ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

Friday 7 June 2019 4:57 pm IST

കൊച്ചി: പ്രതിശീര്‍ഷ വൃക്ഷ ലഭ്യത ഇന്ത്യയില്‍ ഒരാള്‍ക്ക് 25 എന്ന തോതിലാണ്. എന്നാല്‍ ബ്രസീലില്‍ ഇത് 330 മരങ്ങള്‍ ഒരു മനുഷ്യന് എന്ന നിലയ്ക്കാണെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്)  വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍. ജനസംഖ്യാതോത് അനുസരിച്ച് നോക്കിയാല്‍ കോടിക്കണക്കിന് വൃക്ഷതൈകള്‍ നമ്മള്‍ ഓരോ ദിവസവും നടണമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച്  വിദ്യാര്‍ത്ഥികള്‍ ദേശീയ പാതയോരത്ത് നൂറുകണക്കിന് വൃക്ഷത്തൈകള്‍ നട്ടു. എന്‍എസ്എസിന്റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. വിസി ഡോ.എ. രാമചന്ദ്രന്‍ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ അധ്യക്ഷനായി. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ ഡോ.ബിനു വര്‍ഗീസ്. ഡോ.റെജിഷ്‌കുമാര്‍ വി.ജെ എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചി: നട്ട് വളര്‍ത്തി നാളെ തണല്‍ നല്‍കുക എന്നത് ഭാരതത്തിന്റെ സംസ്‌കാരമാണെന്നും ഒരു തൈ നട്ടാല്‍ അതിന്റെ പരിപാലനം നട്ട വ്യക്തിയുടെയും കൂട്ടായ്മകളുടെയും പ്രാധാന ധര്‍മ്മമാകണമെന്നും ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.കെ.സതീശന്‍. ഉദയംപേരൂര്‍ പടിക്കല്‍ കാവ് ഭഗവതിക്ഷേത്രത്തിന്റെ വടക്കേ ആല്‍ത്തറ ജംഗ്ഷനില്‍ 'പരിപാലനത്തിന്റെ ഒരു വര്‍ഷം കണിക്കൊന്ന കുഞ്ഞിന് ഒരു കവചം' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പോണേക്കര ഭഗിനി നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പോണേക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ ദശപുഷപോദ്യാനം നിര്‍മ്മിച്ചു. ഭഗിനി നിവേദിത ബാലഗോകുലം രക്ഷാധികാരി ഗിരിജ ടീച്ചര്‍ പരിസ്ഥിതി ദിനസന്ദേശം നല്‍കി.

ബാലഗോകുലം തിരുവാണീയൂര്‍ മണ്ഡലത്തില്‍ വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മോനപ്പിള്ളി ഭഗവതി ക്ഷേത്ര പരിസരം, അഭിമന്യു ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുരിയമംഗലം ശാസ്താക്ഷേത്രത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി ചടങ്ങില്‍ ബാലഗോകുലം ജില്ലാകാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍,  ചോറ്റാനിക്കര നഗര്‍ സഹഭഗിനിപ്രമുഖ സ്വാതി.എം.എസ് , തിരുവാണീയൂര്‍ മണ്ഡല്‍ കാര്യദര്‍ശി സനല്‍ , മുരിയമംഗലം ബസ്തി സംയോജിക അനുശ്രീ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.  വൈപ്പിന്‍ , കൊച്ചി , തൃപ്പൂണിത്തുറ , നഗരങ്ങളിലും പരിസ്ഥിതി സംരക്ഷണ പക്ഷത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ജൂണ്‍ 16 വരെ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നട്ട വൃക്ഷത്തൈകള്‍ക്ക് സ്ഥിരം സംരക്ഷണ കവചം കെട്ടി  പുതിയ തൈകള്‍ നടാന്‍ ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി നിര്‍ദേശിച്ചു.  

കൊച്ചി:ലോക പരിസ്ഥിതി ദിനത്തില്‍ കര്‍ഷകമോര്‍ച്ച കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കെ കടുങ്ങല്ലൂരില്‍ വൃക്ഷതൈ വിതരണവും തൈകള്‍ വച്ചുപിടിപ്പിക്കലും നടന്നു. കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സജികുമാര്‍ വ്വക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ബിജെപി മണ്ഡലം നേതാക്കളായ ഉല്ലാസ് കുമാര്‍ ,ബേബി സരോജം, വി പി. രാജീവ്, പി. സജീവ്, കെ.ആര്‍. രാമചന്ദ്രന്‍ ,രേഖജഗദീഷ്, ദിവാകരന്‍  പങ്കെടുത്തു.

പറവൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. ബിജെപി പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ജി. വിജയന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജു, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജന്‍ വര്‍ക്കി, മനോഹരന്‍, ഷനില്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

മരട്: ബിജെപി മരട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മരട് മാങ്കായില്‍ ഗവ: സ്‌കൂള്‍ മൈതാനത്ത് നടന്ന പരിസ്ഥിതി ദിനാചരണം കര്‍ഷകമോര്‍ച്ച ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.കെ. മേഘനാഥന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മരട് ഏരിയ പ്രസിഡന്റ് എം.പി. നടേശന്‍, ജന: സെക്രട്ടറി കെ.പി. രാജേഷ്, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശരത് എന്നിവര്‍ നേതൃത്വം നല്‍കി. മനസ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേപ്പനം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. ക്യാപ്റ്റന്‍ സിനോയ് ഐസക്ക് ഉദ്ഘാടനം ചെയ്തു. 

തൃപ്പൂണിത്തുറ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൈതൃക പഠന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടില്‍ സംഘടിപ്പിച്ചു. പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ: എം.ആര്‍. രാഘവവാര്യര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹില്‍പാലസ് കോമ്പൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതോളം വൃക്ഷത്തൈകള്‍ നട്ടു. മ്യൂസിയം ചാര്‍ജ് ഓഫീസര്‍ ഇ. ദിനേശനും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഹില്‍പാലസിലെയും പൈതൃക പി കേന്ദ്രത്തിലെയും ജീവനക്കാരും പങ്കെടുത്തു.

പരിസ്ഥിതി ദിനത്തില്‍ വിഭ്യാഭ്യാസ മന്ത്രിക്ക്  വിദ്യാര്‍ഥിനിയുടെ തുറന്ന കത്ത്

കൊച്ചി : ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബിയുടെ വിവാദമായ ടവര്‍ നിര്‍മാണത്തിനെതിരെ പരിസ്ഥിതി ദിനത്തില്‍ വിഭ്യാഭ്യാസ മന്ത്രിയ്ക്ക് ഒരു വിദ്യാര്‍ഥിനിയുടെ തുറന്ന കത്ത്.  ശാന്തിവനത്തിന്റ ഉടമ മീര മേനോന്റെ മകള്‍ ഉത്തരയാണ്‌വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അറിയിച്ച് ടവര്‍ മാറ്റി സ്ഥാപിച്ച് ശാന്തിവനത്തെ സംരക്ഷിക്കണം എന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉത്തര  ആവശ്യപ്പെടുന്നത്.

200 വര്‍ഷം പഴക്കമുള്ള കാവുകളും കുളങ്ങളുമുള്ള ശാന്തിവനത്തില്‍ 110 കെവി ലൈന്‍ ടവര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ നിര്‍മാണം പൂര്‍ത്തിയായി. ശാന്തിവനത്തിന്റെ 37 സെന്റ് സ്ഥലത്താണ് ടവര്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനായി മുറിച്ചുമാറ്റിയത് 48 ഓളം മരങ്ങളാണ്.

താന്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണെന്നും സ്റ്റേറ്റ് സിലബസിന്റെ അത്രയും പാരിസ്ഥിതിക അവബോധം നല്‍കുന്ന മറ്റൊരു സിലബസ്സുകളും ഇല്ല എന്ന ബോധ്യത്തിലാണ് അമ്മ തന്നെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതെന്നും ഉത്തര പറയുന്നു. എന്നാല്‍ പകൃതിയിലൂന്നിയ വിദ്യാഭ്യാസം ലഭിക്കുന്നതിനിടയില്‍ തന്റെ കണ്‍മുന്നില്‍ കണ്ടത് നേരെ വിപരീതമായ കാര്യങ്ങളാണെന്ന് ഉത്തര കുറിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.