കദ്രുവിന്റെ അഹങ്കാര ശമനം

Saturday 8 June 2019 3:14 am IST

കാവല്‍ഭടന്മാരുടെ വലയം, കാളസര്‍പ്പങ്ങളുടെ വലയം, അഗ്‌നിവലയം എന്നിവ ഭേദിച്ചാല്‍ മാത്രമേ അമൃത് ലഭിക്കുകയുള്ളൂ. ഈ രക്ഷാവലയങ്ങള്‍ കണ്ടിട്ട് ഗരുഡന് ഒരുകൂസലുമുണ്ടായില്ല. എല്ലാ വലയങ്ങളേയും തന്റെ ചിറകടി കൊണ്ടും കൊക്കു കൊണ്ടും കാല്‍നഖം കൊണ്ടും ഗരുഡന്‍ നിഷ്പ്രയാസം ഭേദിച്ചു. അമൃതകുംഭവുമെടുത്ത്  തന്റെ മാതാവിനെ ദാസ്യവൃത്തിയില്‍ നിന്ന് മോചിപ്പിക്കാനായി പറന്നു. 

അപ്പോള്‍ കോപാന്ധനായ ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് ഗരുഡനെ പ്രഹരിച്ചു. അമൃത് നഷ്ടപ്പെടുക എന്നത് ഇന്ദ്രന് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. പക്ഷേ ഗരുഡന് വജ്രായുധമേറ്റിട്ടും ഗരുഡന്റെ ഒരു തൂവലിനു പോലും ഭംഗമുണ്ടായില്ല. വജ്രായുധം ദധീചി മഹര്‍ഷിയുടെ നട്ടെല്ലു കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ദധീചി മഹര്‍ഷിയെ ബഹുമാനിക്കാന്‍ ഗരുഡന്‍ തന്റെ ഒരു തൂവല്‍ പറിച്ചെടുത്ത് താഴെയിട്ടു. ഇതുകണ്ട് ഭയന്ന ദേവേന്ദ്രന്‍ വൈകുണ്ഠത്തിലേക്ക് ഓടിച്ചെന്ന് ഭഗവാന്‍ മഹാവിഷ്ണുവിനോട് ഗരുഡന്‍ അമൃത് കൊണ്ടു വരാന്‍ പോകുന്ന കാര്യം അറിയിച്ചു. 

വിഷ്ണു ഭഗവാന്‍ നേരെ തന്റെ ഗരുഡന്റെ അടുത്തു ചെന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങി. ഭഗവാനും ഗരുഡനും ഏറെനേരം യുദ്ധം ചെയ്തു.  ഗരുഡന്റെ യുദ്ധപാടവം കണ്ട് ഭഗവാന്‍ സന്തുഷ്ടനായി. ഭഗവാന്‍ ഗരുഡനോട്, ' യുദ്ധം ചെയ്യാനുള്ള നിന്റെ സാമര്‍ഥ്യം കണ്ട് ഞാന്‍ വളരെ സന്തോഷിക്കുന്നു, നിനക്ക് ഒരു വരം തരാം ചോദിച്ചോളൂ'  എന്നു പറഞ്ഞു. അതുകേട്ട ഗരുഡന്‍ ഇങ്ങനെ പറഞ്ഞു ' എന്നെ തോല്‍പ്പിക്കാന്‍ കഴിയാത്തതു കൊണ്ടല്ലേ അങ്ങെനിക്ക് വരം തരാമെന്നു പറഞ്ഞത്. അങ്ങേയ്ക്ക് വേണമെങ്കില്‍ ഞാന്‍ വരം തരാം'. 

അതുകേട്ട് ഭഗവാന്‍ സന്തുഷ്ടനായി. തന്റെ വാഹനമാകണമെന്ന് ഗരുഡനോട് പറഞ്ഞു. ഭഗവാനില്‍ നിന്ന് തനിക്കുമൊരു വരം ഗരുഡന്‍ വാങ്ങി. ഭഗവാനേക്കാള്‍ ഉയരത്തില്‍ എനിയ്ക്ക് ഇരിക്കണമെന്നായിരുന്നു ഗരുഡന്റെ ആവശ്യം. അങ്ങനെ ഗരുഡന്‍ ഭഗവാന്റെ ധ്വജത്തിലെ അടയാളമായി. ധ്വജം ഉയരത്തിലാണല്ലോ ഇരിക്കുക.  

അമൃത് എന്തിനാണ് കൊണ്ടു പോകുന്നതെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍ സ്വന്തം മാതാവിനെ ദാസ്യത്തില്‍ നിന്ന് മോചിപ്പിക്കാനാണെന്നും അതില്‍ നിന്ന് ഒരു തുള്ളി പോലും നഷ്ടപ്പെടാതെ ഇന്ദ്രന് തിരിച്ചു കൊടുക്കുമെന്നും ഗരുഡന്‍ പറഞ്ഞു. ഇതു കേട്ട് ഭഗവാന്‍ സന്തുഷ്ടനായി വൈകുണ്ഠത്തിലേക്ക് മടങ്ങി. 

ഗരുഡന്‍ അമൃതകുംഭം കൊണ്ടു വന്നത് കണ്ടപ്പോള്‍ കദ്രുവും മക്കളും അമൃത് ഭക്ഷിക്കാന്‍ ഓടിയെത്തി. പക്ഷേ ഗരുഡന്‍ അവരോട് ആദ്യം ഭൂമിയില്‍ ദര്‍ഭപ്പുല്ല് വിരിക്കാന്‍ പറഞ്ഞു. അമൃത് പ്രസാദമാണെന്നും അമൃത് കഴിക്കും മുമ്പ്  കുളിച്ചു വരണമെന്നും പറഞ്ഞു. 

കദ്രുവും മക്കളും അതുകേട്ട് കുളിക്കാന്‍ പോയി. ആ തക്കം നോക്കി ഗരുഡന്‍ തന്റെ അമ്മയേയും അമൃതകുഭത്തേയും എടുത്ത് പറന്നുയര്‍ന്നു. ഇന്ദ്രന് അമൃത് തിരികെക്കൊടുത്തു. 

സന്തുഷ്ടനായ ദേവേന്ദ്രന്‍ ഗരുഡന് ഒരു വരം നല്‍കി. വിനതയേയും ഗരുഡനേയും ദ്രോഹിച്ച കുറ്റത്തിന് കദ്രുവിന്റെ മക്കളെ ഗരുഡന് ഭക്ഷിക്കാനുള്ള അനുമതിയായിരുന്നു ആ വരം. അന്നു മുതലാണ് ഗരുഡന്‍ സര്‍പ്പങ്ങളെ കൊല്ലാന്‍ തുടങ്ങിയത്. 

കദ്രുവും മക്കളും കുളികഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ അമൃത് കണ്ടില്ല. അമൃതകുംഭം വച്ച ദര്‍ഭപ്പുല്ല് സര്‍പ്പങ്ങള്‍  നക്കി. അങ്ങനെ സര്‍പ്പങ്ങളുടെ നാവ് രണ്ടായി പിളര്‍ന്നു. അമൃത് കൊണ്ടുവരാന്‍ മാത്രമേ കദ്രു പറഞ്ഞിരുന്നുള്ളൂ. ഭക്ഷിക്കാന്‍ നല്‍കണമെന്ന് പറഞ്ഞിരുന്നില്ല. 

ഗരുഡനെ വൈകുണഠത്തിലേക്ക് കൊണ്ടുപോകാന്‍ വിഷ്ണു ഭഗവാന്റെ സേവകന്മാര്‍ നേരത്തേ  തയാറായി കാത്തിരുന്നിരുന്നു. വിമാനത്തില്‍ കയറാന്‍ ഭഗവാന്റെ സേവകന്മാര്‍ ഗരുഡനോട് പറഞ്ഞപ്പോള്‍ തന്റെ അമ്മയേയും വൈകുണ്ഠത്തിലേക്ക് കൊണ്ടുപോകണമെന്ന് ഗരുഡന്‍ ആവശ്യപ്പെട്ടു.

അതുകേട്ട് ഭഗവല്‍ സേവകന്മാര്‍ ഗരുഡന് മറ്റൊരു വിമാനം കാണിച്ചു കൊടുത്തശേഷം വിനതയെയാണ് ആദ്യം വൈകുണ്ഠത്തിലേക്ക് പോകുന്നതെന്ന് പറഞ്ഞു. അമ്മയ്ക്ക്  പിറകേയാണ് ഗരുഡന്‍ പോകുന്നതെന്നും അറിയിച്ചു. എല്ലാ യോഗ്യതകളും തികഞ്ഞ പുത്രനെ പ്രസവിച്ച അമ്മയ്ക്ക് പുത്രന്റെ പതിന്മടങ്ങ് യോഗ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ഇതാണ് ഗരുഡഭഗവാന്റെ കഥ. 

മഹാവിഷ്ണുവിന്റെ അവതാരമായ ഗരുഡനും ഭഗവത്ഭക്തര്‍ക്ക് ആരാധ്യനാണ്. വിഷ്ണുക്ഷേത്രങ്ങള്‍ ഉള്ളിടത്തെല്ലാം ഗരുഡനും ആരാധിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.