മുയല്‍ച്ചെവിയന്‍

Friday 7 June 2019 9:19 am IST
ശാസ്ത്രീയ നാമം: Emilia sonchifolia സംസ്‌കൃതം: ശശശൃതി തമിഴ്: മുയല്‍ചെവി എവിടെ കാണാം: ഇന്ത്യയിലുടനീളം മഴലഭിക്കുന്നതും മഴയില്ലാത്തതുമായ സ്ഥലങ്ങളില്‍ കണ്ടുവരുന്നു. ഈ വര്‍ഗത്തില്‍പ്പെട്ട വെള്ളപ്പൂക്കളുള്ള സസ്യം എലിച്ചെവിയനെന്നും റോസ്‌നിറത്തില്‍ പൂക്കളുള്ളത് മുയല്‍ച്ചെവിയനെന്നും അറിയപ്പെടുന്നു. പ്രത്യുല്‍പാദനം: വിത്തില്‍ നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍:  മുയല്‍ച്ചെവിയന്‍ സമൂലം ഇടിച്ചു പിഴിഞ്ഞ നീര്  25 മില്ലിയും ഒരു നുള്ള് അറബി പാല്‍ക്കായവും ചേര്‍ത്ത് ചാലിച്ച് ദിവസം രണ്ടുനേരം വീതം  മിനിമം മൂന്നു ദിവസമോ പരമാവധി ഏഴുദിവസമോ കഴിച്ചാല്‍ ഉദരക്കൃമിയും വിരയും നശിക്കും. വയറുവേദന മാറും. 

മുയല്‍ച്ചെവിയന്റെ ഇലയും നാല് ചെത്തിപ്പൂവും കൂട്ടി ചതച്ച്, നീരെടുത്ത് നേര്‍ത്ത തുണിയില്‍ കെട്ടിപ്പിഴിഞ്ഞ് അരിച്ചെടുത്ത് ഈരണ്ടു തുള്ളി വീതം കണ്ണില്‍ സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് ശേഷവും ഒഴിച്ചാല്‍, കണ്‍പോളയിലെ ചൊറിച്ചില്‍ കണ്ണില്‍ നിന്ന് വെള്ളം വരുന്നത്, കണ്ണിലെ പ്രഷര്‍ എന്നിവ കുറയും. കണ്ണിന് നല്ല കുളിര്‍മയും ലഭിക്കും. 

ഒരു കിലോ മുയല്‍ച്ചെവിയന്‍ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റര്‍, 250 മില്ലി എള്ളെണ്ണ എന്നിവയ്‌ക്കൊപ്പം മഞ്ഞള്‍, ഇരട്ടിമധുരം ഇവ ഓരോന്നും 15 ഗ്രാം വീതം നന്നായി അരച്ച് കല്‍ക്കം ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് അരിയ്ക്കും പാത്രത്തില്‍  അഞ്ചുഗ്രാം കര്‍പ്പൂരവും അഞ്ചുഗ്രാം പൊന്‍മെഴുകും പാത്രപാകമായി ചേര്‍ത്തെടുത്ത ഈ തൈലം തേച്ചാല്‍ എല്ലാ മുറിവുകളും ചൊറി, ചിരങ്ങ് എന്നിവയും ശമിക്കും. തൈലം കാച്ചി അരിച്ചൊഴിക്കുന്ന പാത്രത്തിലിടുന്ന മരുന്നിനെയാണ് പാത്രപാകം എന്നു പറയുന്നയത്. 

ടോണ്‍സിലൈറ്റിസിന് മുയല്‍ചെവിയനും ഉപ്പും ചേര്‍ത്തരച്ച് കഴുത്തില്‍ തേയ്ക്കുന്ന പ്രവണത പലനാടുകളിലും കണ്ടുവരുന്നു. ഇത് തെറ്റായ ചികിത്സാരീതിയാണ്. പ്രയോജനരഹിതവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.