പുതിയ ഇന്ത്യയ്ക്ക് ; നൂറുദിന കര്‍മ്മപദ്ധതി

Saturday 8 June 2019 4:14 am IST
നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങളോട് നിശ്ചയിച്ച പദ്ധതികളുടെ ടെന്‍ഡര്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദശിച്ചിരിക്കുന്നു. 1.32 ലക്ഷം കോടിയുടെ വിവിധ ടെന്‍ഡറുകള്‍ ജൂണ്‍ 25 നകം 1.5 ലക്ഷം കോടിയായി വര്‍ദ്ധിപ്പിച്ച് വീണ്ടും ടെന്‍ഡര്‍ ചെയ്യണം. എല്ലാ മന്ത്രിമാരോടും ആഗസ്റ്റുവരെയുള്ള അജണ്ട തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഈ പരിശ്രമത്തിന്റെയെല്ലാം പൊതുവായ ലക്ഷ്യം 'വികസനം, സാമൂഹ്യക്ഷേമം' എന്നിവയായിരിക്കും. നവഭാരതത്തിന് അടിത്തറയിടുന്ന നൂറുദിനപരിപാടിയില്‍ വിപ്ലവകരമായ കര്‍മ്മപദ്ധതികള്‍ക്കാണ് രൂപം നല്‍കുക.

1991 മുതല്‍ രാജ്യത്ത് ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങള്‍ ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിയട്ടില്ല. ആഗോളവത്ക്കരണത്തിലും ഉദാരവത്ക്കരണത്തിലും മാത്രം നമ്മുടെ ശ്രദ്ധ ഒതുങ്ങിനിന്നു. ആഭ്യന്തരരംഗത്ത് ഉദാരവത്ക്കരണം നടപ്പാക്കാതെ ആഗോളവത്ക്കരണത്തിന് അമിതപ്രാധാന്യം നല്‍കി.

സാമ്പത്തിക പരിഷ്‌കരണത്തിന് അവശ്യം വേണ്ട ഘടനാപരമായ മാറ്റവും ഉണ്ടായില്ല. സാമ്പത്തിക പരിഷ്‌കരണം പൂര്‍ണ്ണതയില്‍ എത്തിക്കുക എന്നതാണ് നരേന്ദ്രമോദിയുടെ നയം. ജന്‍ധന്‍ മുതല്‍ ജിഎസ്ടി വരെയുള്ള പരിഷ്‌കാരങ്ങള്‍ ഈ ദിശയിലുള്ളതാണ്. സ്ഥിരതയുള്ള പണപ്പെരുപ്പനിരക്ക്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പുനഃക്രമീകരണം, ഏക നികുതിഘടന, സ്വതന്ത്രവിപണി, പൊതു-സ്വകാര്യ-വ്യക്തിഗത പങ്കാളിത്തമുള്ള വികസനം എന്നിവയാണ് രാജ്യസമൃദ്ധിക്ക് ആവശ്യം.

ഇതിനായി രണ്ടാം മോദിസര്‍ക്കാര്‍ ഒരു നൂറുദിന കര്‍മ്മപദ്ധതി മുന്നോട്ട് വച്ചു. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമായാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചത്. 'നമുക്ക് ഒരുമിച്ച് ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കാം', എന്നാണ് പുതിയ എംപിമാരോട് പ്രധാനമന്ത്രി പറഞ്ഞത്. എല്ലാ മന്ത്രാലയങ്ങളും ആഗസ്റ്റില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ തയ്യാറാക്കണം. നല്ല തുടക്കം, പകുതി ജോലി എളുപ്പമാകുമെന്നതാണ് സര്‍ക്കാര്‍ നയം.  

നൂറുദിന പരിപാടിയില്‍ പ്രാധാന്യം ലഭിച്ചത് കാര്‍ഷിക പ്രതിസന്ധിക്കാണ്. 'കിസാന്‍ സമ്മാന്‍ നിധി' എല്ലാവിഭാഗം കര്‍ഷകര്‍ക്കുമായി വ്യാപിപ്പിച്ചു. കര്‍ഷകര്‍ക്കും, ചെറുകിട വ്യാപാരികള്‍ക്കും  മാസംതോറും 3,000 രൂപ പെന്‍ഷന്‍ പദ്ധതി. സായുധ സേനാംഗങ്ങളുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ്തുക വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചു. 

ആഗോള സാമ്പത്തിക മാന്ദ്യത്തിലും സമ്പദ്‌വ്യവസ്ഥയെ തകരാതെ നോക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു. പണപ്പെരുപ്പം 2.8 ശതമാനത്തില്‍ ഏതാണ്ട് സ്ഥിരമായി നില്‍ക്കുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 0.35 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് കര്‍ഷകര്‍ക്ക് ദോഷകരമാണ്, ഇത് പരിഹരിക്കാനാണ് കര്‍ഷകര്‍ക്കുള്ള പുതിയ പദ്ധതികള്‍. ഭാരതത്തെ സംബന്ധിച്ച് സാമ്പത്തിക വളര്‍ച്ചയേക്കാള്‍ പ്രധാനം പണപ്പെരുപ്പം നിയന്ത്രിക്കുകയാണെന്ന് വിദഗ്ദ്ധ അഭിപ്രായമുണ്ട്. മേഘനാഥ് ദേശായ്, ജഗദീശ് ഭഗവതി, ഗീത ഗോപിനാഥ് തുടങ്ങിയവര്‍ ഈ പക്ഷത്താണ്.  

അടിസ്ഥാന വികസനം വേഗത്തിലാക്കാന്‍ 'ടാര്‍ജറ്റ്' പുതുക്കി നിശ്ചയിച്ചിരിക്കുന്നു. നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന  ഹൈവേകളുടെ നീളം 1.5 ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷം കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. ഗ്രാമീണ റോഡ് പദ്ധതിക്കും ഊന്നല്‍ നല്‍കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റികളുടെ എണ്ണം 100ല്‍നിന്ന് 300 ആയി വര്‍ദ്ധിപ്പിക്കും. പ്രധാന നഗരങ്ങള്‍ കേന്ദ്രമാക്കി ചെറുനഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലസ്റ്ററുകളുടെ നിര്‍മ്മാണം മറ്റൊരു ആശയമാണ്. ഒന്നാം മോദിസര്‍ക്കാരിലെ നല്ല പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ നിതിന്‍ ഗഡ്കരിക്കാണ് ഇതിന്റെ ചുമതല. ഉപരിതല ഗതാഗതവകുപ്പും എംഎസ്എംഇ വകുപ്പും സംയോജിപ്പിച്ച് അദ്ദേഹത്തിന്റെ കീഴിലാക്കി. 

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദീര്‍ഘപദ്ധതികള്‍ ആവശ്യമാണ്. വികസനത്തോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടണം. സ്വകാര്യവ്യവസായങ്ങളോടുള്ള വിപ്രതിപത്തിയും മാറ്റിയെടുക്കണം. ഇത് ഒരു മാതൃകാവ്യതിയാനം ആയിരിക്കും. എംജിഎന്‍ആര്‍ഇജിഎസ് പദ്ധതികളില്‍ ഗ്രാമങ്ങളെപ്പോലെ നഗരങ്ങളെയും ഉള്‍പ്പെടുത്താനും നീക്കമുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 'സ്‌കില്‍ഡ്' തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്താന്‍ ഒന്നാം മോദിസര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തിയിരുന്നു.

പട്ടികജാതി-വര്‍ഗ്ഗ മന്ത്രാലയം, വിദ്യാഭ്യാസത്തിനും ജീവനമാര്‍ഗ്ഗം ലഭ്യമാക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കും. ഗ്രാമങ്ങളില്‍ നഗരസൗകര്യം എത്തിക്കുക എന്നത് മോദിയുടെ മറ്റൊരു ആശയമാണ്. അദ്ദേഹം ഇതിനെ റൂര്‍ബന്‍ എന്നാണ് വിളിച്ചത്. സര്‍ക്കാര്‍ 'ദേശീയ റൂര്‍ബന്‍ മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കും. എക്‌സ്‌പെന്‍ഡിച്ചര്‍ ഫൈനാന്‍സ് കമ്മിറ്റിയുടെ ക്ലിയറന്‍സ് ലഭിച്ച 12500 കി.മീറ്റര്‍ ലിങ്ക് റോഡുകള്‍ നഗരങ്ങളെ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കും. 

2019-ലെ പ്രകടനപത്രികയില്‍ പ്രതിരോധരംഗത്ത് 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി വരുന്നതിനെപ്പറ്റി സൂചനയുണ്ട്. സ്വകാര്യമേഖലയ്ക്കും ഇതില്‍ പങ്കാളിത്തം നല്‍കും. മനോഹര്‍ പരീക്കര്‍ മന്ത്രിയായിരിക്കെ പ്രതിരോധരംഗത്തെ തന്ത്രപ്രധാന ആവശ്യങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പനികളെ ആദ്യം പരിഗണിക്കാന്‍ ശ്രമിച്ചിരുന്നു. മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ബൃഹദ്പദ്ധതി, നാവികസേന ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍, കവചിത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവയ്ക്ക് ഓര്‍ഡറുകള്‍ ക്ഷണിച്ചു. പരമ്പരാഗത മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ 'മസഗോണ്‍ ഡോക് ലിമിറ്റഡി'നും ഹെലികോപ്റ്ററുകള്‍ക്ക് എച്ച്എഎല്ലിനും (റഷ്യയിലെ കമോവുമായുള്ള സംയുക്തസംരംഭം) ആണ് ഓര്‍ഡര്‍ നല്‍കിയത്. റഫാല്‍ യുദ്ധവിമാന കരാറിനെതിരെയുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ തീരുമാനത്തിന് പ്രസക്തിയുണ്ട്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ സ്വകാര്യ മേഖലയ്ക്കും അവസരമുണ്ട്. 

ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ മാത്രമല്ല, ഇന്ത്യന്‍ കമ്പനികള്‍ വിദേശ കമ്പനികളെ ഏറ്റെടുക്കുന്നതും 'മെയ്ക്ക് ഇന്‍ ഇന്ത്യ'യില്‍ ഉള്‍പ്പെടും. സാങ്കേതിക വിദ്യ കൈമാറാന്‍ മടിക്കുന്ന വിദേശകമ്പിനികളെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഓഫ് സെറ്റ് കരാറുകള്‍. (ടാറ്റ ജാഗ്വറും, ലാന്‍ഡ് റോവറും ഏറ്റെടുത്തത് ഉദാഹരണം).

ഇ-കൊമേഴ്‌സ് രംഗമാണ് അടിയന്തരശ്രദ്ധ പതിയേണ്ട മറ്റൊരു മേഖല. അമേരിക്കയിലെ 'ആമസോണ്‍' ചൈനയുടെ 'ആലിബാബ' എന്നിവയാണ് ഈ രംഗത്തെ ഭീമന്മാര്‍. എന്നാല്‍ 2008ല്‍ മാത്രം തുടങ്ങിയ 'ഫ്‌ളിപ്കാര്‍ട്ട്', 'സ്‌നാപ്ഡീല്‍' തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും 'സൊമാറ്റോ' എന്ന ഭക്ഷണവിതരണ കമ്പനിയും ഇരുപതിലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തനത്തിലുണ്ട്. കൂടുതല്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ ഈ രംഗത്ത് ഉണ്ടാവണം. 

മൈക്രോസോഫ്റ്റും ഗൂഗിളും ശക്തരായ രണ്ട് കോര്‍പ്പറേറ്റുകളാണ്. രണ്ടിന്റെയും സിഇഒമാര്‍ ഭാരതീയരാണ്. സത്യന്‍ നഡേലയും സുന്ദര്‍ പിച്ചൈയും. 'സിലിക്കന്‍ വാലി'യിലെ 15% സ്റ്റാര്‍ട്ട്അപ്പ് പദ്ധതികളും ഇന്ത്യക്കാരുടെതാണ്. എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു സിലിക്കണ്‍ വാലി ഉണ്ടാകുന്നില്ല?' മോദി ചോദിച്ചു. നമുക്ക് 22 ഐഐടികള്‍ ഉണ്ട്. എന്നിട്ടും ശാസ്ത്ര ഗവേഷണത്തിന് ജിഡിപിയുടെ 0.8% മാത്രമാണ് ചെലവാക്കുന്നത്. ചൈനയാകട്ടെ 2.8%. ചൈന ലോകത്തിന്റെ ഫാക്ടറി എങ്കില്‍ ഭാരതം അതിന്റെ ബാക് ഓഫീസാണെന്ന് പറയാറുണ്ട്. മോദിയും സീ ജിന്‍ പിങ്ങും പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിനാല്‍ 'പുതിയ ഭാരതം' നവസംരംഭകരുടേതാകണം. നിയന്ത്രണങ്ങള്‍ ഒഴിവാക്കി, ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ തുക നീക്കിവെച്ച്, ആഭ്യന്തര വിപണിയെ സജീവമാക്കിയും നമുക്ക് ഇത് സാധിക്കാം. ബെംഗ്ലൂരില്‍ നിന്ന് 400 കി.മീ. അകലെ 'ധാര്‍വാറി'ല്‍ ഭാരതത്തിന്റെതായ ഒരു 'സിലിക്കണ്‍ വാലി' തുടങ്ങുമെന്ന വാഗ്ദാനം നരേന്ദ്രമോദി നല്‍കുകയുണ്ടായി. 

നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങളോട് നിശ്ചയിച്ച പദ്ധതികളുടെ ടെന്‍ഡര്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദശിച്ചിരിക്കുന്നു. 1.32 ലക്ഷം കോടിയുടെ വിവിധ ടെന്‍ഡറുകള്‍ ജൂണ്‍ 25ന് അകം 1.5 ലക്ഷം കോടിയായി വര്‍ദ്ധിപ്പിച്ച് വീണ്ടും ടെന്‍ഡര്‍ ചെയ്യണം. എല്ലാ മന്ത്രിമാരോടും ആഗസ്റ്റുവരെയുള്ള അജന്‍ണ്ട തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിശ്രമത്തിന്റെയെല്ലാം ലക്ഷ്യം 'വികസനം, സാമൂഹ്യക്ഷേമം' എന്നിവയാവും. 

(ബിജെപി സംസ്ഥാനസമിതി അംഗവും ഫാക്ട് ഡയറക്ടറുമാണ് ലേഖകന്‍) 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.