ഏകദേവനായ പ്രാണന്‍

Saturday 8 June 2019 3:00 am IST

അഞ്ചാമത്തെ അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്. കൗഷീതകി ബ്രാഹ്മണ ഉപനിഷത്തില്‍ അജാതശത്രുവും വാലാകിയും തമ്മില്‍ സംവാദമുണ്ട്. ഈ അധികരണത്തിന്റെ പേര് വാലാകിയുമായി ബന്ധപ്പെട്ടതാണ്. ആ സംവാദത്തിലെ കാര്യങ്ങളാണ് ഈ അധികരണത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

സൂത്രം  ജഗദ് വാചിത്വാത്

ജഗത്തിനെപ്പറ്റി പറഞ്ഞിട്ടുള്ളതുകൊണ്ട് അറിയേണ്ടത് ബ്രഹ്മം തന്നെയാണ്.

'സൃഷ്ടി' എന്നത് ജഗത്ത് ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ് പറയുന്നത്. സ്വതന്ത്രനായ ആ സൃഷ്ടികര്‍ത്താവ് പരമാത്മാവ് തന്നെയാണ്. അതിനെയാണ് അറിയേണ്ടത്.

കൗഷിതകി ബ്രാഹ്മണത്തില്‍  'യോ വൈ വാലാകേ ഏതേഷാം പുരുഷാണാം കര്‍ത്താ യസ്യ വൈതത് കര്‍മ്മ ,സ വൈ വേദിതവ്യ: '

ഹേ വാലാകി, ആദിത്യ ചന്ദ്രാദികളിലുള്ള പുരുഷന്‍മാരുടെ കര്‍ത്താവ് ആരാണോ, ഇത് ആരുടെ കര്‍മ്മമാണോ ആ കര്‍ത്താവിനെയാണ് അറിയേണ്ടത് എന്ന് അജാതശത്രു പറയുന്നു. 16 പുരുഷ സ്വരൂപങ്ങളെ വാലാകി പറഞ്ഞപ്പോള്‍ ഇവയെയൊന്നുമല്ല അറിയേണ്ടത് എന്ന് അജാതശത്രു പറയുകയാണ് ഇവിടെ. അവയെല്ലാം ആര്‍ക്കുവേണ്ടി കര്‍മ്മം ചെയ്യുന്നുവോ അതിനെ ഉപാസിക്കണം.

ഇവിടെ അറിയപ്പെടേണ്ടതായി പറഞ്ഞത് പ്രാണനോ? ജീവനോ? പരമാത്മാവോ? എന്ന സംശയത്തെ പൂര്‍വപക്ഷം ഉന്നയിക്കുന്നു.

പ്രാണനെയാണ്  അറിയേണ്ടത് എന്ന് പൂര്‍വപക്ഷം ആദ്യം പറയുന്നു. കര്‍മ്മം ആരുടെ എന്ന് ചോദിക്കുന്നതു തന്നെ ഇതിന് കാരണം. ചലനലക്ഷണമായ കര്‍മ്മം പ്രാണനെ ആശ്രയിച്ചിരിക്കുന്നു. ' അഥാസ്മിന്‍ പ്രാണ ഏ ഏകധാ ഭവതി' എന്നതില്‍ സുഷുപ്തി അവസ്ഥയില്‍ ദ്രഷ്ടാവ് പ്രാണനില്‍ ഏകീഭവിക്കുന്നതിനാല്‍ പ്രാണശബ്ദത്തിനെ മുഖ്യ പ്രാണന്‍ എന്ന് വിളിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍ മുതലായവകളിലുള്ള പുരുഷന്‍മാരും പ്രാണന്റെ അവസ്ഥാവിശേഷ സ്വരൂപങ്ങളാണ്.

 ബൃഹദാരണ്യകത്തില്‍   'കതമ ഏകോ ദേവ ഇതി, പ്രാണ ഇതി സ ബ്രഹ്‌ത്യേദിത്യാചക്ഷതേ' എന്നതില്‍ ഇവരില്‍ ഒരു ദേവന്‍ ആരാണ് ചോദിക്കുമ്പോള്‍ അത് പ്രാണനാണെന്നും ബ്രഹ്മമാണെന്നുമാണ് ഉത്തരം. ഇതുപോലെ മറ്റ് ഉപനിഷത്തുകളിലും പ്രാണനെ ഏകദേവനായി പറയുന്നു. അതിനാല്‍ പ്രാണനെയാണ് അറിയേണ്ടത് എന്നാണ് പൂര്‍വപക്ഷം വാദിക്കുന്നത്.

 ഇതല്ലെങ്കില്‍ ജീവനെ അറിയണം എന്ന് പറയാം എന്നതാണ് അവരുടെ അടുത്ത വാദം. ധര്‍മ്മ, അധര്‍മ്മ ലക്ഷണമായ കര്‍മ്മം ജീവന്റെയാണ് എന്നും പറയാം. അതിനാല്‍ അറിയേണ്ടത് ജീവനെയാണ്. ജീവന്‍ അനുഭവിക്കുന്നതാകയാല്‍ ഭോഗ ഉപകരണങ്ങളെ തരുന്ന പുരുഷന്‍മാരുടെ കര്‍ത്താവാകുന്നതില്‍ തെറ്റില്ല.വാക്യവിശേഷണത്തിലും ജീവനാണ് എന്നതിന്റെ ലക്ഷണം കാണാം. ദേഹത്തില്‍ പ്രാണനും ജീവനും സഹകരിച്ചാണ് കുടിയിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ പ്രാണനേയോ ജീവനേയോ ആണ് അറിയേണ്ടവനായി പറയേണ്ടത് എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

 എന്നാല്‍ ഈ രണ്ടു  വാദങ്ങളും ശരിയല്ല. ഈ മന്ത്രത്തില്‍ അറിയപ്പെടേണ്ടവനായി പറയുന്നത് ബ്രഹത്തെ തന്നെയാണ്. അറിയേണ്ടത് പ്രാണനേയോ ജീവനേയോ അല്ല. ഇവ ബ്രഹ്മത്തിന്റെ കര്‍മ്മത്തെ പുരുഷരൂപത്തില്‍ നടപ്പാക്കുന്നവ മാത്രമാണ്.

ബ്രഹ്മ തേ ബ്രവാണി എന്ന് പറഞ്ഞാണ് സംവാദം തുടങ്ങുന്നത്. അതിനാല്‍ ബ്രഹ്മത്തെ പറ്റി തന്നെ പറയണം.

' യസ്യ വൈതത് കര്‍മ്മ എന്ന് പറയുന്നത് ചലനാത്മക കര്‍മ്മമോ ധര്‍മ്മാധര്‍മ്മ ലക്ഷണമായ കര്‍മ്മമോ അല്ല ഉദ്ദേശിക്കുന്നത്. സന്ദര്‍ഭമനുസരിച്ച് ജഗത് സൃഷ്ടിരൂപമായ കര്‍മ്മമാണ് ഉദ്ദേശിക്കുന്നത് എന്നറിയണം. ജഗത് സൃഷ്ടിയ്ക്ക് പരബ്രഹ്മത്തിന് മാത്രമേ കഴിയൂ. സൂര്യന്‍, ചന്ദ്രന്‍ മുതലായവയിലുള്ള പുരുഷന്‍മാരുടെ കര്‍ത്താവും ബ്രഹ്മമല്ലാതെ മറ്റൊന്നാകാന്‍ തരമില്ല.

എതത് എന്ന സര്‍വ്വനാമം ഉപയോഗിച്ചത് എല്ലാ ലോകങ്ങളുടെയും സൃഷ്ടി ആരുടെ കര്‍മ്മമാണ് എന്ന് കാണിക്കാനാണ്. പരമാത്മാവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. ആ പരബ്രഹ്മത്തെയാണ് അറിയേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.