തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജൂണ്‍ 9, 10, 11 തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 10 ന് തൃശൂര്‍ ജില്ലയിലും, ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി .മീ വരെ മഴ) അതിശക്തമായതോ (115മി .മീ മുതല്‍ 204.5 മി .മീ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്..
ജൂണ്‍ 9 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും ജൂണ്‍ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115മി .മീ വരെ മഴ) അതിശക്തമായതോ (115മി .മീ മുതല്‍ 204.5മി .മീ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: