വാനരസേനയെ വാഴ്ത്തി വിഭീഷണന്‍

Friday 7 June 2019 9:15 am IST

ധര്‍മബോധമില്ലാതെ അനീതികള്‍ മാത്രം ചെയ്തുകൂട്ടുന്നവനാണ് രാവണന്‍. എന്നിട്ടും രാവണനോടുള്ള സ്‌നേഹം വിഭീഷണന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു. അത് ശ്രീരാമദേവനു മനസ്സിലായി. 'നിന്റെ ജ്യേഷ്ഠനോട് നിനക്കുള്ള സ്‌നേഹം വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഉചിതമായ പ്രതിവിധിയൊന്നും കണ്ടില്ലെങ്കില്‍ യുദ്ധം അനിവാര്യമാണ്. പക്ഷേ ലങ്കയുടെ സ്ഥിതി നീ വിവരിച്ചതു പോലെയാണെങ്കില്‍ നമുക്ക്  വിജയം അസാധ്യമാകും. സൈന്യവും ആയുധങ്ങളുമെല്ലാം നമുക്ക് പരിമിതമാണ്. ഈ മഹാസമുദ്രം ചാടിക്കടന്ന് കോട്ടകളും ഗോപുരങ്ങളും കിടങ്ങുകളുമെല്ലാം അതിലംഘിക്കുക ദുഷ്‌ക്കരമാണ്.' ശ്രീരാമന്‍ വിഭീഷണനോട് പറഞ്ഞു. 

എന്നാല്‍ രാമന്റെ നാരായണാസ്ത്രം ഒന്നുമാത്രം മതി മൂന്നു ലോകങ്ങളേയും തകര്‍ക്കാന്‍ എന്നായിരുന്നു വിഭീഷണന്റെ മറുപടി. രാമലക്ഷ്മണന്മാരുടെ ദിവ്യശക്തികള്‍ക്കു മുന്നില്‍ രാവണനും ലങ്കയും ഒന്നുമല്ലെന്നായിരുന്നു വിഭീഷണന്‍ വിലയിരുത്തിയത്.

'അങ്ങയുടെ ദിവ്യമായ നാരായണാസ്ത്രത്തിന് പകരം വെയ്ക്കാന്‍ എന്താണുള്ളത്?  ലക്ഷ്മണകുമാരന്റെ വീരപരാക്രമങ്ങളില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ലങ്ക വെന്തു വെണ്ണീറാകും. സുഗ്രീവനാകട്ടെ  ഏതു രാക്ഷസപ്പടയേയും സംഹരിക്കാനുള്ള ശക്തിയുണ്ട്. പാലാഴിയില്‍ താണുപോയ മന്ഥരപര്‍വതം മഹാവിഷ്ണു ഉയര്‍ത്തിയപ്പോള്‍ വീണ്ടുമത് താഴാതെ ക്രമത്തിന് സൂക്ഷിച്ചത് സുഗ്രീവനായിരുന്നു. ഈ കൂനിക്കൂടിയിരിക്കുന്ന ഹനുമാന്‍ അല്പസമയത്തിനുള്ളില്‍ കാണിച്ചു കൂട്ടിയ പരാക്രമങ്ങളെന്തൊക്കെയായിരുന്നു.

അങ്ങേയറ്റം സുരക്ഷിതമായ ലങ്കയില്‍ കടന്ന് ബലശാലികളായ രാക്ഷസരെ ഓടിച്ച് രാജകീയോദ്യാനം പാടേ തകര്‍ത്തു. നിശാചര സൈന്യത്തെ പാടേ നിഗ്രഹിച്ചു. ഇന്ദ്രജിത്തിന്റെ സൈന്യത്തെയും നശിപ്പിച്ചു. വാലില്‍ ചുറ്റിയ തുണിയിലെ തീപടര്‍ത്തി ലങ്ക മുഴുവനും ചാമ്പലാക്കി. തീയില്‍ അകപ്പെട്ട് ലക്ഷക്കണക്കിന് രാക്ഷസരും രാക്ഷസികളും ചത്തൊടുങ്ങി. ലങ്കാ വാസികളില്‍ മൂന്നിലൊന്നു മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ഇത്രയൊക്കെയായിട്ടും ഹനുമാന്റെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും രാക്ഷസര്‍ക്ക് കഴിഞ്ഞില്ല. 

ഹനുമാന്‍ ഒറ്റയ്ക്ക് ഇതെല്ലാം ചെയ്‌തെങ്കില്‍ അങ്ങയുടെ സാന്നിധ്യത്തില്‍ ഈ വാനരസൈന്യം അങ്ങു ചെന്നാലുള്ള അവസ്ഥയെന്തായിരിക്കും.' രാമന്  പ്രചോദനമെന്നോണം വിഭീഷണന്‍ പറഞ്ഞതു കേട്ട് വാനരന്മാരെല്ലാം ശബ്ദമടക്കിയിരുന്നു. എല്ലാവരുടേയും ശ്രദ്ധ ഹനുമാനിലായിരുന്നു. സുഗ്രീവന്‍ അഭിമാനത്തോടെയും അനുമോദനത്തോടെയും ഹനുമാനെ നോക്കി. ഹനുമാന്‍ ഇതൊന്നുമറിയാത്ത ഭാവത്തില്‍ വീണ്ടും കുനിഞ്ഞിരിപ്പായി. ശ്രീരാമനും അത്ഭുതത്തോടെ അതെല്ലാം കേട്ട് ഇരിക്കുകയായിരുന്നു.

'വിഭീഷണാ, ഇതൊന്നും ഹനുമാന്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല. ഇത് മഹാവിജയമാണ്. '  ഇക്കാര്യളൊന്നും ഹനുമാന്‍ അറിയിച്ചില്ലെന്നതു രാമന്‍ പറഞ്ഞതു കേട്ട് വിഭീഷണനും അത്ഭുതമായി. 

'ഇത് വിചിത്രമായിരിക്കുന്നു. ലങ്കയില്‍ വെച്ച്  ഞാന്‍ കണ്ട വീരശ്രീ ഹനുമാനല്ല ഇത്. അവിടെ വിജശ്രീ ഹനുമാനായിരുന്ന ഹനുമാന്‍ ഇവിടെ വിനയശ്രീ ഹനുമാനായി കൂനിക്കൂടിയിരിപ്പാണ്. ഹനുമാന്‍ തകര്‍ത്ത കോട്ടമതിലുകളും കിടങ്ങുകളും ഉദ്യാനങ്ങളുമുള്‍പ്പെടെ ലങ്കാ നഗരി മയന്റെ മേല്‍നോട്ടത്തില്‍ പുതുക്കി പണിയുകയാണിപ്പോള്‍.' വിഭീഷണന്‍ ഹനുമാന്റെ വീരകൃത്യങ്ങളില്‍ വീണ്ടും വാചാലനായി

( തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.