പ്ലാറ്റിനത്തിന് പ്രിയമേറുന്നു

Saturday 8 June 2019 3:27 am IST

കൊച്ചി: വിവാഹാഭരണ മേഖലയില്‍ പ്ലാറ്റിനത്തിന് പ്രിയമേറുന്നതായി പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണലിന്റെ (പിജിഐ) 2019-ലെ പ്ലാറ്റിനം ജ്വല്ലറി ബിസിനസ് റിവ്യു. വിവാഹാഭരണമേഖലയില്‍ പ്ലാറ്റിനത്തിന്റെ സ്വാധീനം വര്‍ധിച്ചു. പ്ലാറ്റിനത്തിന് 2019-ല്‍ 15-20 % വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് പിജിഐ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വൈശാലി ബാനര്‍ജി പറഞ്ഞു.

ആയിരത്തിലേറെ നിര്‍മാതാക്കളും റീട്ടെയ്‌ലര്‍മാരും അത്രതന്നെ ഉപഭോക്താക്കളും പങ്കെടുത്ത സര്‍വെയുടെ അടിസ്ഥാനത്തിലാണ് റിവ്യു. 

നീല്‍സണ്‍ സര്‍വെയില്‍ 18-65 പ്രായപരിധിയില്‍പെട്ട ഉപഭോക്താക്കളാണ് പങ്കെടുത്തത്. നാലു പ്രധാന പ്ലാറ്റിനം ആഭരണ വിപണികളായ ഇന്ത്യ, ജപ്പാന്‍, ചൈന, യുഎസ്എ എന്നീ രാജ്യങ്ങളില്‍ 2018-ല്‍ പ്ലാറ്റിനം വ്യാപാരം ശക്തമായ പ്രകടനം കാഴ്ചവച്ചെന്നാണ് റിപ്പോര്‍ട്ട്. ആളോഹരി പ്ലാറ്റിനം ഉപഭോഗത്തില്‍ ജപ്പാനാണ് മുന്നില്‍. പ്രതിവര്‍ഷം റീട്ടെയ്ല്‍ വില്‍പ്പന ഒരു ശതമാനം വീതം വര്‍ധനവ് രേഖപ്പെടുത്തുന്നു. 

ഇന്ത്യയിലെമ്പാടും സാന്നിധ്യം വ്യാപിപ്പിച്ചപ്പോള്‍ പ്ലാറ്റിനം ഒരു നിര്‍ണായക ഘടകമാണെന്ന് തങ്ങള്‍ക്കു ബോധ്യപ്പെട്ടതായി കല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണ രാമന്‍ പറഞ്ഞു. 

ഗ്രാമങ്ങളിലും പ്ലാറ്റിനം ആഭരണങ്ങളോടുള്ള ആഭിമുഖ്യം വര്‍ധിക്കുന്നു. പുരുഷന്മാര്‍ക്കായി കൂടുതല്‍ പ്ലാറ്റിനം ആഭരണങ്ങള്‍ ഉണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇന്‍ഡോറില്‍ 2018-ല്‍ പ്ലാറ്റിനം മേഖലയുടെ വളര്‍ച്ച 35 % ആയിരുന്നു. 2019-ന്റെ ആദ്യപാദം തന്നെ 30 % വളര്‍ച്ചയിലെത്തി. 2019-ല്‍ 50-60 % വളര്‍ച്ച നേടുമെന്നാണ് ഇന്‍ഡോറിലെ വ്യാപാരികളുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.