മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും : മുരളീധരന്‍

Friday 7 June 2019 4:20 pm IST

തിരുവനന്തപുരം : ദുബായിയില്‍ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ ചികിത്സ നടപടികള്‍ തുടരുകയാണ്. പരിക്ക് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിനായി ദുബായിയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. 

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മുരളീധരന് വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. 

അതിനിടെ സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ചര്‍ച്ച നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇരുകാര്യങ്ങളിലും പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരയോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പു നല്‍കിയതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ വി. മുരളീധരനെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ തുറന്ന ജീപ്പില്‍ നഗരത്തിലൂടെ ആനയിച്ചു. രാത്രിയോടെ വി. മുരളീധരന്‍ ദല്‍ഹിക്ക് തിരിച്ചു പോകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.