ആദായനികുതി റെയ്ഡ്‌

Friday 22 July 2011 10:22 pm IST

കൊച്ചി: സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തി. ഇരുവരുടെയും കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലും ബാംഗ്ലൂരിലെയും ഊട്ടിയിലെയും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്‌. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നും രണ്ട്‌ ആനക്കൊമ്പുകളും കണ്ടെടുത്തു.
ഇരുവരും സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലെ കണക്കുകളും യഥാര്‍ഥ കണക്കുകളും തമ്മില്‍ വ്യക്തമായ അന്തരമുണ്ടെന്നു പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്ഡെന്ന്‌ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധയിടങ്ങളിലായി 100ലധികം ഉദ്യോഗസ്ഥരാണ്‌ റെയ്ഡില്‍ പങ്കാളികളായത്‌. രാവിലെ ആറിന്‌ ആരംഭിച്ച റെയ്ഡ്‌ രാത്രി വൈകിയും തുടര്‍ന്നു.
കൊച്ചിയില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയിലും ട്രാവന്‍കൂര്‍ കോര്‍ട്ട്‌ ഹോട്ടലിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തേവരയിലെ വസതിയില്‍ നിന്നാണ്‌ രണ്ട്‌ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്‌. ഇതിന്‌ വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. അനുമതി പത്രം ഇതുവരെയും കണ്ടെത്താനായിട്ടില്ല. വനം വകുപ്പ്‌ ഉദ്യോഗസ്ഥരും ആനക്കൊമ്പുകള്‍ പരിശോധിക്കുന്നുണ്ട്‌. തേവരയിലെ വീട്ടില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂട്ടിയിരിക്കുന്ന മുറി തുറക്കാനായില്ല. ഇത്‌ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. മോഹന്‍ലാലിന്റെ കൂടി സാന്നിധ്യത്തില്‍ പിന്നീട്‌ മുറി തുറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും അദ്ദേഹത്തിന്‌ ബിസിനസ്‌ പങ്കാളിത്തമുള്ള ചിറ്റൂര്‍ റോഡിലെ പ്ലേ ഹൗസ്‌ വിതരണക്കമ്പനിയിലുമായിരുന്നു റെയ്ഡ്‌. ഇരുവരുടെയും ബിസിനസ്‌ പങ്കാളികളായ ആന്റണി പെരുമ്പാവൂരിന്റെയും ആന്റോ ജോസഫിന്റെയും വീടുകളിലും സംഘം പരിശോധന നടത്തി. തിരുവനന്തപുരത്ത്‌ മോഹന്‍ലാലിന്റെ മുടവന്‍മുകളിലുള്ള വീട്ടിലും കഴക്കൂട്ടത്തുള്ള മോഹന്‍ലാലിന്റെ ആനിമേഷന്‍ പരിശീലന കേന്ദ്രമായ വിസ്മയ മാക്സിലുമായിരുന്നു റെയ്ഡ്‌.
ഇരുവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്‌. മമ്മൂട്ടിയുടെ ചെന്നൈ അഡയാര്‍ ആര്‍.എ പുരത്തുള്ള വസതിയിലും സംഘം റെയ്ഡ്‌ നടത്തി. ഇവിടെ വച്ചാണ്‌ മമ്മൂട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്‌. മോഹന്‍ലാലിന്റെ എഗ്മോറിലുള്ള വസതിയിലും സംഘം പരിശോധന നടത്തി. മോഹന്‍ലാല്‍ രാമേശ്വരത്തുള്ള ഷൂട്ടിങ്‌ സൈറ്റിലായിരുന്നു. ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയാണ്‌ മോഹന്‍ലാലിന്റെ മൊഴിയെടുത്തത്‌. വിശദമായ ചോദ്യം ചെയ്യലിനായി നേരിട്ട്‌ ഹാജരാവാന്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ താരങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
റെയ്ഡ്‌ നടക്കുമ്പോള്‍ മമ്മൂട്ടി ചെന്നൈയിലെ വസതിയില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഈ വീട്ടില്‍വെച്ചാണ്‌ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ വിവാഹനിശ്ചയം നടന്നത്‌. ആദായനികുതി വകുപ്പിന്റെ ചെന്നൈ, ബാംഗ്ലൂര്‍ യൂണിറ്റുകള്‍ കസ്റ്റംസ്‌ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെയാണ്‌ റെയ്ഡ്‌ നടത്തിയത്‌. ആദായനികുതി റിട്ടേണുകളില്‍ വരുമാനം കുറച്ചു കാണിച്ചതിനെത്തുടര്‍ന്ന്‌ ഇരുവരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന്‌ പറയപ്പെടുന്നു.
കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയില്‍നിന്നും കണക്കില്‍പ്പെടാത്ത കറന്‍സികള്‍ കണ്ടെടുത്തതായും സൂചനയുണ്ട്‌. രണ്ട്‌ സൂപ്പര്‍താരങ്ങളും ഒരു കോടി മുതല്‍ ഒന്നരക്കോടി വരെ പ്രതിഫലം പറ്റുന്നതിന്റെ രേഖകളും കണ്ടെത്തി. മമ്മൂട്ടിയുടെ വസതിയിലെ തുറക്കാന്‍ കഴിയാത്ത ലോക്കറുകള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആദായനികുതി അധികൃതര്‍ തുറന്ന്‌ പരിശോധിക്കും. ആദായനികുതി വകുപ്പിനെ അതിശയിപ്പിക്കുന്ന സാമ്പത്തിക, ഭൂമി ഇടപാടുകളെക്കുറിച്ചുള്ള രേഖകളാണ്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതെന്ന്‌ അറിയുന്നു. ഇനിയും കണ്ടെത്താനുള്ള രേഖകളുടെയും സമ്പത്തിന്റെയും പരിശോധന മൂന്നുദിവസം കൊണ്ട്‌ മാത്രമേ പൂര്‍ത്തിയാകുകയുള്ളുവെന്ന്‌ ആദായനികുതി വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നാണ്‌ അധികൃതര്‍ അറിയിച്ചത്‌. റെയ്ഡ്‌ തുടരുകയാണ്‌.
സ്വന്തം ലേഖകന്മാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.