ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍

Saturday 8 June 2019 3:33 am IST

നീണ്ടകര: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 രാത്രി 12 മണി വരെ 52 ദിവസമാണ് ഇക്കുറി ട്രോളിങ് നിരോധനം. കൊല്ലം ജില്ലയിലെ ട്രോളിങ് നിരോധനം ഔദ്യോഗികമായി തുടങ്ങുന്നത് നീണ്ടകരയില്‍ ആണ്.

കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ള ട്രോളിങ് ബോട്ടുകള്‍ തിരികെയെത്താന്‍ നിര്‍ദേശം നല്‍കും. കരയിലും കടലിലും നിരോധനം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ നല്‍കും. ബോട്ടുകള്‍ മുഴുവന്‍ നീണ്ടകര പാലത്തിന് കിഴക്കുവശത്തേക്ക് മാറ്റും. രാത്രി 12ന് ചങ്ങല താഴിട്ട് പൂട്ടുന്നതോടെ ട്രോളിങ് നിരോധനം നിലവില്‍ വരും. പരമ്പരാഗത വള്ളങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും വിധമാകും ചങ്ങലകള്‍ ബന്ധിക്കുക. ജൂലൈ 31ന് രാത്രി 12ന് ചങ്ങല തുറക്കുന്നതോടെ ട്രോളിങ് നിരോധനം അവസാനിക്കും.

കൊല്ലം, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ബോട്ടുകള്‍ സജ്ജീകരിക്കും. ഗോവയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്ന് പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ലൈഫ്ഗാര്‍ഡ് സേവനവും ലഭ്യമാക്കുമെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഇനി 52 നാള്‍ തീരത്ത് വറുതിയുടെ നാളുകളാകും. തുടര്‍ന്ന് വരുന്ന വലിയ ചാകര കൊയ്ത്തിനായുള്ള കാത്തിരിപ്പിലാണ് കടലിന്റെ മക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.