പക്ഷിരാജന്‍

Friday 7 June 2019 9:58 am IST

വേദത്രയത്തോടു ദേവത്രയമായതും

പാദത്രയവും പദത്രയവും നീയേ 

നാദത്രയവും വര്‍ണത്രയവും നീയേ

ജ്യോതിസ്ത്രയവുമഗ്‌നിത്രയവും നീയേ  

ശക്തിത്രയവുംഗുണത്രയവുംനീയേ

ഭുക്തിമുക്തിപ്രദയുക്തഭക്തപ്രിയ

ലോകത്രയത്തിത്തിനു ശോകത്രയം തീര്‍

വേഗംപ്രഭാനിധേ പക്ഷികുലോകോത്തമാ

സപ്താശ്വകോടി തേജോമയനായ് സുവ-

ര്‍ണാദ്രിപോലെ പവനാശനനാശനന്‍

നാഗാരി രാമപാദം വണങ്ങീടിനാന്‍

നാഗാസ്ത്ര ബന്ധനം തീര്‍ന്നിതു-

തല്‍ക്ഷണം

 

മേല്‍പ്പറഞ്ഞ ഗുണവിശേഷങ്ങള്‍ എല്ലാം തികഞ്ഞ മഹദ്വ്യക്തി പക്ഷിരാജാവായ സാക്ഷാല്‍ ഗരുഡനാണ്. ഭഗവാന്‍ ശ്രീമഹാവിഷ്ണു ഗരുഡനെ തന്റെ വാഹനമാക്കിയതില്‍ അത്ഭുതപ്പെടാനില്ല. ആ ഗരുഡഭഗവാന്റെ കഥ ഇപ്രകാരമാണ്.

കാശ്യപപ്രജാപതിയുടെ രണ്ടുഭാര്യമാരാണ് വിനതയും കദ്രുവും. വിനത സല്‍ഗുണസമ്പന്നയും കദ്രു എല്ലാ ദുര്‍ഗുണങ്ങളുടേയും പ്രതിരൂപവും അഹങ്കാരിയുമായിരുന്നു. കശ്യപപ്രജാപതി തന്റെ പത്‌നിമാരോട് അവര്‍ക്കുണ്ടാകുന്ന സന്തതികള്‍ എങ്ങനെ ആയിരിക്കണം എന്നു ചോദിച്ചു. വിനത വിനയാന്വിതയായി എല്ലാ സത്ഗുണങ്ങളുമുള്ള തേജസ്വികളായ പുത്രന്മാര്‍ തനിക്ക് ഉണ്ടാവണം എന്ന് പ്രജാപതിയോട് പറഞ്ഞു. 

എന്നാല്‍ കദ്രു തനിക്ക് ഉഗ്രമൂര്‍ത്തികളായ, ദു:സ്വഭാവികളായ പുത്രന്മാരേയാണ് തനിക്ക്  വേണ്ടത് എന്നു പറഞ്ഞു. കാലക്രമേണ വിനതയും കദ്രുവും ഗര്‍ഭം ധരിച്ചു. 

രണ്ടുപേരില്‍ ആദ്യം പ്രസവിച്ചത് കദ്രുവാണ്. കദ്രുവിന്റെ മക്കള്‍ സര്‍പ്പക്കുഞ്ഞുങ്ങളായിരുന്നു. വിനതയുടെ ഗര്‍ഭസ്ഥശിശു പൂര്‍ണ വളര്‍ച്ച പ്രാപിച്ചിരുന്നില്ല. കഴിയുന്നതും വേഗം തനിക്കും തനിക്കും കുഞ്ഞു പിറക്കണം എന്ന മോഹത്താല്‍ വിനത ഗര്‍ഭപാത്രം ഭേദ്യം ചെയ്ത് പ്രസവിച്ചു. പക്ഷേ വിനതയുടെ പുത്രന് കാലുകള്‍ ഉണ്ടായിരുന്നില്ല. ദു:ഖിതയായ വിനത പ്രജാപതിയോട് സങ്കടമറിയിച്ചു. അദ്ദേഹം പുത്രന് അരുണന്‍ എന്നു പേരു നല്‍കി തന്റെ മൂത്ത പുത്രനായ  സൂര്യന്റെ തേരാളിയാവാന്‍ കല്‍പിച്ചു. 

അങ്ങനെ അരുണന്‍ ജ്യേഷ്ഠനായ സൂര്യ ഭഗവാന്റെ തേരാളിയായി. വളര്‍ച്ച പൂര്‍ണമാവാന്‍ സമ്മതിക്കാതെ തന്നെ പ്രസവിച്ച അമ്മയെ അരുണന്‍ ശപിച്ചു. അമ്മ, ദാസിയാവട്ടെ എന്നായിരുന്നു ആ ശാപം. കുറച്ചുകാലങ്ങള്‍ക്കു ശേഷം വിനത വീണ്ടും ഗര്‍ഭിണിയായി. 

തന്റെ രണ്ടാമത്തെ ശിശുവിനെ പൂര്‍ണആര്യോഗവാനായി ജനിക്കാന്‍ വിനത വളരെയേറെ ശ്രദ്ധിച്ചു. അതിതേജസ്വിയായൊരു  പുത്രനെ വിനത പ്രസവിച്ചു.  ശിശുവിന് പ്രജാപതി ഗരുഡന്‍ എന്ന് നാമകരണം ചെയ്തു. ഗരുഡന്‍ ജനിച്ച സമയത്ത് ദേവലോകത്ത് അത്യപൂര്‍വമായ ഒരു തേജസ്സ് ദേവന്മാര്‍ കണ്ടു. ദേവഗുരുവായ ബൃഹസ്പതിയോട്, '  ഈ തേജസ്സ് എവിടെ നിന്നുണ്ടായി, കോടി സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുവോ, അതോ പ്രളയാഗ്‌നി വരികയാണോ'  എന്ന് ദേവന്മാര്‍ ചോദിച്ചു.  കാശ്യപപ്രജാപതിക്ക് അതിതേജസ്വിയായ ഒരു പുത്രന്‍ ജനിച്ചതാണ് ഈ തേജസ്സിന് കാരണമെന്ന് ബൃഹസ്പതി മറുപടി പറഞ്ഞു. 

 ഗരുഡന്‍ ജനിക്കുന്നതിനു മുമ്പ് വിനതയും കദ്രുവും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. ദേവേന്ദ്രന്റെ കുതിര ഉച്ചൈശ്രവസ്സ് വെളുത്തിട്ടാണെന്ന് വിനത പറഞ്ഞു. കദ്രുവിനും ആ കാര്യം അറിയാം. എന്നാല്‍ വിനതയെ വഞ്ചിക്കാന്‍ ഒരു സന്ദര്‍ഭം കാത്തിരുന്ന കദ്രു കുതിരയുടെ വാല്‍ കറുത്തിട്ടാണെന്ന് എന്ന് വാദിച്ചു. വിനത ആ വാദം സമ്മതിച്ചില്ല. 

അപ്പോള്‍ കദ്രു ഒരു പന്തയം വെയ്ക്കാന്‍ തീരുമാനിച്ചു.  വാദത്തില്‍ തോല്‍ക്കുന്നയാള്‍ വിജയിയുടെ ദാസിയാവണം എന്നതായിരുന്നു പന്തയം. വിനതയും കദ്രുവും ദേവലോകത്ത് പോയി കുതിരയെ നേരില്‍ കണ്ട് സത്യം മനസ്സിലാക്കാന്‍ തീരുമാനിച്ചു. 

കദ്രു, വിനതയെ തോല്‍പ്പിക്കാന്‍ മക്കളായ സര്‍പ്പക്കുഞ്ഞുങ്ങളോട് കുതിരയുടെ വാലില്‍് കറുത്തനിറം തോന്നിക്കുന്നവിധത്തില്‍ തൂങ്ങിക്കിടക്കാന്‍ പറഞ്ഞു. എന്നാല്‍ കദ്രുവിന്റെ കുഞ്ഞുങ്ങളില്‍ ചിലര്‍ ഈ  വഞ്ചനയ്ക്ക് കൂട്ടു നിന്നില്ല. അവര്‍ അഗ്‌നിയില്‍ വീണു മരിക്കട്ടെ എന്ന് കദ്രു ശപിച്ചു. മറ്റു കുഞ്ഞുങ്ങള്‍ കദ്രു പറഞ്ഞതനുസരിച്ച് കുതിരയുടെ വാലില്‍ തൂങ്ങിക്കിടന്ന് വാലില്‍ കറുപ്പു നിറത്തിന്റെ പ്രീതതിയുണ്ടാക്കി.  വിനതയും കദ്രുവും കുതിരയെ കണ്ടപ്പോള്‍ വാലിന് കറുത്ത നിറമായിരുന്നു. അങ്ങനെ വഞ്ചനയിലൂടെ കദ്രു, വിനതയെ തന്റെ ദാസിയാക്കി. വിനത ദാസിയായതു കൊണ്ട് മകന്‍ ഗരുഡനും ദാസനായി. ഗരുഡനെക്കൊണ്ട് സര്‍പ്പക്കുഞ്ഞുങ്ങള്‍ പല പണികളും ചെയ്യിക്കുക പതിവായി. ഗരുഡന്റെ പുറത്തുകയറി ലോകസഞ്ചാരം ചെയ്യുക, പലതും കൊണ്ടുവരാന്‍ കല്‍പ്പിക്കുക, എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യിച്ചു. 

വലുതായപ്പോള്‍ ഗരുഡന്‍,  നമ്മളിങ്ങനെ ദാസ്യവൃത്തി ചെയ്യുന്നതെന്തിനെന്ന് അമ്മയോടു ചോദിച്ചു. കദ്രുവുമായുള്ള പന്തയത്തിന്റെ കാര്യം വിനത ഗരുഡനോട് പറഞ്ഞു. ഇതു കേട്ട ഗരുഡന്‍ കദ്രുവിന്റെ അരികിലെത്തി, തന്റെ അമ്മയെ ദാസ്യവൃത്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ചു. ദേവലോകത്ത് നിന്ന് അമൃതു കൊണ്ടു വന്നാല്‍ വിനതയെ മോചിപ്പിക്കാമെന്ന് കദ്രു പറഞ്ഞു. അതുകേട്ടയുടനെ ഗരുഡന്‍ ദേവലോകത്തേക്ക് പറന്നു. അവിടെ, കനത്ത രക്ഷാവലയത്തിലാണ് ഇന്ദ്രന്‍ അമൃതു സൂക്ഷിച്ചിരുന്നത്. 

( തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.