂസിയങ്ങളും ആശുപത്രികളും തുടങ്ങി. 

ബദരി മുതല്‍ രാമേശ്വരം വരെയുള്ള 35ഓളം കാശിമഠങ്ങളും ഭാരതത്തിലെ പുണ്യകേന്ദ്രങ്ങളില്‍ മഠകേന്ദ്രങ്ങളും ശാഖകളും സ്ഥാപിച്ചു. ഹരിദ്വാറിലെ വ്യാസാശ്രമം, വ്യാസ ജന്മസ്ഥാനമായ കല്പിയിലെ ബാലവ്യാസ മന്ദിര്‍, തിരുമല, ബദരിനാഥ് കാശി മഠങ്ങള്‍, അമ്പലമേട് അഷ്ട കുലദേവതാ സമുച്ചയം തുടങ്ങിയവ ചിലത് മാത്രം. 

ശാസ്ത്രജ്ഞനാകാന്‍ കൊതിച്ച കൊച്ചി നഗരിയിലെ സദാശിവ ഷേണായി 1944 മെയ് 24ന് മുള്‍ക്കിയില്‍ ശാംഭവി തീരത്തു വെച്ച് ഗുരു സുകൃതീന്ദ്രതീര്‍ഥ സ്വാമികളില്‍ നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിച്ച് സുധീന്ദ്ര തീര്‍ഥസ്വാമികളായി. 2002 ജൂണില്‍ ഉത്തരാധികാരിയായി പറവൂര്‍ സ്വദേശി ഉമേശ് മല്ലന് ദീക്ഷ നല്‍കി സംയമീന്ദ്ര തീര്‍ഥയെ അവരോധിച്ചു. നവതി പിന്നിട്ട് 2016 ജനുവരി 16ന് ഗംഗാ തീരത്ത് സമാധിയിലായി. അദ്ദേഹത്തിന്റെ ദീക്ഷ സ്വീകരണത്തിന്റെ 75 വാര്‍ഷിക ദിനാഘോഷത്തിലാണ് ഭക്തര്‍.

ആത്മീയാചാര്യന് ആത്മസമര്‍പ്പണവുമായി അമൃതോത്സവം

ആത്മീയാചാര്യന് ആത്മസമര്‍പ്പണം ചെയ്ത് ഭക്തസഹസ്രങ്ങള്‍ അനുഗ്രഹം നേടി. കാശിമഠാധിപതി സംയമീന്ദ്ര തീര്‍ഥ സ്വാമികളുടെ സാന്നിധ്യത്തിലാണ് ഗുരു സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ 75-ാമത് ദീക്ഷാ വാര്‍ഷിക അമൃതോത്സവം നടന്നത്. ഹരിദ്വാറില്‍, ഗംഗാതീരത്ത് വ്യാസാശ്രമത്തിലെ സുധീന്ദ്രതീര്‍ഥ സ്വാമി വൃന്ദാവനത്തിലും വ്യാസമന്ദിരത്തിലും 1008 ഭക്തരുടെ പവമാനാഭിഷേകം നടന്നു. വേദമന്ത്രങ്ങള്‍, ഭജന കീര്‍ത്തനങ്ങള്‍, വാദ്യമേളങ്ങളോടെ സാംസ്‌കാരിക ഘോഷയാത്ര എന്നീ ചടങ്ങുകള്‍ നടന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15,000ല്‍ ഏറെ ഭക്തരാണ് ഹരിദ്വാറിലെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ 11ന് ഗംഗാ തീരത്ത് സുധീന്ദ്രതീര്‍ഥ സ്വാമികളുടെ പൂര്‍ണകായ പ്രതിമ സംയമീന്ദ്ര തീര്‍ഥ സ്വാമികള്‍ അനാഛാദാനം ചെയ്തു. തുടര്‍ന്ന് പൂജയും നടന്നു. തുറവൂര്‍ ലക്ഷ്മീ നരസിംഹ വാദ്യകലാകേന്ദ്ര സംഘം നടത്തിയ ചെണ്ടമേളം, അഷ്ടപദി, പഞ്ചവാദ്യമേളം എന്നിവ ഏറെ ശ്രദ്ധേയമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.