സേതുബന്ധനത്തിനുള്ള മുന്നൊരുക്കങ്ങള്‍

Saturday 8 June 2019 3:28 am IST

ലങ്കയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് വ്യക്തമായൊരു രൂപരേഖ തയാറാക്കി രാമലക്ഷ്മണന്മാരും വാനരസംഘവും. സമുദ്രതീരത്തൊരു ശിവക്ഷേത്രം പണിത് പ്രതിഷ്ഠനടത്തുകയായിരുന്നു രാമന്റെ ആദ്യ ദൗത്യം. നളനീലന്മാരുടെ ശില്‍പചാതുരിയില്‍ വാനരന്മാര്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കി. 

ശ്രീരാമനിര്‍ദേശപ്രകാരം ഹനുമാന്‍ ശിവലിംഗം കൊണ്ടു വരുന്നതിനായി കൈലാസത്തിലേക്കു പോയി. പക്ഷേ പ്രതിഷ്ഠാകാലമായിട്ടും ഹനുമാനെത്തിയില്ല. പ്രതിഷ്ഠാബലി പീഠത്തിനരികെ നിന്ന രാമനില്‍ ഒരു ദിവ്യചൈതന്യം ആവേശിച്ചു. പെട്ടെന്ന് ദിവ്യമായൊരു സ്വയംഭൂലിംഗം അവിടെ ആവിര്‍ഭവിച്ചു. ഇതേ സമയത്തു തന്നെ ഹനുമാനും ശിവലിംഗവുമായി അവിടെയെത്തി. പ്രതിഷ്ഠ നടന്നതായി കണ്ടതോടെ ഹനുമാന് നിരാശയായി. അതുകണ്ട രാമദേവന്‍ അവിടെയുള്ള ശിവലിംഗം ഇളക്കിമാറ്റി പുതിയതു പ്രതിഷ്ഠിക്കാന്‍ ഹനുമാനോടു പറഞ്ഞു. എന്നാല്‍ ഹനുമാന്‍ എത്രയൊക്കെ ശ്രമിച്ചിട്ടും അതൊന്ന് ഇളക്കാന്‍ പോലും പറ്റിയില്ല. മാത്രവുമല്ല പരിക്കുകള്‍ ഏറെ പറ്റുകയും ചെയ്തു. ഹനുമാന്‍ വീണ്ടും ആ സാഹസത്തിന് മുതിര്‍ന്നില്ല. ഒടുവില്‍ താന്‍ കൊണ്ടുവന്ന ശിവലിംഗം രാമന്റെ നിര്‍ദേശപ്രകാരം ഹനുമാന്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ മുന്‍ഭാഗത്ത് പ്രതിഷ്ഠിച്ചു. 

ലങ്കയിലേക്കൊരു സമുദ്രപാതതീര്‍ക്കുകയായിരുന്നു സംഘത്തിന്റെ അടുത്ത കടമ്പ. അതിനായി സമുദ്രദേവനായ വരുണന്റെ സഹായം അഭ്യര്‍ഥിക്കാന്‍ അവര്‍ വരുണമന്ത്രജപം തുടങ്ങി. 'ഓം നമ:  ശ്രീ വരുണദേവായ' എന്ന മന്ത്രം രാപ്പകല്‍ മുടങ്ങാതെ ജപിച്ചിട്ടും വരുണന്‍ വന്നില്ല. രാമന് നിരാശയായി. അതു കണ്ട വിഭീഷണന്‍ രാമനോട് ശാന്തഭാവം കൈവെടിഞ്ഞ് നീചനായ വരുണനെ ശക്തമായി നേരിടാന്‍ പ്രേരിപ്പിച്ചു.

വിഭീഷണന്റെ ഉപദേശം കേട്ട രാമന്റെ ഭാവം മാറി. സമുദ്രാന്തര്‍ഭാഗത്തേക്ക്  ആഗ്‌നേയാസ്ത്രം തൊടുത്തു. ചീറിപ്പാഞ്ഞ അസ്ത്രത്തിലെ തീപ്പൊരികളേറ്റ്, ജലജന്തുക്കള്‍ ചത്തുകരിഞ്ഞു. സമുദ്രജലം തിളച്ചു മറിഞ്ഞു. സമുദ്രം തിളച്ചു മറിയാന്‍ തുടങ്ങിയതോടെ വരുണന്‍ പരിഭ്രാന്തനായി. രാമസന്നിധിയില്‍ അഭയം തേടി. 

' സ്വാമീ, അങ്ങെന്നെ വിളിച്ചത് ഞാന്‍ കേട്ടില്ല. ദൂരത്തൊരിടത്തായിരുന്നു ഞാന്‍. ഈ സമുദ്രത്തിന്റെ പടിഞ്ഞാറേയറ്റത്ത് അത്യുഗ്രമായൊരു കലഹം നടന്നു. തിമിയെന്നും തിമിംഗലമെന്നും പേരുള്ള രണ്ടു ഭീകരജീവികള്‍ തമ്മില്‍ ഏറ്റുമുട്ടി. അവരുടെ ഘോരയുദ്ധം നിമിത്തം സമുദ്രം ഇളകി മറിഞ്ഞു. ജലജന്തുക്കള്‍ ചത്തൊടുങ്ങി. മത്സ്യാവതാര കാലത്ത് അവതാരമത്സ്യമൂര്‍ത്തിയില്‍ നിന്നും രണ്ട് മീനത്തരുണികളില്‍ ജനിച്ചവയാണ് ഈ മഹാമത്സ്യങ്ങള്‍. ആ കലഹം തീര്‍ക്കാന്‍ ഞാന്‍ അങ്ങോട്ടു പോയിരിക്കുകയായിരുന്നു ' വരുണന്‍ പറഞ്ഞു. 

അതോടെ രാമന്‍ ശാന്തനായി. എന്ത് സഹായമാണ് ചെയ്യേണ്ടതെന്ന് വരുണന്‍ രാമനോട് അന്വേഷിച്ചു. ' എനിക്കും വാനരപ്പടയ്ക്കും ആഴികടന്ന് ലങ്കയിലെത്താന്‍ ഒരു മാര്‍ഗമുപദേശിച്ചു തരണം. ' രാമന്‍ പറഞ്ഞു. രാമന്റെ ആവശ്യം കേട്ട വരുണന്‍ സേതുബന്ധനം മാത്രമാണ് അതിനുള്ള ഉപായമെന്ന് അറിയിച്ചു. അതിന് തന്റെ എല്ലാ സഹായവുമുണ്ടായിരിക്കുമെന്നും വരുണന്‍ പറഞ്ഞു. 

(തുടരും)

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.