ചെങ്ങന്നൂര്‍: വരട്ടാര്‍ പുനഃരുജ്ജീവനപ്രവര്ത്തനങ്ങളില് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ ബിജെപിയുടെ വേറിട്ട പ്രതിഷേധം. പരിസ്ഥിതി ദിനത്തില്‍ ബിജെപി ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പുഴ നടത്തം, നദീപൂജ, വരട്ടാര്സംരക്ഷണ പ്രതിജ്ഞ എന്നിവ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
കോടികള്‍ ചിലവിട്ട് ജൂണ്‍ അഞ്ചിന് മാത്രം നടത്തുന്ന പരിപാടികള്‍ പ്രഹസനമായെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയോട് സംഘര്‍ഷം പാടില്ല. ആചരണമല്ല, അനുഷ്ഠാനമാണ് പരിസ്ഥിതിദിനം. സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി പ്രകൃതിയെ ഉപഭോഗവസ്തുവായി കാണരുത്. വരട്ടാര്‍ സംരക്ഷണസേന രൂപീകരിച്ച് ഇരുകരകളിലും ഉള്ളവര്‍ നദിയുടെ സംരക്ഷണം ഏറ്റെടുത്ത് മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
വരട്ടാര്‍ തീരത്ത് നടന്ന ചടങ്ങില്‍ യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീരാജ് ശ്രീവിലാസം വരട്ടാര്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഴുക്കീര്‍ കെ.സി. ശ്രീകുമാറിന്റെ വീട്ടില്‍ സിന്ദൂരവരിക്കപ്ലാവിന്റെ തൈ നട്ടു. തുടര്‍ന്ന് നടന്ന നദീപൂജയില് കുമ്മനം രാജശേഖരന് കര്‍പ്പൂരാരതി നടത്തി. എംസി റോഡില്‍ പ്രാവിന്കൂട് വരട്ടാര്‍ പാലത്തിനു സമീപത്തുനിന്നാണ് പുഴ നടത്തം ആരംഭിച്ചത്.
സമാപന സമ്മേളനത്തില്‍ ബിജെപി ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അധ്യക്ഷനായി. ചടങ്ങില്‍ ആലപ്പുഴ ജില്ലാ ജനറല്‍സെക്രട്ടറി എം.വി. ഗോപകുമാര്‍, പി.കെ.വാസുദേവന്‍, കെ.ജി. കര്‍ത്ത, ശ്യാമളാ കൃഷ്ണകുമാര്‍, ജി. ജയദേവ്, ഗോപന് ചെന്നിത്തല, എസ്.കെ. രാജീവ്, സുരേഷ്കുമാര്‍ അമ്പീരേത്ത്, പി.ടി. ലിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: