സെറീനയ്ക്ക് പാക് ബന്ധം; എന്‍ഐഎ അന്വേഷണം തുടങ്ങി

Friday 7 June 2019 1:27 am IST

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പ്രതിയുടെ പാക്കിസ്ഥാന്‍ ബന്ധം പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാനേഷണ വിഭാഗം ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സെറീന ഷാജിയുടെ പാക് ബന്ധം ഡിആര്‍ഐ കണ്ടെത്തിയതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍.

 സെറീന ഷാജിക്ക് സ്വര്‍ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത് പാക്കിസ്ഥാന്‍കാരനായ നദീം ആണെന്ന് കണ്ടെത്തിയിരുന്നു. ഇയാളാണ് സെറീനയുടെ ബ്യൂട്ടിപാര്‍ലറിലേക്ക് സൗന്ദര്യവര്‍ധക സാധനങ്ങള്‍ നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് സംഘത്തെ ദുബായിയില്‍ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളാണെന്നും സെറീന ഡിആര്‍ഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് എന്‍ഐഎയും കേന്ദ്ര രഹസ്യാനേഷണ ഏജന്‍സിയും അന്വേഷണം നടത്തുന്നത്. 

 രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ ഭീകരവാദം ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഡിആര്‍ഐ ആവശ്യപ്പെട്ടിരുന്നു. ഡിആര്‍ഐ നേരത്തെ അറസ്റ്റ് ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ അടക്കം പ്രതിയാക്കിയാണ് അന്വേഷണം ഏറ്റെടുത്ത സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ആരോപണവിധേയരായ പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ഒന്നാം പ്രതിയാണ്.

ഇരുപത്തഞ്ചു കിലോ സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുനില്‍ കുമാര്‍, സെറീന ഷാജി, സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ഇടത് നേതാവ് അഡ്വ. ബിജുമോഹന്‍, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിയിരുന്ന ജൂവലറിയുടെ ഉടമ മുഹമ്മദ് അലി, മാനേജര്‍മാരായ പി.കെ. റാഷിദ്, അബ്ദുള്‍ ഹക്കീം എന്നിവരാണ് മറ്റ് പ്രതികള്‍. ബിജുമോഹന്‍ നേരത്തെ കീഴടങ്ങിയിരുന്നു. വിഷ്ണു, അബ്ദുല്‍ ഹക്കീം, മുഹമ്മദ് അലി എന്നിവരൊഴികെ ബാക്കി പ്രതികളെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

 സന്ദര്‍ശക വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരികയുമാണ് സംഘത്തിന്റെ രീതി. സെറീന വഴിയാണ് സ്വര്‍ണക്കടത്തിനുള്ളവരെ  റിക്രൂട്ട് ചെയ്തിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. മുന്‍ ബാര്‍ അസോസിയേഷന്‍ നേതാവ് കൂടിയായ ബിജുവിനെ ഉപയോഗപ്പെടുത്തി ഹക്കീമാണ് സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കിയിരുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.